ദിലീപിനെ എല്ലാവരും ഒറ്റപ്പെടുത്തി ആക്രമിച്ചപ്പോൾ അതിന്റെ മുൻപന്തിയിൽ പൃഥ്വിരാജ് ഉണ്ടായിരുന്നു, ദിലീപിനെ ഒഴിവാക്കേണ്ടത് പൃഥ്വിരാജിന്റെ ആവശ്യമായിരുന്നു ആ സമയത്ത്; സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചകൾ

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ എമ്പുരാൻ പുറത്തെത്തിയത്. എന്നാൽ ചിത്രത്തിന്റെ റിലീസിന് പിന്നാലെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ നിന്നും പലയിടത്ത് നിന്നുമായും ഉയർന്ന് വരുന്നത്. 17 ഭാഗങ്ങൾ വെട്ടിമാറ്റിയതിന് ശേഷമുള്ള എഡിറ്റഡ് വേർഷൻ കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയത്.

ഇപ്പോഴിതാ ഇത്തരം ചർച്ചകൾക്കിടെയും നടൻ ദിലീപ് പഴികേൾക്കുകയാണ്. പൃഥ്വിരാജ് കരിയറിൽ ഉയർന്ന് വരുന്ന സമയത്ത് മലയാള സിനിമയിലെ പ്രബലനാണ് ദിലീപ്. വലിയ സ്വാധീന ശക്തിയുള്ള ദിലീപ് പൃഥ്വിരാജിനെതിരെ നീക്കങ്ങൾ നടത്തിയെന്ന് സംസാരം വന്നു. ഇപ്പോൾ ഒരു വിഭാഗം ദിലീപ് വിഷയവും എടുത്തിടുന്നുണ്ട്. പ്രമുഖ സംഘപരിവാർ അനുകൂല പേജുകൾ അടക്കം ദിലീപിനെ ഒതുക്കിയത് പൃഥ്വിരാജ് ആണ് എന്ന തരത്തിലുള്ള പ്രചരണം അഴിച്ചുവിടുന്നു.

‘ദിലീപ് ഓൺലൈൻ’ എന്ന ദിലീപ് ആരാധകകൂട്ടായ്മയുടെ ഫേസബുക്ക് പേജിന് കീഴെ വരുന്ന കമന്റുകളിലും ഇത്തരം ചർച്ചകൾ നടക്കുകയാണ്. പൃഥ്വിരാജ് മലയാള സിനിമയിൽ ഉയർന്ന് വരുന്ന സമയത്ത് അദ്ദേഹത്തെ ഒതുക്കാൻ ദിലീപ് നോക്കിയെന്ന പ്രചരണം തുടക്കം മുതൽ തന്നെ സിനിമാ ലോകത്തുണ്ട്. ‘പൃഥ്വിരാജ് നായകൻ ആയി ഉണ്ടെങ്കിൽ വേറെ ആരും അഭിനയിക്കരുത് എന്ന് വിലക്കിയിട്ടുണ്ട് അമ്മ. അതിന്റെ പുറകിൽ ദിലീപ് ആണോ എന്നറിയില്ല.

പക്രു നായകൻ എന്ന് പറഞ്ഞാണ് വിനയൻ എല്ലാവരെയും അത്ഭുത ദ്വീപിലേക്ക് കൊണ്ടു വന്ന് ആ വിലക്ക് പൊട്ടിച്ചത്’ എന്നാണ് ഒരു സിനിമ പ്രേക്ഷകൻ അഭിപ്രായപ്പെടുന്നത്. ‘തുളസീദാസ് സംവിധാനം ചെയ്യുന്ന സിനിമക്ക് അഡ്വാൻസ് വാങ്ങിയ ദിലീപ് പിന്നെ ഡേറ്റ് പ്രശ്നം വന്ന് ഷൂട്ട് നീണ്ടു പോകുകയും പിന്നീട് പടം ഡ്രോപ്പുമായി. അപ്പൊ വിനയന്റെ നേതൃത്വത്തിൽ ഉള്ള മാക്ട ഫെഡറേഷൻ അഡ്വാൻസ് വാങ്ങുന്ന നടൻമാർ എഗ്രിമെന്റ് ഒപ്പിടാൻ തയ്യാറാകണം എന്ന് പറഞ്ഞു. അതിനെ അനുകൂലിച്ച ചുരുക്കം നടന്മാരിൽ ഒരാൾ പ്രിഥ്വിരാജ് ആണ്.

