മിഷോങ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ രാത്രിയും മഴ തുടര്‍ന്നതോടെ ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പ്പെട്ട്, തിരുവള്ളൂര്‍ ജില്ലകള്‍ വെള്ളത്തിനടിയിലാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറെ ആശങ്കയോടെയാണ് ഈ വാര്‍ത്തയെ ഓരോരുത്തരും നോക്കി കാണുന്നത്. ജീവനും കയ്യില്‍ പിടിച്ചുള്ള നെട്ടോട്ടത്തിലാണ് ജനങ്ങള്‍. ഈ വേളയില്‍ നിരവധി താരങ്ങളും പ്രളയത്തില്‍പ്പെട്ടിരിക്കുകയാണ്. ഷൂട്ടിംഗിന്റെ ആവശ്യത്തിനായും അല്ലാതെയും ചെന്നെയില്‍ സ്ഥിരതാമസമാക്കിയവര്‍ ഏറെയാണ്. മലയാളികളുടെ ജനപ്രിയ നായകന്‍ ദിലീപും കുടുംബവും അടുത്തിടെയാണ് ചെന്നൈയിലേയ്ക്ക് താമസം മാറ്റിയത്. ഷൂട്ടിംഗ് ആവശ്യങ്ങള്‍ക്കായി മാത്രമേ കേരളത്തിലേയ്ക്ക് വരാറുള്ളൂവെന്ന് നടന്‍ തന്നെ അടുത്തിടെ പറഞ്ഞിരുന്നു.
എന്നാല്‍ ഈ പ്രളയത്തിന്റെ സാഹചര്യത്തില്‍ ദിലീപും കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയുമൊക്കെ സുരക്ഷിതരാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. വീടുകളിലേയ്ക്ക് വെള്ളം കയറി കാറുകള്‍ വരെ ഒലിച്ചു പോകുന്ന രീതിയിലേയ്ക്കാണ് ഇവരുടെ വീടുകളിലെ അവസ്ഥ. ചെന്നൈ നഗരത്തില്‍ അതിശക്തമായ മഴയാണ് ഉള്ളത്. ഗതാഗതമാര്‍ഗങ്ങളെല്ലാം തന്നെ തടസ്സപ്പെട്ടിരിക്കുകയാണ്. ഫ്‌ലൈറ്റുകളോ ട്രെയിനുകളോ ഒന്നിനും സര്‍വീസില്ല.
ചെന്നൈയിലെ വെള്ളപ്പൊക്കത്തിന്റെ ഭീകരാവസ്ഥ വെളിപ്പെടുത്തി നടന്‍ വിഷ്ണു വിശാലും രംഗത്തെത്തിയിരുന്നു. തന്റെ വീട്ടിനുളളിലേക്കും വെള്ളം കയറുന്ന അവസ്ഥയാണെന്നും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണെന്നും വിഷ്ണു വിശാല്‍ ട്വീറ്റ് ചെയ്തു. വീട്ടിനുള്ളില്‍ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. വീടിനു ചുറ്റും വെള്ളം പൊങ്ങിയ അവസ്ഥയിലാണുള്ളത്.
”വെള്ളം വീടിനുള്ളിലേക്ക് കയറിത്തുടങ്ങി. കരപ്പക്കത്ത് ജലനിരപ്പും ഉയരുന്നുണ്ട്. സഹായത്തിനായി ഞാന്‍ ആളുകളെ വിളിച്ചിട്ടുണ്ട്. വൈദ്യുതിയോ വൈഫൈയോ ഇല്ല, ഫോണിനു സിഗ്‌നലും ലഭിക്കുന്നില്ല. ശരിക്കും ഒന്നുമില്ലാത്ത അവസ്ഥ. വീടിനു ടെറസിനു മുകളില്‍ മാത്രമാണ് ഫോണിനു സിഗ്‌നല്‍ ലഭിക്കുന്നത്. ഞാനുള്‍പ്പടെയുള്ളവര്‍ക്ക് സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചെന്നൈയിലുള്ള ആളുകളുടെ അവസ്ഥ എന്താണെന്ന് ചിന്തിച്ചു പോകുകയാണ്.” എന്നും വിഷ്ണു വിശാല്‍ കുറിച്ചു.
