നടിയെ ആക്രമിച്ച കേസ്; ദിലീപിന് നോട്ടീസയക്കാൻ ഹൈക്കോടതി നിർദേശം

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ നൽകിയ ഹരജിയിൽ നോട്ടീസയക്കാൻ നിർദേശം. അഭിഭാഷകൻ മുഖേന ദിലീപിന് നോട്ടീസ് നൽകാനാണ് ഹൈക്കോടതി നിർദേശം. നേരത്തെ നൽകിയ നോട്ടീസ് ദിലീപ് കൈപ്പറ്റാത്തതിനെ തുടർന്ന് തിരിച്ചെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അഭിഭാഷകൻ മുഖേന നോട്ടീസ് അയക്കാൻ ഹൈകോടതി നിർദേശം നൽകിയത്. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്.

തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപ് ശ്രമിച്ചതിന് തെളിവുണ്ടെന്നാണ് പ്രോസിക്യൂഷന്‍റെ പ്രധാന വാദം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നതിനാൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം. ദിലീപിന്‍റെ വീട്ടുജോലിക്കാരനായ ദാസൻ, മാപ്പുസാക്ഷിയായ വിപിൻലാൽ എന്നിവരെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷൻ വാദം.

എന്നാൽ, സാക്ഷികളെ സ്വാധീനിക്കാൻ താനോ തന്‍റെ കക്ഷി ദിലീപോ ശ്രമിച്ചുവെന്ന് തെളിയിക്കാനുള്ള വിവരങ്ങളോ തെളിവുകളോ പ്രോസിക്യൂഷന്‍റെ പക്കലില്ലെന്ന് ദിലീപിന്‍റെ അഭിഭാഷകൻ വാദിക്കുന്നത്. മാപ്പുസാക്ഷിയായ വിപിൻ ലാലിനെ ദിലീപ് ഭീഷണിപ്പെടുത്തി എന്ന് പ്രോസിക്യൂഷൻ പറയുന്ന സമയത്ത് ദിലീപ് ജയിലിലായിരുന്നു.

ദിലീപിന്‍റെ വീട്ടുജോലിക്കാരനായ ദാസനെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന വാദം തെറ്റാണെന്നും അഡ്വ. രാമൻപിള്ള ചൂണ്ടിക്കാട്ടിയിരുന്നു.നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് കാണിച്ച് ഏപ്രിൽ നാലിനായിരുന്നു നേരത്തേ ക്രൈംബ്രാഞ്ച് വിചാരണ കോടതിയെ സമീപിച്ചത്. ദിലീപ് സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും ശ്രമിച്ചെന്നും ഇതിന് തെളിവുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ലഭിച്ച തെളിവുകളും പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ ഹാജരാക്കിയിരുന്നു.

AJILI ANNAJOHN :