അതിന് ശേഷം ആണ് പ്രിഥ്വിക്ക് അപ്രഖ്യാപിത വിലക്ക് വരുന്നതും. പിന്നീട് വിനയന്റെ സത്യം അത്ഭുതദ്വീപ് ഒക്കെ ചെയ്താണ് പ്രിഥ്വി തിരിച്ചു വന്നത്’ എന്ന് മറ്റൊരാളും ചൂണ്ടിക്കാട്ടുന്നു. ആദ്യം കുഞ്ചാക്കോ ബോബൻ പിന്നെ പൃഥ്വി, ഇവർ രണ്ടുപേരും മാത്രമാണ് ദിലീപിന് വളർച്ചയിൽ ഒരു വെല്ലുവിളി ഉയർത്തിയത്.

രണ്ട് പേർക്കും പുള്ളി ചില്ലറ പണികളും വെച്ച് കൊടുത്തിട്ടുണ്ട്, അവസരം വന്നപ്പോൾ അവർ തിരിച്ചും ചെക്ക് വെച്ചു. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ദിലീപിൻ്റെ എതിർ വശത്ത് നിൽക്കുന്നു എന്ന് പറയപ്പെടുന്ന നടീ നടന്മാർ എല്ലാം സ്ഥിരം ഒരുമിച്ച് ഫോട്ടോ ഒന്നും ഇടാറില്ലെങ്കിലും ഇടക്കിടെ ഒത്തു കൂടുകയും നല്ല ബന്ധം പരസ്പരം സൂക്ഷിക്കുകയും ചെയ്യുന്നുണ്ട് – മറ്റൊരു പ്രേക്ഷകൻ കുറിക്കുന്നു.

ദിലീപിന് കേസ് ആയതോണ്ട് കൂടിയാണ് പൃഥ്വിയുടെ കരിയർ ഗ്രാഫ് ഉയർന്നത്. ഒരു പക്ഷെ ദിലീപ് പഴയ ഫോമിൽ ആയിരുന്നേൽ പൃഥ്വി ഇന്ന് സിനിമയിൽ കാണില്ലായിരുന്നുഎന്നുപോലും തോന്നാറുണ്ട്. അവസരം കിട്ടിയപ്പോൾ എല്ലാം പൃഥ്വി ദിലീപ്ന് എതിർ ആയിരുന്നു. കിട്ടിയ അവസരം പൃഥ്വി മുതലാക്കുകയും ചെയ്തിട്ടുണ്ട്. എന്തായാലും രണ്ടുപേരും ഇന്നും തികച്ചും അന്യരെ പോലെ സിനിമയിൽ നിലകൊള്ളുന്നുവെന്ന രീതിയിലുള്ള അഭിപ്രായവും ശക്തമാണ്.

ഈ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പൃഥ്വിരാജിനെതിരായ ആയുധമായി ദിലീപിനെ ചില സംഘപരിവാർ അനുകൂല പ്രൊഫൈലുകൾ ഏറ്റെടുത്തിട്ടുണ്ട്. എംബുരാൻ സിനിമ ഇത്രയും വിവാദങ്ങളിൽ‌ നിൽക്കവെ ചിത്രത്തെയും പൃഥ്വിരാജിനെയും പിന്തുണച്ച് കൊണ്ട് നിരവധി താരങ്ങളാണ് രം​ഗത്തെത്തിയത്. എന്നാൽ ദിലീപ് ഇത്തരത്തിലൊരു പ്രതികരണം നടത്താത്തും ഇവർ തമ്മിലുള്ള പ്രശ്നങ്ങൾ കാരണമാണെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.

മാത്രമല്ല, രഞ്ജിത് അയോധ്യ എന്ന ഒരു പ്രൊഫൈലിൽ നിന്ന് വന്ന പോസ്റ്റും ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. ‘ദിലീപ് ഇത് ചെയ്തു കാണില്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരുപാട് ആൾക്കാരുടെ കൂട്ടത്തിലാണ് ഞാനും. അത്രയ്ക്ക് മണ്ടനാണ് ദിലീപ് എന്ന് ആരും വിശ്വസിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അത്രക്ക് ഒറ്റപ്പെടുത്തി ആക്രമിച്ചിട്ടുണ്ട് ദിലീപിനെ എല്ലാവരും. ഒറ്റപ്പെടുത്തി ആക്രമിച്ചപ്പോൾ അതിന്റെ മുൻപന്തിയിൽ പൃഥ്വിരാജ് ഉണ്ടായിരുന്നു. ദിലീപിനെ ഒഴിവാക്കേണ്ടത് പൃഥ്വിരാജിന്റെ ആവശ്യമായിരുന്നു ആ സമയത്ത്.