ചെന്നൈയില്‍ പെയ്യുന്ന അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും അപ്പാര്‍ട്‌മെന്റില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് നടി കനിഹയും വെളിപ്പെടുത്തിയിരുന്നു. താമസിക്കുന്ന അപ്പാര്‍ട്‌മെന്റില്‍ നിന്നുള്ള ദൃശ്യങ്ങളാണ് കനിഹ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവച്ചത്. പുറത്തിറങ്ങാന്‍ നിവൃത്തിയില്ലെന്നും ഇവിടെനിന്നു രക്ഷപ്പെടുത്തുക മാത്രമേ വഴിയുള്ളൂ എന്നും ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ നടി പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്‍ വിശാലും രംഗത്തെത്തിയിരുന്നു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ചെന്നൈ കോര്‍പറേഷനില്‍ നിന്നുള്ള പ്രതികരണം നിരാശാജനകമെന്ന് നടന്‍ വിശാല്‍. താന്‍ ഇപ്പോഴുള്ള അണ്ണാ നഗറിലെ വീട്ടിലും വെള്ളം കയറിയെന്നും അതിലും താഴ്ന്ന പ്രദേശങ്ങളിലെ അവസ്ഥ സങ്കല്‍പിക്കാവുന്നതേയുള്ളൂവെന്നും വിശാല്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് വിശാലിന്റെ പ്രതികരണം.
‘പ്രിയപ്പെട്ട ചെന്നൈ മേയര്‍ പ്രിയ രാജനും ചെന്നൈ കോര്‍പറേഷന്റെ മറ്റെല്ലാ ഉദ്യോഗസ്ഥരും അറിയാന്‍. നിങ്ങളെല്ലാവരും നിങ്ങളുടെ കുടുംബങ്ങളോടൊപ്പം സുരക്ഷിതരാണെന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ വീടുകളിലേയ്ക്ക് അഴുക്കുവെള്ളം കയറിയിട്ടില്ലെന്നും ഭക്ഷണത്തിനും വൈദ്യുതിക്കും തടസങ്ങള്‍ ഇല്ലെന്നും പ്രതീക്ഷിക്കുന്നു. ഒരു വോട്ടര്‍ എന്ന നിലയില്‍ അന്വേഷിച്ചതാണ്.
കാരണം നിങ്ങള്‍ ജീവിക്കുന്ന അതേ നഗരത്തിലുള്ള പൗരന്മാരുടെ സ്ഥിതി വ്യത്യസ്തമാണ്. വെള്ളപ്പൊക്ക സമയത്ത് സഹായകരമാവേണ്ടിയിരുന്ന ആ പ്രോജക്റ്റ് ചെന്നൈക്കുവേണ്ടിത്തന്നെയാണോ നടപ്പാക്കിയത്, അതോ സിംഗപ്പൂരിന് വേണ്ടിയോ 2015 ല്‍ രക്ഷാപ്രവര്‍ത്തനവുമായി ഞങ്ങളെല്ലാം തെരുവില്‍ ഇറങ്ങിയിരുന്നു. എട്ട് വര്‍ഷത്തിനിപ്പുറം അതിലും മോശം അവസ്ഥ കാണുന്നത് എത്ര ഖേദകരമാണ്.
ഇത്തവണയും ഭക്ഷണവും വെള്ളവുമായി ഞങ്ങള്‍ ഇറങ്ങും. പക്ഷേ ഇക്കുറി എല്ലാ മണ്ഡലങ്ങളിലെയും എംഎല്‍എമാരെ രക്ഷാപ്രവര്‍ത്തന രംഗത്ത് സജീവമായി കണ്ടാല്‍ കൊള്ളാമെന്നുണ്ട്. ഇത് എഴുതുമ്പോള്‍ ലജ്ജ കൊണ്ട് എന്റെ തല കുനിയുന്നുണ്ട്. ഒരു അത്ഭുതമൊന്നും പ്രതീക്ഷിക്കുന്നില്ല. പക്ഷേ അത് പൗരന്മാരോടുള്ള നിങ്ങളുടെ ഉത്തരവാദിത്തമാണ്. ദൈവം രക്ഷിക്കട്ടെ’, എന്നുമായിരുന്നു വിശാല്‍ എക്‌സില്‍ കുറിച്ചത്.
നഗരത്തിലെ പ്രധാന നദികളായ കൂവം, അഡയാര്‍ എന്നിവ കരകവിഞ്ഞൊഴുകുകയാണ്. ബേസിന്‍ ബ്രിജ്, കൊറുക്കുപേട്ട്, അണ്ണാനഗര്‍, അയനാവരം, മാധവാരം, റെഡ്ഹില്‍സ് തുടങ്ങി നഗരത്തിന്റെ എല്ലാ ഭാഗങ്ങളും വെള്ളത്തില്‍ മുങ്ങി. ആവഡി, അമ്പത്തൂര്‍ തുടങ്ങിയ കിഴക്കന്‍ പ്രദേശങ്ങള്‍ ഞായറാഴ്ച വൈകിട്ട് ആരംഭിച്ച കനത്ത മഴയില്‍ തന്നെ വെള്ളക്കെട്ടിലായിരുന്നു. തെക്കന്‍ ചെന്നൈയിലും മധ്യ ചെന്നൈയിലും പുലര്‍ച്ചെയോടെ ജനജീവിതം പൂര്‍ണമായും സ്തംഭിച്ചു.