കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ എമ്പുരാൻ പുറത്തെത്തിയത്. എന്നാൽ ചിത്രത്തിന്റെ റിലീസിന് പിന്നാലെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ നിന്നും പലയിടത്ത് നിന്നുമായും ഉയർന്ന് വരുന്നത്. 17 ഭാഗങ്ങൾ വെട്ടിമാറ്റിയതിന് ശേഷമുള്ള എഡിറ്റഡ് വേർഷൻ കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയത്.
ഇപ്പോഴിതാ ഇത്തരം ചർച്ചകൾക്കിടെയും നടൻ ദിലീപ് പഴികേൾക്കുകയാണ്. പൃഥ്വിരാജ് കരിയറിൽ ഉയർന്ന് വരുന്ന സമയത്ത് മലയാള സിനിമയിലെ പ്രബലനാണ് ദിലീപ്. വലിയ സ്വാധീന ശക്തിയുള്ള ദിലീപ് പൃഥ്വിരാജിനെതിരെ നീക്കങ്ങൾ നടത്തിയെന്ന് സംസാരം വന്നു. ഇപ്പോൾ ഒരു വിഭാഗം ദിലീപ് വിഷയവും എടുത്തിടുന്നുണ്ട്. പ്രമുഖ സംഘപരിവാർ അനുകൂല പേജുകൾ അടക്കം ദിലീപിനെ ഒതുക്കിയത് പൃഥ്വിരാജ് ആണ് എന്ന തരത്തിലുള്ള പ്രചരണം അഴിച്ചുവിടുന്നു.
ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. മിമിക്രി വേദിയിൽ നിന്നും സഹസംവിധായകനായി മലയാള സിനിമ ലോകത്ത് എത്തിയ താരമാണ് ദിലീപെന്ന് എല്ലാവർക്കും അറിയാം.
തുടർ വിജയങ്ങളുടെ കാര്യത്തിൽ മറ്റേതൊരു നടനേക്കാളും വലിയ നേട്ടങ്ങളുള്ള ദിലീപ് സിനിമ സംഘടനകളിലും അതിശക്തനായി മാറി. ഇതിന് ഇടയിലാണ് നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് പ്രതിചേർക്കപ്പെടുന്നത്. തുടർന്നുണ്ടായ വിവാദങ്ങൾ താരത്തിന്റെ വ്യക്തി ജീവിതത്തിലും സിനിമ ജീവിതത്തിലും വലിയ സ്വാധീനം ചെലുത്തിയിരുന്നു. വിവാദങ്ങൾ കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോൾ പുറത്തിറങ്ങിയ രാമലീല വലിയ വിജയമായി. ദിലീപിന്റേതായി മലയാളികൾ ആഘോഷമാക്കിയ അവസാന ചിത്രവും രാമലീലയാണ്. പിന്നീടിങ്ങോട്ട് ഇറങ്ങിയ ചിത്രങ്ങൾക്കൊന്നും തന്നെ വളരെ മികച്ച സ്വീകാര്യത ലഭിച്ചിരുന്നില്ല.
ഇപ്പോൾ പൃഥ്വിരാജുമായി ബന്ധപ്പെട്ടും ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ പണ്ട് ഏഷ്നെന്റ് ന്യൂസ് ചാനലിൽ വൻ വീഴ്ച്ചകൾ എന്ന് ഒരു പ്രോഗ്രാം ഉണ്ടായിരുന്നു. ദീലിപിനേക്കാൾ വലിയ വൻവീഴ്ച മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ടോ?’ എന്ന ചോദ്യവുമായി മിഥുൻ എന്നയാൾ മൂവി സ്ട്രീറ്റ് എന്ന ഗ്രൂപ്പിൽ പങ്കുവെച്ച ചെറുകുറിപ്പ് ശ്രദ്ധേയമായി മാറുന്നത്.
