ഒരു കാലത്ത് മോഹൻലാലിനെയും മമ്മൂട്ടിയെയും വച്ച് കൂടുതൽ സിനിമ ചെയ്ത നിർമാതാവ് ഗാന്ധിമതി ബാലനെ അനുസ്മരിച്ച് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. വരുമാനം പ്രതീക്ഷിക്കാതെ കലാമൂല്യമുള്ള സിനിമകൾ മലയാളത്തിന് നൽകിയ അനുഗ്രഹീതനിർമാതാവായിരുന്നു അദ്ദേഹമെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഉപാധികളില്ലാതെ സൗഹൃദങ്ങൾ കാത്തുസൂക്ഷിച്ചയാളാണ് ബാലനെന്നും ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു. ഗാന്ധിമതി ബാലൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളത്തിലെ മികച്ച സിനിമകളുടെ പട്ടികയിലുള്ള പഞ്ചവടിപ്പാലം, തൂവാനത്തുമ്പികൾ, മൂന്നാംപക്കം, സുഖമോ ദേവി, നൊമ്പരത്തിപ്പൂവ്, മാളൂട്ടി തുടങ്ങിയ ചിത്രങ്ങൾ നിർമിച്ച കമ്പനിയാണ് ഗാന്ധിമതി ഫിലിംസ്. 1990ൽ പുറത്തിറങ്ങിയ ഈ തണുത്ത വെളുപ്പാൻ കാലത്ത് ആണ് ഗാന്ധിമതിയുടെ അവസാന സിനിമ.
ഇവൻറ്സ് ഗാന്ധിമതി എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനി ഉടമ കൂടിയായ ഗാന്ധിമതി ബാലൻ, 2015 നാഷനൽ ഗെയിംസ് ചീഫ് ഓർഗനൈസർ ആയിരുന്നു. ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
63–ാം വയസ്സിൽ ആലിബൈ ഗ്ലോബൽ കമ്പനി എന്ന പേരിൽ സൈബർ ഫൊറൻസിക് സ്റ്റാർട്ടപ് കമ്പനി സ്ഥാപിച്ചിരുന്നു. കിലുക്കത്തിനും സ്ഫടികത്തിനും ആദ്യവസാനം നിന്ന് നിർമ്മാതാവിനു വേണ്ടി സിനിമയിലെ സർവ ജോലികളും ചെയ്ത് ആദ്യ പ്രിന്റ് വരെ എത്തിച്ചതും ബാലനാണ്. മലയാളം സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ ബാലൻ, അമ്മ ഷോ എന്ന പേരിൽ നിരവധി താരനിശകൾ സംഘടിപ്പിച്ചിട്ടുണ്ട്.