കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്.
ക്വട്ടേഷൻ സംഘങ്ങൾ ആദ്യം പിടിയിലായ കേസിൽ മാസങ്ങൾ പിന്നിട്ടപ്പോഴാണ് ദിലീപിന്റെ പേര് ഉയർന്നു കേട്ടത്. പിന്നാലെ നടന്റെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. ഇപ്പോൾ കേസിലെ വിചാരണ നടപടികൾ അവസാന ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്.
ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാകുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. മാത്രമല്ല നിലവിൽ എട്ടാം പ്രതി ദിലീപിന്റേത് ഉള്‍പ്പടെയുള്ള പ്രതിഭാഗം വാദം പൂര്‍ത്തിയായി.
ഇതോടെ പ്രോസിക്യൂഷന്റെ മറുപടി വാദം ഇന്നാരംഭിക്കുമെന്നുമാണ് വിവരം. തുടർന്ന് പ്രോസിക്യൂഷന്റെ മറുപടി വാദം പത്ത് ദിവസത്തിനകം പൂര്‍ത്തിയാകുകയും പ്രോസിക്യൂഷന്‍ വാദം കൂടി പൂര്‍ത്തിയായാല്‍ കേസ് വിധി പറയാന്‍ മാറ്റുമെന്നുമാണ് റിപ്പോർട്ട് വന്നിരിക്കുന്നത്.
അതേസമയം കഴിഞ്ഞ ദിവസമായിരുന്നു സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയത്. വിചാരണ അവസാന ഘട്ടത്തിലെത്തിയെന്നത് വിലയിരുത്തിയാണ് ഹർജി തള്ളിയത്. നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഹർജി തള്ളിയതിനെതിനെ തുടർന്നാണ് ദിലീപ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. കേസിൽ നിഷ്പക്ഷ അന്വേഷണത്തിന് കേന്ദ്ര ഏജൻസി വേണമെന്ന് ആവശ്യപ്പെട്ട് നാലുവർഷം മുമ്പാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ, കേസിന്റെ വിചാരണക്കിടെ കോടതി ദിലീപിനെ രൂക്ഷമായി വിമർശിച്ചിരുന്നു. കേസിന്റെ നടപടിക്രമങ്ങൾ നീട്ടുന്നതിനായാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് കോടതി നിരീക്ഷിച്ചു. കേസിന്റെ വിചാരണ ഏത് ഘട്ടത്തിലാണെന്നും കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. കേസിന്റെ അന്തിമവാദം കേട്ടതിന് ശേഷമാണ് കോടതി ദിലീപിന്റെ ആവശ്യം തള്ളുകയും ഹർജി തീർപ്പാക്കുകയും ചെയ്തത്.