ദിലീപിന്റെ സ്ഥാനത്താണ് പൃഥ്വിരാജ് മോഹൻലാലുമായി കൂട്ടുകെട്ട് ഉണ്ടാക്കിയതും. ദൈവം പോലും പൃഥ്വിരാജിനെ കൈവിട്ടു. സത്യത്തിൽ പൃഥ്വിരാജിന് ഇങ്ങേരുടെ ശാപമാണ്. എനിക്കുറപ്പാണ്. ഇത്രയും നാളും തെളിയിക്കപ്പെടാത്ത ഒരു കേസിന്റെ പിറകിൽ ഒറ്റപ്പെടുത്തി ആക്രമിച്ചപ്പോൾ ഇങ്ങേർക്ക് വേണ്ടി സംസാരിക്കാൻ ആരും ഉണ്ടായിരുന്നില്ല. ഇന്ന് മകനുവേണ്ടി മല്ലിക സുകുമാരനെങ്കിലും രംഗത്തിറങ്ങിയില്ലേ എന്നാണ് പോസ്റ്റിൽ പറയുന്നത്.

മെഗാകളുടെ മുന്നിൽ തല ചൊറിഞ്ഞ് നിന്നും നിയന്ത്രിച്ച് നിർത്തേണ്ടവരെ നിയന്ത്രിച്ച് നിർത്തിയും സിനിമ മേഖല കൈയ്യടക്കിയത് കുരുട്ട് ബുദ്ധി വെച്ചാണെങ്കിലും സ്വന്തം കുഴി തോണ്ടുന്ന ഒരു പണി അയാൾ ചെയ്യുമായിരുന്നോ എന്ന് ഇപ്പോൾ ചിന്തിക്കുമ്പോൾ തോന്നിപ്പോകുന്നു. ഇവരൊക്കെ കൂടി ഒതുക്കിയത് തന്നെയാവും അല്ലെങ്കിൽ ഇത്ര വർഷമായിട്ടും കൃത്യമായ തെളിവോടെ അയാളെ ശിക്ഷിക്കാൻ പറ്റേണ്ടതല്ലേ. മാത്രമല്ല അങ്ങേരുടെ റേഞ്ചിന് കണ്ട മൂന്നാം കിട സുനിയെയൊക്കെ ഇതുപോലെയുള്ള കാര്യത്തിന് അയാൾ ഇറക്കുമോ.

ഒരു ഒതുക്ക് നടന്നിട്ടുണ്ട് എന്ന കാര്യം ഉറപ്പ്. ഇയാൾ തന്നെയാവും പിന്നിൽ ബുദ്ധി പറഞ്ഞ് കൊടുക്കാൻ ബി ബി സിയുണ്ടല്ലോ. സത്യത്തിൽ അവർ ചേർന്നതിന് ശേഷമാണ് ലവൻ വഴിമാറി പോയത്. എല്ലാം ഒന്ന് ഒന്നേന്ന് ഇഴകീറി പരിശോധിക്കേണ്ടിയിരിക്കുന്നുവെന്നും മറ്റൊരു പ്രൊഫൈലിൽ നിന്ന് പുറത്ത് വന്ന കമന്റിൽ പറയുന്നത്.

സിനിമയുടെ ഒരു ചടങ്ങിന് പോലും ദിലീപിനെ പങ്കെടുപ്പിച്ചും ഇല്ല എന്നാൽ മമ്മൂക്ക ഫാൻസിനെ സമാധാനിപ്പിച്ചു മമ്മൂട്ടിയെ പങ്കെടുപ്പിച്ചു പൃഥ്വി. ആൻ്റണി ബുദ്ധിയും ഗുണം ചെയ്യും. ശബരിമലയിൽ മമ്മൂക്കക്കായി വഴിപാട് വരെ നടത്തിയതും ഈ സിനിമയെ സഹായിക്കും. മലയാള സിനിമയിൽ പട്ടിണി കൊണ്ട് നട്ടം തിരിഞ്ഞവർക്കായി 20-20 സിനിമ എടുത്ത് ധൈര്യം കാട്ടിയ ദിലീപിനെ പെൻഷൻ കിട്ടുന്ന ആരും മറക്കില്ല. മോഹൻലാൽ പോലും ദിലീപിന് നൈസായി പണി കൊടുത്തു ഒഴിവാക്കി എന്നാണ് സിനിമയിലെ അരമന രഹസ്യം എന്നും ദിലീപിനെ അനുകൂലിക്കുന്നവർ പറയുന്നുണ്ട്.

അതേസമയം, പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരൻ തന്നെ ഒരിക്കൽ ഈ വാദം തള്ളിക്കളഞ്ഞിട്ടുണ്ട്. ആവശ്യമില്ലാതെ ദിലീപിന്റെ പേര് ഈയടുത്ത കാലത്തും മുമ്പുമൊക്കെ ആളുകൾ പറഞ്ഞിട്ടുണ്ട്.ദിലീപ് അവന് നേരെ എന്തെങ്കിലും പരസ്യമായി ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. രഹസ്യമായി ചെയ്തിട്ടുണ്ടോ എന്ന് എനിക്ക് അന്വേഷിക്കേണ്ട കാര്യവുമില്ലെന്നാണ് മല്ലിക സുകുമാരൻ അന്ന് വ്യക്തമാക്കിയത്. ദിലീപോ പൃഥ്വിരാജോ ഒരിക്കൽ പോലും പരസ്പരം പരസ്യ വിമർശനം നടത്തിയിട്ടില്ല.

