സി.ഐ.ഡിയിലൂടെ ശ്രദ്ധേയനായ നടന്‍ ദിനേശ് ഫഡ്‌നിസ് അന്തരിച്ചു

സി.ഐ.ഡി എന്ന പ്രശസ്ത പരമ്പരയിലൂടെ ശ്രദ്ധേയനായ നടന്‍ ദിനേശ് ഫഡ്‌നിസ് (57) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ 12:08 ന് മുംബൈയിലെ തുംഗ ആശുപത്രിയിലായിരുന്നു അന്ത്യം. ഗുരുതരമായ കരള്‍ രോഗത്തേത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഒന്നിലേറെ ആന്തരികാവയവങ്ങള്‍ തകരാറിലായിരുന്ന അദ്ദേഹത്തിന്റെ വെന്റിലേറ്റര്‍ സംവിധാനം കഴിഞ്ഞദിവസം രാത്രി നീക്കിയിരുന്നു.

സി.ഐ.ഡി എന്ന പരമ്പരയിലെ ഫ്രെഡറിക്‌സ് എന്ന കഥാപാത്രമാണ് ദിനേശ് ഫഡ്‌നിസിനെ പ്രശസ്തിയിലേക്കുയര്‍ത്തിയത്. രണ്ടുപതിറ്റാണ്ടായി ഈ പരമ്പരയുടെ ഭാഗമാണ് അദ്ദേഹം.

സി.ഐ.ഡിക്ക് പുറമേ താരക് മേഹ്താ കാ ഉള്‍ട്ടാ ചഷ്മാ എന്ന ടെലിവിഷന്‍ ഷോയില്‍ കാമിയോ വേഷത്തിലും ദിനേശ് ഫഡ്‌നിസ് എത്തിയിട്ടുണ്ട്.ഈ മാസം ഒന്നിനാണ് ദിനേശ് ഫഡ്‌നിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സഹതാരമായ ദയാനന്ദ് ഷെട്ടിയാണ് പിന്നീട് ഫഡ്‌നിസിന്റെ ആരോഗ്യവിവരങ്ങള്‍ അറിയിച്ചുകൊണ്ടിരുന്നത്.

Vijayasree Vijayasree :