കുറിപ്പിന് താഴെ ദിലീപിന് എന്ത് സംഭവിച്ചു, ദിലീപിന് മുമ്പ് മലയാള സിനിമ കണ്ട വൻ വീഴ്ചകൾ ഏതൊക്കെ എന്നത് സംബന്ധിച്ച് വിവിധ പ്രേക്ഷകർ തങ്ങളുടെ അഭിപ്രായങ്ങളും പങ്കുവെക്കുന്നുണ്ട്. ‘ആൾക്ക് പ്രായമായി.അതു മുഖത്തു നല്ലോണം അറിയാം.ഇനി മരംചുറ്റൽ ശരിയാകില്ല. ഇമോഷനൽ രംഗങ്ങളിൽ ദിലീപിന് മേൽക്കൈ ഉണ്ടെന്നത് എല്ലാവരും അംഗീകരിക്കുന്ന ഒരു വസ്തുതയാണ്. നെഗറ്റീവ് റോളിലും തിളങ്ങാം എന്ന് കമ്മാരനും തെളിയിച്ചു. പഴത്തൊലി കോമഡി എന്നെപ്പോലെയുള്ള ഡൈഹാർഡ് ദിലീപ് ഫാൻസ് പോലും ഇനി ഇഷ്ടപ്പെടില്ല എന്ന സത്യമാണ് ആദ്യം പുള്ളി തിരിച്ചറിയേണ്ടത്. ദിലീപിന് ഇനിയും സാധ്യതകൾ ബാക്കിയുണ്ട് എന്നുതന്നെ ഉറപ്പിച്ചു പറയുന്നു.’ എന്നാണ് സുബിൻ അടൂർ എന്നയാൾ കുറിച്ചത്.
എന്നാൽ പണ്ട് വിജയം ഉണ്ടാക്കിയത് ഒരു കിടു ടീമും അന്നത്തെ കോമഡി കൾച്ചറുംകൊണ്ടാണെന്നു മനസിലാക്കാതെ പിന്നെയും പിന്നെയും അതെ പാറ്റേണിൽ ഇറക്കുന്നതാണ് ദിലീപിന്റെ പ്രശ്നം എന്നാണ് ഷഹദ് എന്നയാൾ അഭിപ്രായപ്പെടുന്നത്. പഴയ ടീം ഇല്ലാത്തോണ്ട് ക്ലച്ച് പിടിച്ച പുതിയ ആളുകളെ കൊണ്ട് വന്നാലും കെമിസ്ട്രി ഓക്കേ ആവാതെ വർക്ക് ആവുന്നില്ല. രാമലീല ഒക്കെ നൈസ് ആയിരുന്നു അതുപോലെ ഉള്ള സ്ക്രിപ്റ്റ് കിട്ടിയാൽ ചാൻസുള്ള നടനാണ് ഇപ്പോഴും ദിലീപെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ദിലീപിന്റെ പ്രശ്നം എന്താണെന്ന് വെച്ചാൽ പണ്ടത്തെ പോലെ ദിലീപിന്റെ പടം അല്ലെ എന്ന് പറഞ്ഞു ഏത് കൂറ പടവും ഹിറ്റ് ആവുന്ന കാലം കഴിഞ്ഞു എന്ന് മനസിലാക്കാൻ പറ്റാത്തത് ആണ്. ദിലീപിന് മാത്രം അല്ല, ഇവിടെ ഒരു നടനും ഇപ്പോൾ മിനിമം ഗ്യാരണ്ടി ഇല്ല. ദിലീപിന്റെ സത്യനാഥനും പവിക്കുമൊക്കെ ഒരു കോടിക്ക് മുകളിൽ ഓപ്പണിങ് ഉണ്ട്. ചെറിയ സ്കെയിൽ പടങ്ങൾ ആയിട്ട് പോലും ഇത്തരം കളക്ഷൻ കിട്ടിയെങ്കിൽ അതിന്റെ അർത്ഥം ഇപ്പോഴും തിരിച്ചുവരവിനു സാധ്യത ഉണ്ട് എന്ന് തന്നെയാണ്. പക്ഷെ കോമാളി കളി കളിച്ചു ഇനി നിലനിൽക്കാൻ പറ്റില്ല. കോമഡി പടങ്ങൾ ആണെങ്കിൽ തന്നെ ടു കൺട്രിസ് ലെവൽ കണ്ടന്റ് വരണം. അല്ലാതെ പവിയൊക്കെ പോലെ പ്രഹസനം ആയിട്ട് വന്നിട്ട് ഒരു കാര്യവുമില്ല- എന്നാണ് രാഹുൽ ആർ എന്ന ഒരു ആരാധകന്റെ അഭിപ്രായപ്രകടനം.
