ആന്‍ജിയോഗ്രാം ചെയ്തപ്പോള്‍ മൂന്ന് ബ്ലോക്ക്, അടിയന്തിരമായി ആഞ്ജിയോ പ്ലാസ്റ്റി; ഇടവേളയും ഫുള്‍ സ്‌റ്റോപ്പും ഒക്കെ ഏത് നിമിഷവും കടന്നു വരാം; ഡോ. ബിജു

താന്‍ ആശുപത്രിയിലായി വിവരം പങ്കുവച്ച് സംവിധായകന്‍ ഡോ. ബിജു. തന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് സംവിധായകന്‍ പങ്കുവച്ച പോസ്റ്റ് ചര്‍ച്ചയായിരിക്കുകയാണ്. എണീറ്റപ്പോള്‍ നെഞ്ചിന് ഒരു ഭാരം പോലെ, ആന്‍ജിയോഗ്രാം ചെയ്തപ്പോള്‍ മൂന്ന് ബ്ലോക്ക്. ആശുപത്രിവാസം കഴിഞ്ഞ് ഒന്നര മാസമായി വീട്ടില്‍ വിശ്രമിക്കുകയായിരുന്നു എന്നാണ് ബിജു പറയുന്നത്. തന്റെ ചിത്രങ്ങള്‍ അടക്കം പങ്കുവച്ചാണ് ഡോ. ബിജുവിന്റെ പോസ്റ്റ്.

ഡോ. ബിജുവിന്റെ കുറിപ്പ്:

വീണ്ടും സാധാരണ ജീവിതത്തിലേക്ക്. ഒന്നര മാസം മുമ്പ് അപ്രതീക്ഷിതമായി ഹൃദയ സംബന്ധമായ ഒരു അസുഖം. ഒരു യാത്ര പോകാനായി വെളുപ്പിനെ എണീറ്റപ്പോള്‍ നെഞ്ചിന് ഒരു ഭാരം പോലെ. യാത്ര റദ്ദു ചെയ്തു പെട്ടന്ന് അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയില്‍ എത്തി. എല്ലാ പരിശോധനകളും നടത്തി. ഇസിജിയും എക്കോയും ഒക്കെ നോര്‍മല്‍.

അടുത്ത ഏതാനും ദിവസത്തിനുള്ളില്‍ പപ്പുവ ന്യൂ ഗിനിയയിലേക്ക് ഒരു ദീര്‍ഘ യാത്ര ഉള്ളത് അറിഞ്ഞപ്പോള്‍ കാര്‍ഡിയാക് സര്‍ജന്‍ ഡോ ചന്ദ്ര മോഹന്‍ പറഞ്ഞു ഏതായാലും യാത്ര ഒക്കെ ഉള്ളത് അല്ലേ നമുക്ക് വെറുതെ ഒരു ആഞ്ജിയോഗ്രാം ചെയ്തു നോക്കാം.

കുഴപ്പം ഒന്നും ഇല്ലെന്നു ഉറപ്പിക്കാമല്ലോ. കുഴപ്പം ഒന്നുമില്ലെങ്കില്‍ ഉച്ചയ്ക്ക് മുന്‍പേ വീട്ടില്‍ പോകാം. ആന്‍ജിയോഗ്രാം ചെയ്തപ്പോള്‍ ദാ മൂന്ന് ബ്ലോക്ക്. അടിയന്തിരമായി ആഞ്ജിയോ പ്ലാസ്റ്റി ചെയ്യാമെന്ന് ഡോക്ടര്‍ അറിയിച്ചു.

മൂന്ന് ബ്ലോക്കും നീക്കി മൂന്ന് സ്‌റ്റെന്റ് ഇട്ടു. ഒരു ദിവസത്തെ ഐസിയു ഉള്‍പ്പെടെ മൂന്ന് ദിവസത്തെ ആശുപത്രി വാസം. തുടര്‍ന്ന് സന്ദര്‍ശകരെ ഒട്ടുമേ അനുവദിക്കരുത് എന്ന ഡോക്ടറുടെ കര്‍ശന നിര്‍ദ്ദേശത്തോടെ ഒന്നര മാസത്തെ പരിപൂര്‍ണ്ണ വിശ്രമം.

വീട്ടില്‍ ബേബിയുടെ (വിജയശ്രീ) പൂര്‍ണ്ണ നിയന്ത്രണത്തിലും ചിട്ടയിലും ഒന്നര മാസം വിശ്രമം. വായന, പപ്പുവ ന്യൂ ഗിനിയ സിനിമയുടെ ഓണ്‍ലൈന്‍ കോ ഓര്‍ഡിനേഷന്‍ ചര്‍ച്ചകള്‍, ഉറക്കം, മരുന്നുകള്‍..

ഒന്നര മാസത്തിനു ശേഷമുള്ള ചെക്ക് അപ് കഴിഞ്ഞപ്പോള്‍ ചില ചെറിയ ചെറിയ നിബന്ധനകളോടെ ജീവിതം സാധാരണ നിലയിലേക്ക് പോകാമെന്നു ഡോക്ടര്‍. ഇപ്പോള്‍ വീണ്ടും ജോലിക്ക് കയറി.. ജീവിതം അവിചാരിതമായ ഒരു ചെറിയ തടസ്സത്തിനു ശേഷം വീണ്ടും മുന്നോട്ട്.. എത്രമേല്‍ അനിശ്ചതത്വം നിറഞ്ഞതാണ് നമ്മുടെ ഒക്കെ ഈ ജീവിതം…ഇടവേളയും ഫുള്‍ സ്‌റ്റോപ്പും ഒക്കെ ഏത് നിമിഷവും കടന്നു വരാവുന്ന ഒരു തിരശീല മാത്രമാണല്ലോ നമ്മള്‍..

Vijayasree Vijayasree :