കഴിഞ്ഞ ദിവസമായിരുന്നു മലയാള സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ചുകൊണ്ട് പ്രമുഖ സംവിധായകൻ ഷാഫി അന്തരിച്ചത്. ഇതിനോടകെ തന്നെ നിരവധി പേരാണ് ഷാഫിയെ അനുസ്മരിച്ച് രംഗത്തെത്തിയിരുന്നത്. മമ്മൂട്ടി, മോഹൻലാൽ, മഞ്ജുവാര്യർ തുടങ്ങിയ പ്രമുഖരെല്ലാം ഷാഫിയുടെ മരണത്തിൽ അനുശോചനം അറിയിച്ചു. ഈ വേളയിൽ ദിലീപിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
തന്റെ മൂന്ന് സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണെങ്കിലും അതിനും മുകളിലുള്ള ബന്ധമാണ് ഞങ്ങൾ തമ്മിലെന്നാണ് ദിലീപ് പറയുന്നത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ദിലീപ് തന്റെ ദുഃഖം രേഖപ്പെടുത്തിയത്. അദ്ദേഹത്തന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു;
‘പ്രിയപ്പെട്ട ഷാഫി പോയി….. ഞാൻ നായകനായി അഭിനയിച്ച മൂന്ന് ചിത്രങ്ങളുടെ, 3 സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ. എന്നാൽ അതിനപ്പുറമാണ് ഞങ്ങൾക്കിടയിലെ ബന്ധം, റാഫിയുടെ സഹോദരൻ എന്ന നിലയിലും, റാഫി മെക്കാട്ടിന്റെ സഹ സംവിധായകൻ എന്ന നിലയിലും, അതിനെല്ലാം ഉപരി ഒരു സഹോദരന്റെ സ്ഥാനത്തായിരുന്നു ഷാഫിയുടെ സ്ഥാനം. കൂടുതൽ എഴുതുവാൻ കഴിയുന്നില്ല….. ഞങ്ങൾ ഇരുവരും സഹകരിക്കുന്ന പുതിയ ചിത്രത്തിന്റെ ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഈ വേർപാട്… പ്രിയ സഹപ്രവർത്തകന്റെ, സുഹൃത്തിന്റെ, സഹോദരന്റെ വേർപാടിൽ കണ്ണീർ പൂക്കൾ’ എന്നാണ് വാക്കുകൾ ഇടറി ദിലീപ് കുറിച്ചത്.
ദിലീപിന്റെ കരിയറിൽ തന്നെ ഏറെ സൂപ്പർഹിറ്റായി മാറിയ ചിത്രങ്ങളായിരുന്നു കല്യാണ രാമനും 2 കൺട്രീസും ഈ രണ്ട് ചിത്രങ്ങളും ദിലീപിന് നൽകിയത് ഷാഫിയാണ്. കല്യാണ രാമൻ, മേരിക്കുണ്ടൊരു കുഞ്ഞാട്, ടു കൺഡ്രീസ് എന്നിവയാണ് ദിലീപ്- ഷാഫി കൂട്ടുകെട്ടിൽ പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രങ്ങൾ. ഇവയെല്ലാം ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളാണ് നേടിയത്. ദിലീപിന്റെ അൻപത് കോടി ക്ലബിൽ ഇടം പിടിച്ച ഒരേയൊരു ചിത്രമാണ് ഷാഫി ഒരുക്കിയ ടു കൺഡ്രീസ്.
അതേസമയം, തന്റെ ജീവിതത്തിലെ വ്യക്തിപരമായ നഷ്ടം കൂടിയാണ് ഷാഫി സർ ന്റെ ഈ വേഗത്തിലുള്ള യാത്ര പറച്ചിലെന്നാണ് സുരാജ് വെഞ്ഞാറമൂടിന്റെ പ്രതികരണം. എന്തിനും ഏതിനും ഒരു കോളിന് അപ്പുറം എനിക്ക് ഉണ്ടാകുമെന്നു വിശ്വസിച്ച ഒരു ജ്യേഷ്ഠ സഹോദരനാണ് അദ്ദേഹം. അത്രയും കണക്റ്റഡ് ആയ ഒരു മനുഷ്യൻ ആയിരുന്നു എനിക്ക് അദ്ദേഹം.
എന്നെന്നും മലയാളികൾ എന്നെ ഓർമിക്കുന്ന ദശമൂലം ദാമുവിനെ എനിക്ക് സമ്മാനിച്ച മനുഷ്യൻ. ഇനിയും ഉൾകൊള്ളാൻ ആകുന്നില്ല ഈ വേർപാട്. അദ്ദേഹത്തിന്റെ കുടുംബത്തിനു ഈ വേദന താങ്ങാനുള്ള ശക്തി ഈശ്വരൻ നൽകട്ടെയെന്നും സുരാജ് വെഞ്ഞാറമ്മൂട് പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. പക്ഷാഘാതത്തെ തുടർന്ന് ജനുവരി 16 നാണ് ഷാഫിയെ ആസ്റ്റർ മെഡ്സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. ആന്തരിക രക്തസ്രാവത്തെ തുടർന്ന് വെന്റിലേറ്റർ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിയിരുന്നത്. എന്നാൽ നില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
1990-കളുടെ മധ്യത്തിൽ രാജസേനൻ, റാഫി മെക്കാർട്ടിൻ എന്നിവരുടെ അസിസ്റ്റന്റ് ഡയറക്ടറായി നിന്ന് കൊണ്ടാണ് ഷാഫി സിനിമാ ജീവിതം ആരംഭിച്ചത്. 2001-ൽ വൺ മാൻ ഷോ എന്ന ചിത്രത്തിലൂടെയാണ് ഷാഫിയുടെ സംവിധാന രംഗത്തേക്ക് എത്തുന്നത്. കല്യാണരാമൻ, പുലിവാൽ കല്യാണം, തൊമ്മനും മക്കളും, മായാവി, ചോക്കലേറ്റ്, ചട്ടമ്പിനാട്, മേരിക്കൊണ്ടൊരു കുഞ്ഞാട്, മേക്കപ്പമാൻ എന്നീ ബോക്‌സോഫീസ് ഹിറ്റുകൾ ഷാഫിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയതാണ്.
രണ്ട് പതിറ്റാണ്ട് നീണ്ട തന്റെ കരിയറിൽ ഒരു തമിഴ് സിനിമയടക്കം 18 സിനിമകൾ സംവിധാനം ചെയ്തു. 2022 ൽ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആണ് അവസാന സിനിമ. ഷറഫുദ്ദീൻ, ഇന്ദ്രൻസ് എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. അനഘ നാരായണനായിരുന്നു ചിത്രത്തിലെ നായിക.