ദിലീപിന്റെ സാധ്യതകൾ ഒരിക്കലും അവസാനിച്ചിട്ടില്ലെന്ന് അനൂജ് രാമകൃഷ്ണൻ എന്നയാളും അഭിപ്രായപ്പെടുന്നു. ട്രാക്ക് മാറ്റി പിടിച്ചാൽ സംഭവം ഇപ്പോഴും സെറ്റ് ആണ്. രാമലീല ഉദാഹരണം. കമ്മാര സംഭവം നാളെകളിൽ ഒരു പാഠപുസ്തകമായ സിനിമയാണ്. മലയാളത്തിൽ ഏറ്റവും കൂടുതൽ റിപീറ്റ് വാല്യു ഉള്ളതും പുള്ളിക്ക് തന്നെയാണ്. ദിലീപ് ചെയ്തു വെച്ച കൊമേഷ്യൽ സിനിമയിലെ വേഷ പകർച്ചകൾക്ക് പോലും മറ്റൊരു ഭാഷയിലും റീപ്ലെയിസ്മെന്റ് ഇല്ല. അവിടെയെല്ലാം വികലമായ അനുകരണങ്ങൾ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ദിലീപ്തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോഴും ടെൻഷൻ ഫ്രീ ആയി ഒന്ന് ചിരിക്കണം എങ്കിൽ യൂട്യൂബിൽ ദിലീപ് സിനിമകൾ തന്നെയാണ് ആശ്രയം. പൊളിറ്റിക്കൽ കറിച്ചട്ടി ഒന്നും ചിലപ്പോ ഉണ്ടാവില്ല.ലോജിക്കും ഉണ്ടാവില്ല. പക്ഷെ എന്റെ കുട്ടിക്കാലം മനോഹരമാക്കിയത് പുള്ളിയാണ്. വീഴ്ചയുടെ കാര്യം പറയാൻ ആണേൽ ചിരഞ്ജീവി വീണ അത്ര മേലെ നിന്ന് ആരും വീണിട്ടില്ലെന്നും അനൂജ് കൂട്ടിച്ചേർക്കുന്നു.
സിനിമയും ജനറേഷനും മാറിയത് മനസിലാകാതെ 2000 ടൈമിലെ തൻ്റെ തന്നെ പടങ്ങളിലെ പഴകിയ തറ കോമഡി വീണ്ടും ഇറക്കിയാൽ ജനം കയറുമെന്നുള്ള ആളുടെ കാഴ്ചപ്പാട് മാറാതെ ഒരു മാറ്റം ഉണ്ടാകില്ല. എന്തൊക്കെയായാലും ഇനി ആ പഴയ വിജയങ്ങൾ ഉണ്ടാകുമെന്ന് തോന്നുന്നില്ല. പഴയ ടൈപ്പ് പടം വർക്ക് ആകില്ല, കാരണം അത്രയും കോമഡി എഴുതാൻ കഴിവുള്ള ആളുകൾ ഇല്ല. പിന്നെ കൂടെ സപ്പോർട്ട് ആക്ടേർസ് ഇല്ല, പിന്നെ പുള്ളിയുടെ ഫേസ് ഒക്കെ മാറി, ഇപ്പോഴുള്ള താടി ലുക്ക് കൊള്ളാം അതിന് അനുസരിച്ചുള്ള സീരിയസ് റോളുകൾ, ഡിഫറെൻറ് സബ്ജെക്ട് ചെയ്തെ ക്ലിക് ആകും. ഭ ഭ ബ പ്രതീക്ഷ ഉണ്ട് അത് വർക്ക് ആയാൽ നോക്കാം എന്ന് അഭിപ്രായപ്പെടുന്നവരും നിരവധിയാണ്.
