ലഹരി ഉപയോഗിച്ച് സെറ്റിൽ എത്തിയ പ്രമുഖ നടനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി വിൻസി അലോഷ്യസ് പറഞ്ഞത് വലിയ വാർത്തയായിരുന്നു. ലഹരി ഉപയോഗമുള്ള സിനിമ സെറ്റുകളിൽ ഇനി മുതൽ സഹകരിക്കില്ലെന്നും നടി പറഞ്ഞിരുന്നു. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഒരു ലഹരി വിരുദ്ധ ക്യാമ്പയിനിൽ പങ്കെടുക്കുന്നതിനിടയിലാണ്, എൻറെ അറിവിൽ ലഹരി ഉപയോഗിക്കുന്നവരുമായി ഇനി സിനിമ ചെയ്യില്ല എന്ന് പ്രസ്‌താവിച്ചത്. പിന്നാലെ വലിയ വിവാദമാണ് ഉണ്ടായത്. ഇപ്പോഴിതാ ഈ വിഷയത്തിൽ സംസാരിക്കുകയാണ് ശാന്തിവിള ദിനേശ്.
ഈ പ്രശ്‌നത്തിൽ നഷ്ടം വരുന്നത് വിൻ സി അസോഷ്യസിന് മാത്രമായിരിക്കും. വലിയും കുടിയും ഉളള ഒരുത്തന്റെ സിനിമയിലേക്ക് ഇനി ഈ കുട്ടിയെ വിളിക്കില്ല. സംസ്ഥാന അവാർഡൊക്കെ വാങ്ങിയ നടിയാണ് അവർ.
ഈ തുറന്ന് പറച്ചിലിൽ ഷൈൻ ടോം ചാക്കോയ്ക്ക് ഒരു നഷ്ടവും വരില്ല. കാരണം ഒരു പടം ഓടിയാൽ അടുത്ത പടത്തിന് കോടികൾ ചോദിക്കുന്ന ആളല്ല അയാളെന്നാണ് പറയുന്നത്. പൈസക്ക് വേണ്ടി വാശി പിടിക്കുന്ന ആളല്ല. സെറ്റിൽ കൃത്യസമയത്ത് വരുന്ന ആളാണ്. സെറ്റിൽ നന്നായി പെരുമാറുന്ന ആളാണ്. നന്നായി അഭിനയിക്കുന്ന ആളാണ്.
അങ്ങനെ ഒരാൾക്ക് നഷ്ടം വരാൻ സാധ്യത ഇല്ല. കാരണം അയാളെ മലയാള സിനിമയ്ക്ക് ആവശ്യമുണ്ട്. കുറുപ്പ് പോലൊരു പടത്തിൽ ദുൽഖറിനേക്കാളും മനോഹരമായിട്ട് അഭിനയിച്ചത് അയാളാണ്. അയാളെ സിനിമയ്ക്ക് ആവശ്യമുണ്ട്. തുറന്ന് പറച്ചിൽ കൊണ്ട് നഷ്ടം വിൻസിമാർക്ക് ആയിരിക്കും. അവരെ വിളിച്ച് അഭിനയിപ്പിച്ചാൽ, പത്ത് ദിവസങ്ങൾക്ക് ശേഷം നമ്മളെ കുറിച്ച് എന്തെങ്കിലും പറയാൻ സാധ്യതയുണ്ട് എന്ന് കരുതി അവരെ വിളിക്കാതിരിക്കാനാണ് സാധ്യത.
കേരളം മുഴുവൻ പിന്തുണച്ച ആളായിരുന്നു ദിലീപ് കേസിലെ അതിജീവിത. തേനും പാലും ഒഴുക്കിയാണ് മലയാള സിനിമ അവർക്ക് വേണ്ടി സംസാരിച്ചത്. സകല പെണ്ണുപിടിയന്മാരും സഹോദരി.. മോളെ.. നിനക്ക് ഞങ്ങളുണ്ട് പിന്തുണ എന്നൊക്കെ പറഞ്ഞു. അതായത് സിനിമാ ഇൻഡസ്ട്രി മുഴുവൻ നിന്നോടൊപ്പമാണ് എന്നൊക്കെയാണ് പറഞ്ഞത്. മോളേ, പെങ്ങളേ വന്നേ ഞങ്ങളുണ്ട് എന്നൊക്കെ പറഞ്ഞ്. അവർ സഹകരിപ്പിച്ചിരുന്നുവെങ്കിൽ മലയാള സിനിമയിലെ ഏറ്റവും തിരക്കുളള നായിക ആ പെൺകുട്ടി ആയേനെ. അവർ ഈ കേസിന് ശേഷമുളള 6 വർഷം എത്ര സിനിമയിൽ അഭിനയിച്ചു എന്നൊന്ന് അന്വേഷിച്ച് നോക്കണം. ഒരുത്തനും വിളിച്ചില്ല. പിന്തുണച്ചവരൊക്കെ ആ വഴി അങ്ങ് പോയി. വിൻസിമാർക്കും അതുണ്ടാകാനാണ് സാധ്യത.
അല്ലെങ്കിൽ ബി ഉണ്ണിക്കൃഷ്ണൻ അടക്കമുളളവർ എടുക്കുന്ന അടുത്ത പത്ത് പടത്തിലേക്ക് വിൻ സിയെ ബുക്ക് ചെയ്യട്ടെ അവർ. നേരെ വാ നേരെ പോ എന്ന് ജീവിക്കുന്ന, നന്നായി അഭിനയിക്കുന്ന പെൺകുട്ടിയാണ്, അവൾക്ക് ഞങ്ങൾ അവസരം കൊടുക്കും എന്ന് പറയട്ടെ. പറയില്ല. അതുകൊണ്ട് തന്നെ നഷ്ടം വിൻസിക്ക് തന്നെയാണ്. സെറ്റിൽ ലഹരി ഉപയോഗിക്കുന്ന നിരവധി പേരെ താൻ കണ്ടിട്ടുണ്ട്. പഴയ നടന്മാരിൽ പലരും മദ്യപിക്കാറുണ്ട്. എന്നാൽ ഷൂട്ടിംഗിനെ ബാധിക്കുന്ന രീതിയിൽ ഒന്നും ചെയ്യാറില്ലെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.