നടി ശാലു മേനോനൊപ്പം പെരുന്ന വേലായുധസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ദിലീപ്; വൈറലായി ചിത്രങ്ങൾ

മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. എങ്കിലും നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

ഇപ്പോഴിതാ നടൻ ദിലീപും നടി ശാലു മേനോനും ക്ഷേത്രദർശനം നടത്തുന്ന ദൃശ്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്. ഇരുവരും പെരുന്ന വേലായുധസ്വാമി ക്ഷേത്രത്തിലാണ് ദർശനം നടത്തിയത്. പൊതുവെ ഈശ്വര വിശ്വാസിയായ ദിലീപ് കേരളത്തിനകത്തും പുറത്തും നിരവധി ക്ഷേത്രങ്ങളിൽ ദർശനം നടത്താറുണ്ട്.

ഈ ദൃശ്യങ്ങൾ എല്ലാം തന്നെ ഇതുപോലെ വൈറലാകാറുമുണ്ട്. കേരളത്തിലെ ക്ഷേത്രങ്ങളിൽ പുരുഷന്മാർ ഷർട്ട് ധരിച്ചു പ്രവേശിക്കുന്നതിൽ തർക്കം നടക്കുന്ന വേളയിൽ ദിലീപും പുരുഷന്മാരായ മറ്റു ഭക്തരും ഈ ക്ഷേത്രത്തിൽ ഷർട്ട് ധരിച്ചു തന്നെ ദർശനം നടത്തിയതും കൗതുകമായി. ഒരുപക്ഷേ നാലമ്പലത്തിനു പുറത്തായതിനാലുമാകാം ഇവിടെ ഇങ്ങനെയെന്നും ചിലർ പറയുന്നു.

ചങ്ങനാശ്ശേരിക്കാരിയായ ശാലു മേനോന്റെ നാട്ടിലെ ക്ഷേത്രത്തിലാണ് ദിലീപ് എത്തിച്ചേർന്നിട്ടുള്ളത്. ഇവിടെ നിന്നും ദിലീപ് പ്രസാദം സ്വീകരിക്കുന്നതും, നെറ്റിയിൽ ചന്ദനം ചാർത്തുന്നതുമായ ദൃശ്യങ്ങളും കാണാം. രണ്ടുപേരെയും ഒന്നിച്ചു കണ്ടതും ഫോട്ടോ എടുക്കാൻ ആരാധകരും ഒപ്പം കൂടി.

അതേസമയം, തന്റെ സിനിമാ തിരക്കുകളിലാണ് ദിലീപ്. പ്രിൻസ് ആൻഡ് ഫാമിലി ആണ് പുതിയ ചിത്രം. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രം ഏപ്രിലിൽ റിലീസിനെത്തും. അജയന്റെ രണ്ടാം മോഷണം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം തികച്ചും വ്യത്യസ്തമായ ചിത്രവുമായാണ് മാജിക് ഫ്രെയിംസ് എത്തുന്നത്.

ദിലീപ് പ്രിൻസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത്. ദിലീപിന്റെ അനുജന്റെ വേഷത്തിൽ ധ്യാൻ ശ്രീനിവാസനും എത്തുന്നു. സിദ്ദിഖ്, ബിന്ദു പണിക്ക‍ർ, മഞ്ജു പിള്ള, ധ്യാൻ ശ്രീനിവാസൻ, ജോണി ആന്റണി, ജോസ് കുട്ടി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളെ കൂടാതെ നിരവധി പുതു മുഖങ്ങളും ചിത്രത്തിലെത്തുന്നു.

പുതിയ സിനിമയുടെ റിലീസ് വിവരങ്ങൾ തീരുമാനിച്ചിട്ടില്ല. ദിലീപേട്ടന് ഒരു ഹിറ്റ് നൽകണം എന്ന ആഗ്രഹത്തിലാണ് ഇങ്ങനെയൊരു ചിത്രം നിർമിക്കാൻ തയാറായത് എന്ന് ലിസ്റ്റിൻ സ്റ്റീഫൻ സിനിമയുടെ പൂജാവേളയിൽ തന്നെ അറിയിച്ചിരുന്നു. ‘പവി കെയർടേക്കർ’ എന്ന ചിത്രമാണ് ദിലീപിന്റെ ഏറ്റവും ഒടുവിൽ റിലീസായ സിനിമ.

കമലിന്റെ സംവിധാന സഹായിയായിട്ടായിരുന്നു ദിലീപിന്റെ സിനിമയിലേക്കുള്ള വരവ്. സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ വിഷ്ണുലോകം ആയിരുന്നു സഹസംവിധായകനായ കന്നി സിനിമ. അന്ന് വെറും ​ഗോപാലകൃഷ്ണനായിരുന്നു അദ്ദേഹം. ഒമ്പത് സിനിമകളിലാണ് ദിലീപ് സഹസംവിധായകനായി പ്രവർത്തിച്ചത്.

അങ്ങനെയിരിക്കെ കമലിന്റെ തന്നെ, എന്നോടിഷ്ടം കൂടാമോ എന്ന സിനിമയിൽ ചെറിയൊരു റോളുമായി അഭിനയത്തിലേക്ക് കാലെടുത്തുവച്ചു. രണ്ട് വർഷത്തിന് ശേഷം പുറത്തിറങ്ങിയ മാനത്തെ കൊട്ടാരം എന്ന സിനിമയിൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരായിരുന്നു ദിലീപ് എന്നത്. അങ്ങനെ, ​ഗോപാലകൃഷ്ണ പിള്ളയ്ക്ക് സിനിമ തന്നെ ദിലീപ് എന്നൊരു പേരും സമ്മാനിച്ചു. അന്നുമുതൽ ഇന്നുവരെ പ്രേക്ഷകർക്ക് മുന്നിൽ ​ഗോപാലകൃഷ്ണനില്ല, ദിലീപ് മാത്രം. ജനപ്രിയ നായകനായി നടന്റെ തിരിച്ച് വരവിനായി ഒരുകൂട്ടം ആരാധകരും കാത്തിരിക്കുകയാണ്.

Vijayasree Vijayasree :