ഇനി മുതൽ ഡോ. മീനാക്ഷി ദിലീപ്; കഠിനാധ്വാനത്തിനും പ്രയത്നത്തിനും ഫലം കണ്ടു, സ്വപ്നം സഫലമായ നിമിഷമെന്ന് ദിലീപ്

മലയാളികൾക്ക് പ്രത്യേക പരിചയപെടുത്തേണ്ട ആവശ്യമില്ലാത്ത താര പുത്രിയാണ് മീനാക്ഷി ദിലീപ്. മലയാള സിനിമ പ്രേമികളുടെ സ്വന്തം ദിലീപിന്റേയും മഞ്ജുവിന്റേയും മകൾ എന്ന രീതിയിൽ എന്നെന്നും സ്‌പെഷ്യലാണ് മീനാക്ഷി. സോഷ്യൽ മീഡിയയിൽ അധികം സജീവം അല്ലെങ്കിലും വിശേഷാൽ അവസരങ്ങളിലും മറ്റും പോസ്റ്റുകൾ പങ്കിട്ടുകൊണ്ട് മീനാക്ഷി എത്താറുണ്ട്. മീനാക്ഷിയെ വളരെ വിരളമായി മാത്രമാണ് പൊതുവേദികളിൽ കാണാറുള്ളത്.


ഇപ്പോഴിതാ മീനാക്ഷി ഡോക്ടറായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു താരപുത്രിയുടെ ബിരുദദാന ചടങ്ങ്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം ദിലീപും കാവ്യയും പങ്കുവെച്ചിരുന്നു. ഇവരുടെ ഫാൻ പേജിലും ഇതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. സിംപിൾ ലുക്കിൽ അതീവ സുന്ദരിയായി എത്തി സർട്ടിഫിക്കറ്റ് കയ്യിൽ വാങ്ങി നടന്ന് പോകുന്ന മീനാക്ഷിയെയാണ് വീഡിയോയിൽ കാണാനാകുക. 


ഡെർമറ്റോളജിയിൽ കൂടുതൽ ശ്രദ്ധ നൽകുന്ന മീനാക്ഷി അടുത്തിടെയാണ് ഹൗസ് സർജൻസി പൂർത്തിയാക്കിയത്. എല്ലാവരും മീനാക്ഷി ദിലീപ് എന്നാണ് കരുതിയിരുന്നതെങ്കിലും മീനാക്ഷി ​ഗോപാലകൃഷ്ണൻ ആണെന്നും ദിലീപ് തന്റെ പഴയ പേര് ഉപേക്ഷിച്ചിട്ടില്ലെന്നുമാണ് ആരാധകർ പറയുന്നത്. കാവ്യയും ഡോ.മീനാക്ഷി ​ഗോപാലകൃഷ്ണന് ആശംസകൾ എന്നാണ് കുറിച്ചിരിക്കുന്നതും. 


നിന്നിൽ ഇനിയും കഴിവുകൾ ഉണ്ടെന്ന് ഞങ്ങൾക്ക് അറിയാം ഉറപ്പായും ഇനിയും നീ വിജയങ്ങൾ കീഴടക്കും. നിന്റെ കഠിനാധ്വാനത്തിനും പ്രയത്നത്തിനും ഫലം കണ്ടുവെന്നും കാവ്യാ കുറിച്ചു. എന്റെ സ്വപ്നം സഫലമായ നിമിഷം എന്നാണ് ദിലീപ് കുറിച്ചത്. നിരവധി പേരാണ് മീനാക്ഷിയ്ക്ക് ആശംസകൾ നേർന്ന് എത്തുന്നത്. സിനിമാ സീരിയൽ രം​ഗത്തുള്ളവരും സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേരാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്. 