ഭ ഭ ബ പോസിറ്റീവ് ആണേൽ 100 കോടി ഒക്കെ ഈസി ആണെന്നാണ് ശ്രീനാഥ് എന്നയാളുടെ അഭിപ്രായപ്രകടനം. കേസിലെ പ്രതി എന്നൊക്കെ ഇവിടുത്തെ 4,3 7 അമ്മാവന്മാർ പറയുമെങ്കിലും പടം നല്ലതാണേൽ ആരും കേറും.. രാമലീല ഒക്കെ ദിലീപിന്റെ കേസിലെ പീക് ടൈമിൽ വന്ന പടമാണ്. എന്നിട്ടും ഇയർ ടോപ്പർ എങ്ങാനും അടിച്ചില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.
അതേസമയം, രതീഷ് ,ശങ്കർ, റഹ്മാൻ, ജയറാം, സുരേഷ് ഗോപി എന്നിവരെല്ലാം മമ്മൂട്ടിയോടും മോഹൻലാലിനോടും മത്സരിച്ചു പിന്നിൽ പോയവർ ആണ്.. അത് വെച്ച് നോക്കുമ്പോൾ അവരുടെ പീക്ക് ടൈമിൽ, അതായത് 2000-2010 കാലത്ത് അവരുടെ മുന്നിൽ വന്ന നടൻ ആണ് ദിലീപ്. ആ നിലയിൽ അയാൾ വിജയിച്ചു. പക്ഷെ പിന്നീട് താഴേക്ക് പോയെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.
ദിലീപിന് തിരിച്ചു വരാൻ കഴിയാത്ത വിധം കേസ് ബാധിച്ചു എന്ന് തോന്നിയിട്ടില്ല. ദിലീപിന്റെ മെയിൻ സ്‌ട്രെങ്ത് ആയ കോമഡി ടൈപ്പ് പടങ്ങൾ കാലഹരണപ്പെട്ടു വരുന്ന കൂട്ടത്തിൽ തന്നെ കേസും വന്നു. തിരിച്ചു വരവ് അസാധ്യം ഒന്നും അല്ല. പക്ഷെ എളുപ്പവും അല്ല. തിരിച്ച് വരാൻ അദ്ദേഹം ട്രാക്ക് മാറ്റിയാൽ മതി. 2000 ൽ അന്നത്തെ കോമഡി സ്റ്റൈൽ ന്റെയും ലെജൻഡ്‌സ്ന്റെ പിന്തുണയോടും കൂടി ഹിറ്റ് അടിക്കുന്ന കാലം ഒക്കെ മാറി ഇന്ന്. നല്ലൊരു സ്ക്രിപ്റ്റ് സെലക്ട് ചെയ്താൽ മതി. മികച്ച പടം ആണെങ്കിൽ കേസ് ഒന്നും ഒരു വിഷയവും അല്ലെന്നും മറ്റ് ചിലർ ചൂണ്ടിക്കാട്ടുന്നു.
ദിലീപിന് കേസ് ആയതോണ്ട് കൂടിയാണ് പൃഥ്വിയുടെ കരിയർ ഗ്രാഫ് ഉയർന്നത്. ഒരു പക്ഷെ ദിലീപ് പഴയ ഫോമിൽ ആയിരുന്നേൽ പൃഥ്വി ഇന്ന് സിനിമയിൽ കാണില്ലായിരുന്നുഎന്നുപോലും തോന്നാറുണ്ട്. അവസരം കിട്ടിയപ്പോൾ എല്ലാം പൃഥ്വി ദിലീപ്ന് എതിർ ആയിരുന്നു. കിട്ടിയ അവസരം പൃഥ്വി മുതലാക്കുകയും ചെയ്തിട്ടുണ്ട്. എന്തായാലും രണ്ടുപേരും ഇന്നും തികച്ചും അന്യരെ പോലെ സിനിമയിൽ നിലകൊള്ളുന്നുവെന്ന രീതിയിലുള്ള അഭിപ്രായവും ശക്തമാണ്.
