ഫിയോക് സിനിമാ വിതരണ രംഗത്തേയ്ക്കും; ആദ്യമെത്തുന്നത് ദിലീപ് ചിത്രം

തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് സിനിമാ വിതരണ രംഗത്തേയ്ക്ക് കടക്കുന്നു. ഈ മാസം 26ന് ദിലീപ് നായകനാകുന്ന ‘പവി കെയര്‍ടേക്കര്‍’ എന്ന ചിത്രം പ്രദര്‍ശിച്ചാണ് തുടക്കം. മണിയന്‍ പിള്ള രാജു നിര്‍മിച്ച ചിത്രവും ഫിയോക് വിതരണത്തിനെടുത്തിട്ടുണ്ട്. മേയ് 17നാണ് ഈ ചിത്രം റിലീസ് ചെയ്യുക.

സംഘടനയ്ക്ക് കീഴിലുള്ള തിയേറ്ററുകളില്‍ അല്ലാതെ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെയും കെഎസ്എഫ്ഡിസിയുടെയും തിയേറ്ററുകള്‍ക്കും ചിത്രങ്ങള്‍ നല്‍കും. ഇതരഭാഷാ ചിത്രങ്ങളും താമസിയാതെ വിതരണത്തിനെടുക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

വിതരണക്കാരുടെ സംഘടനയായ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി അടുത്തിടെ ഫിയോക് ഇടഞ്ഞിരുന്നു. എന്നാല്‍, ഇതിനെ തുടര്‍ന്നല്ല സിനിമാവിതരണത്തിലേക്ക് കടക്കുന്നതെന്ന് ഫിയോക് ഭാരവാഹികള്‍ അറിയിച്ചു.

സംഘടനയുടെ ചെയര്‍മാന്‍ കൂടിയായ ദിലീപ് തന്റെ സിനിമ ഫിയോക് റിലീസ് ചെയ്യണമെന്ന അഭ്യര്‍ഥന അറിയിച്ചപ്പോള്‍ അത് അംഗീകരിക്കുകയായിരുന്നെന്നും സംഘടനാ നേതൃത്വം അറിയിച്ചു.

Vijayasree Vijayasree :