സ്കൂൾ പഠനത്തിനുശേഷം മീനാക്ഷി നീറ്റ് പരീക്ഷയൊക്കെ എഴുതി മെഡിസിന് ചേരുകയാണ് ചെയ്തത്. ചെന്നൈയിലായിരുന്നു മീനാക്ഷിയുടെ ഡോക്ടർ പഠനം. മകൾ ചെന്നൈയിലേക്ക് പഠിക്കാൻ പോയതോടെ ദിലീപും കാവ്യയേയും ഇളയ മകളേയും കൂട്ടി ചെന്നൈയിലേക്ക് താമസം മാറി. ഇപ്പോൾ ഇളയവൾ മ​ഹാലക്ഷ്മിയും ചെന്നൈയിലാണ് പഠിക്കുന്നത്. മകൾ ഡോക്ടറായി കാണണമെന്നത് ദിലീപിന്റെയും ആ​ഗ്രഹമായിരുന്നു.

സ്കൂൾ പഠന കാലം മുതൽ മെഡിസിന് പോകാൻ തന്നെയായിരുന്നു മീനാക്ഷിക്കും താൽപര്യം. അതിനാലാണ് ഉപരി പഠനത്തെ കുറിച്ച് താരപുത്രിക്ക് കൺഫ്യൂഷനുകൾ ഇല്ലാതെ പോയതും. 
അതേസമയം, അവസാനമായി മീനാക്ഷി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത് മാളവിക ജയറാമിന്റെ വിവാഹ​ത്തിന് എത്തിയപ്പോഴാണ്. ദിലീപിനൊപ്പം താലികെട്ട് മുതൽ റിസപ്ഷൻ വരെയുള്ള ചടങ്ങുകളിൽ മീനാക്ഷിയും പങ്കെടുത്തിരുന്നു.

മാളവികയുടെ വിവാഹത്തിനെത്തിയ മീനാക്ഷിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഗോൾഡൻ നിറത്തിലുള്ള സാരിയിൽ അതിസുന്ദരിയായാണ് മീനാക്ഷി മാളവികയുടെ വിവാഹ വിരുന്നിനെത്തിയത്. 
ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. കുറച്ച് നാളുകൾക്ക് മുമ്പ് ഇരുവരും തമ്മിൽ എത്രത്തോളം അടുപ്പത്തിൽ ആണെന്ന് ഒരിക്കൽ മാളവിക തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.

ചെറുപ്പം മുതലേ മീനൂട്ടിയെ താൻ കാണുന്നതാണ്. വീട്ടിൽ ചെറുപ്പം തൊട്ടേ വരുമായിരുന്നു. അന്ന് മുതൽ തനിയ്ക്ക് ബേബി സിസ്റ്റർ ആണ് അവൾ. ചെന്നൈയിൽ ആണ് മെഡിസിന് അവൾ പഠിക്കുന്നത്. അങ്ങനെ ഇടയ്ക്കിടെ തമ്മിൽ കാണും. പിന്നെ ഹോസ്റ്റലിൽ നിന്നും ഇടയ്ക്കിടെ താൻ അവളെ ചാടിക്കും എന്നും മാളവിക ഒരിക്കൽതുറന്നുപറഞ്ഞിരുന്നു.


ഞാൻ അവളെ മതിൽ ചാടിയ്ക്കും, ദിലീപ് അങ്കിൾ എന്നെ വിളിച്ച് വഴക്കു പറയും. അവളെ തിരിച്ച് ഹോസ്റ്റലിൽ കൊണ്ടു ചെന്നാക്കും അങ്ങിനെ കുറച്ച് കലാപരിപാടികൾ ഞങ്ങൾക്കിടയിൽ ഉണ്ട് എന്നാണ് മാളവിക പറയുന്നത്. മീനാക്ഷിയെ തന്റെയൊക്കെ റൂട്ടിലേയ്ക്ക് കൊണ്ടു വന്നു എന്നാണ് തമാശയായി മാളവിക പറഞ്ഞത്. 


Vijayasree Vijayasree :