അതേസമയം നടിയെ ആക്രമിച്ച കേസിൽ അമ്മ സംഘടനയ്ക്കുള്ളിൽ ദിലീപിനെതിരെ ശക്തമായ നിലപാടെടുത്തത് പൃഥ്വിരാജാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇന്ന് പൃഥ്വിരാജിന് മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങൾ കൊടുക്കുന്ന സ്ഥാനം ഒരു കാലത്ത് ദിലീപിന് മാത്രമുള്ളതായിരുന്നു. ട്വന്റി ട്വന്റി എന്ന സിനിമയിലെ പ്രമുഖ താരങ്ങളെയെല്ലാം ഒരുമിച്ച് കൊണ്ട് വരാൻ ദിലീപിന് കഴിഞ്ഞു. അന്ന് മലയാള സിനിമയുടെ അവസാന വാക്കായി ദിലീപ് അറിയപ്പെട്ടു. ട്വന്റി ട്വന്റിയിൽ ഒരു ഗാന രംഗത്തിൽ മാത്രമാണ് പൃഥ്വിരാജിനെ കാണുന്നത്. മലയാളത്തിൽ തനിക്ക് അവസരം കുറഞ്ഞ ഘട്ടത്തിൽ പൃഥ്വിരാജ് അക്കാലത്ത് തമിഴ് സിനിമകൾ ചെയ്തിരുന്നു.

പിൽക്കാലത്ത് കാര്യങ്ങൾ മാറി മറിഞ്ഞു. ദിലീപിന്റെ താരപ്രഭ മങ്ങി. അപ്പോഴേക്കും പൃഥ്വിരാജിന്റെ താരമൂല്യം കുതിച്ചുയർന്നു. ദിലീപിന്റെ ഗ്രാഫിൽ വന്ന ഇടിവും നടൻ സിനിമാ ലോകത്ത് നിന്നും ഒരു ഘട്ടത്തിൽ അകന്നതും ഏറ്റവും ഗുണം ചെയ്തത് പൃഥ്വിരാജിനെയാണെന്നാണ് സിനിമാ ലോകത്തെ സംസാരം. ഇന്ന് ട്വന്റി ട്വന്റി പോലൊരു സിനിമയെടുക്കാൻ മലയാള സിനിമയിൽ കെൽപ്പുള്ളത് ദിലീപിനല്ല, മറിച്ച് പൃഥ്വിരാജിനാണെന്നും അഭിപ്രായങ്ങൾ വരുന്നുണ്ട്.

പൃഥ്വിരാജിനെതിരെ താൻ നീങ്ങിയിട്ടില്ലെന്നാണ് ദിലീപ് ഒരിക്കൽ പറഞ്ഞത്. പൃഥ്വിരാജും ഞാനും ചെയ്യുന്ന കഥാപാത്രങ്ങൾ വ്യത്യസ്തമാണ്. ഏതെങ്കിലും പ്രൊഡ്യൂസറെ വിളിച്ച് ഈ റോൾ ഇങ്ങേർക്ക് വന്നതാണ്, അതിങ്ങ് തന്നേക്ക് എന്ന് പറഞ്ഞിട്ടില്ല. അതിന്റെ ആവശ്യമില്ല. അങ്ങനെ എന്തെങ്കിലും പ്രശ്നം വരുമ്പോഴേ ഇത് സംസാരിക്കേണ്ട ആവശ്യമുള്ളൂയെന്നും ദിലീപ് അന്ന് പറഞ്ഞിരുന്നു.

അതേസമയം, വിവാദങ്ങൾക്കിടയിലും എമ്പുരാൻ ആഗോളതലത്തിൽ ഇതുവരെ നേടിയത് 165 കോടി കളക്ഷനാണ്. ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലും സിനിമ റെക്കോർഡുകൾ തകർത്തെറിയുകയാണ്. കോംസ്‌കോറിന്റെ റിപ്പോർട്ട് പ്രകാരം മാർച്ച് 27 മുതൽ 30 വരെയുള്ള വീക്കെൻഡിൽ എമ്പുരാനിൽ ആഗോള കളക്ഷനിൽ മൂന്നാം സ്ഥാനം കൈവരിച്ചിരിക്കുകയാണ്. ‘ഛാവ’യെയും മറികടന്നാണ് എമ്പുരാൻ ഈ നേട്ടത്തിലേക്ക് എത്തിയത്.

Vijayasree Vijayasree :