ഈ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പൃഥ്വിരാജിനെതിരായ ആയുധമായി ദിലീപിനെ ചില സംഘപരിവാർ അനുകൂല പ്രൊഫൈലുകൾ ഏറ്റെടുത്തിട്ടുണ്ട്. എംബുരാൻ സിനിമ ഇത്രയും വിവാദങ്ങളിൽ നിൽക്കവെ ചിത്രത്തെയും പൃഥ്വിരാജിനെയും പിന്തുണച്ച് കൊണ്ട് നിരവധി താരങ്ങളാണ് രംഗത്തെത്തിയത്. എന്നാൽ ദിലീപ് ഇത്തരത്തിലൊരു പ്രതികരണം നടത്താത്തും ഇവർ തമ്മിലുള്ള പ്രശ്നങ്ങൾ കാരണമാണെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.
അതേസമയം നടിയെ ആക്രമിച്ച കേസിൽ അമ്മ സംഘടനയ്ക്കുള്ളിൽ ദിലീപിനെതിരെ ശക്തമായ നിലപാടെടുത്തത് പൃഥ്വിരാജാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇന്ന് പൃഥ്വിരാജിന് മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങൾ കൊടുക്കുന്ന സ്ഥാനം ഒരു കാലത്ത് ദിലീപിന് മാത്രമുള്ളതായിരുന്നു. ട്വന്റി ട്വന്റി എന്ന സിനിമയിലെ പ്രമുഖ താരങ്ങളെയെല്ലാം ഒരുമിച്ച് കൊണ്ട് വരാൻ ദിലീപിന് കഴിഞ്ഞു. അന്ന് മലയാള സിനിമയുടെ അവസാന വാക്കായി ദിലീപ് അറിയപ്പെട്ടു. ട്വന്റി ട്വന്റിയിൽ ഒരു ഗാന രംഗത്തിൽ മാത്രമാണ് പൃഥ്വിരാജിനെ കാണുന്നത്. മലയാളത്തിൽ തനിക്ക് അവസരം കുറഞ്ഞ ഘട്ടത്തിൽ പൃഥ്വിരാജ് അക്കാലത്ത് തമിഴ് സിനിമകൾ ചെയ്തിരുന്നു.
പിൽക്കാലത്ത് കാര്യങ്ങൾ മാറി മറിഞ്ഞു. ദിലീപിന്റെ താരപ്രഭ മങ്ങി. അപ്പോഴേക്കും പൃഥ്വിരാജിന്റെ താരമൂല്യം കുതിച്ചുയർന്നു. ദിലീപിന്റെ ഗ്രാഫിൽ വന്ന ഇടിവും നടൻ സിനിമാ ലോകത്ത് നിന്നും ഒരു ഘട്ടത്തിൽ അകന്നതും ഏറ്റവും ഗുണം ചെയ്തത് പൃഥ്വിരാജിനെയാണെന്നാണ് സിനിമാ ലോകത്തെ സംസാരം. ഇന്ന് ട്വന്റി ട്വന്റി പോലൊരു സിനിമയെടുക്കാൻ മലയാള സിനിമയിൽ കെൽപ്പുള്ളത് ദിലീപിനല്ല, മറിച്ച് പൃഥ്വിരാജിനാണെന്നും അഭിപ്രായങ്ങൾ വരുന്നുണ്ട്.
പൃഥ്വിരാജിനെതിരെ താൻ നീങ്ങിയിട്ടില്ലെന്നാണ് ദിലീപ് ഒരിക്കൽ പറഞ്ഞത്. പൃഥ്വിരാജും ഞാനും ചെയ്യുന്ന കഥാപാത്രങ്ങൾ വ്യത്യസ്തമാണ്. ഏതെങ്കിലും പ്രൊഡ്യൂസറെ വിളിച്ച് ഈ റോൾ ഇങ്ങേർക്ക് വന്നതാണ്, അതിങ്ങ് തന്നേക്ക് എന്ന് പറഞ്ഞിട്ടില്ല. അതിന്റെ ആവശ്യമില്ല. അങ്ങനെ എന്തെങ്കിലും പ്രശ്നം വരുമ്പോഴേ ഇത് സംസാരിക്കേണ്ട ആവശ്യമുള്ളൂയെന്നും ദിലീപ് അന്ന് പറഞ്ഞിരുന്നു.