വില കുറഞ്ഞ ആരോപണങ്ങളാണ് കെസിബിസി ഉന്നയിക്കുന്നതെന്നും ഇത്തരം ഉടായിപ്പുകള്‍ ജനം തിരിച്ചറിയും; കെസിബിസിയക്ക് മറുപടിയുമായി സംവിധായകൻ ജിയോ ബേബി!!

ജിയോ ബേബിയുടെ സംവിധാനത്തിൽ പുറത്തെത്തിയ കാതൽ ദ കോർ സിനിമയ്ക്ക് മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം നൽകിയതിനെതിരെ കെസിബിസി രംഗത്തെത്തിയിരുന്നു.

ഇതിലൂടെ സർക്കാർ സമൂഹത്തിന് നൽകുന്ന സന്ദേശം എന്താണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കെസിബിസി ജാഗ്രതാ സമിതി ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടത്.

ഇപ്പോഴിതാ കെസിബിസിയക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ജിയോ ബേബി. വില കുറഞ്ഞ ആരോപണങ്ങളാണ് കെസിബിസി ഉന്നയിക്കുന്നതെന്നും ഇത്തരം ഉടായിപ്പുകള്‍ ജനം തിരിച്ചറിയുമെന്നും ജിയോ ബേബി പറഞ്ഞു.

ജിയോബേബിയുടെ വാക്കുകൾ ഇങ്ങനെ:- ‘ഇത്തരം വിലകുറഞ്ഞ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ എനിക്ക് താല്‍പര്യവുമില്ല, സമയവുമില്ല. വിശ്വാസികളെ കൂടെ നിര്‍ത്താന്‍ ഇങ്ങനെയുള്ള ഉടായിപ്പുകളുമായി ഇറങ്ങിയാല്‍ അത് ജനം തിരിച്ചറിയും,’ ജിയോ ബേബി പറഞ്ഞു.

മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ‘മഴവില്‍ക്കണ്ണിലൂടെ മലയാള ചലച്ചിത്രം’ രചിച്ച കിഷോര്‍ കുമാറിന്റെ ജീവിതത്തെയും മരണത്തെയും കൂടി ജിയോ ബേബി ഓര്‍മപ്പെടുത്തി.

എല്‍ജിബിടിക്യുഎ കമ്മ്യൂണിറ്റി അംഗമായിരുന്നു കിഷോര്‍ കുമാര്‍. ലൈംഗിക ന്യൂനപക്ഷമായ മനുഷ്യര്‍ക്ക് സാധാരണജീവിതം പോലും സാധ്യമല്ലെന്നും അത് എന്തുകൊണ്ടാണെന്ന് കെ.സി.ബി.സി ചിന്തിക്കണമെന്നും ജിയോ ബേബി പറഞ്ഞു.

Athira A :