മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു കുടുംബത്തിന് ഒപ്പമിരുന്ന് ആസ്വദിക്കാനുള്ള വകയുണ്ടാകുമെന്ന പ്രതീക്ഷ എപ്പോഴും പ്രേക്ഷകർക്കുണ്ട്. മിനിമം ഗ്യാരണ്ടി നൽകാൻ കഴിയുന്ന നടന്മാരുടെ ലിസ്റ്റിലുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് ദിലീപ്.
എന്നാൽ വിവാദത്തിലും കേസിലും ഉൾപ്പെട്ടശേഷം വിരളമായി മാത്രമെ ദിലീപ് സിനിമകൾ തിയേറ്ററുകളിൽ എത്തുന്നുള്ളു.മറ്റൊരു താരത്തിനും ചെയ്യാൻ സാധിക്കാത്ത വിധത്തിലുള്ള വേഷങ്ങളാണ് ദിലീപ് അവതരിപ്പിച്ചിട്ടുളളത്. ഇപ്പോൾ മലയാള സിനിമാ ലോകത്തേയ്ക്ക് തിരിച്ച് വരാനുള്ള ശ്രമത്തിലാണ് നടൻ. വെല്ലുവിളിയാവുന്നത് താരത്തിനെതിരായ കേസും മറ്റുമാണ്.
‘പ്രിൻസ് ആന്റ് ഫാമിലി’ എന്ന ചിത്രത്തിൽ ദിലീപ് ആരാധകർക്ക് വലിയ പ്രതീക്ഷയാണുള്ളത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ദിലീപിന്റെ 150-ാം ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബിന്റോ സ്റ്റീഫനാണ്. ചിത്രത്തിൽ ദിലീപിന്റെ അനുജന്മാരായി ധ്യാൻ ശ്രീനിവാസനും ജോസ് കുട്ടി ജേക്കബും എത്തുന്നത്. ചിത്രത്തിന്റെ വലിയ രീതിയിലുള്ള പ്രമോഷൻ പരിപാടികളും ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.
ഇപ്പോഴിതാ പ്രിൻസ് ആന്റ് ദി ഫാമിലി എന്ന സിനിമയിൽ ദിലീപിനെ അഭിനയിപ്പിക്കാൻ തീരുമാനിച്ചപ്പോൾ തന്നെ വലിയ നെഗറ്റീവുകളാണ് നേരിട്ടതെന്ന് സിനിമയുടെ സംവിധായകൻ കൂടിയായ ബിന്റോ സ്റ്റീഫൻ. പാട്ട് ഇറക്കിയപ്പോഴും പ്രമോഷൻ സമയത്തുമെല്ലാം ഹേറ്റ് പ്രകടമായിരുന്നുവെന്നും ബിന്റോ സ്റ്റീഫൻ പറഞ്ഞു. സിനിമയുടെ ആദ്യ സ്ക്രിപ്റ്റ് സെറ്റായപ്പോൾ തന്നെ ദിലീപ് ആയിരുന്നു മനസിൽ. ദിലീപ് ചിത്രം എന്ന് പോസ്റ്റിട്ടപ്പോൾ തന്നെ നെഗറ്റീവ് വന്നിരുന്നു.
സിനിമ ഒരു പ്രൊജക്ട് ആവുന്നത് വരെയായിരിക്കും കഷ്ടപ്പാട് എന്നായിരിക്കും ആളുകൾ കരുതുന്നത്. എന്നാൽ ഈ സിനിമ പ്രമോഷന്റെ സമയത്തായപ്പോഴാണ് ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിട്ടത്. ദിലീപേട്ടന്റെ പേര് പറയുമ്പോൾ തന്നെ ഹേറ്റ് തുടങ്ങിയിരുന്നു. പാട്ട് ഇറക്കിയപ്പോൾ അതിലെ നെഗറ്റീവ് കണ്ടുപിടിച്ച് പങ്കുവെക്കുക ഇതൊക്കെയായിരുന്നു കണ്ടത്. ഒരു ഘട്ടത്തുിലും സിനിമ ഉപേക്ഷിക്കണമെന്ന് കരുതിയില്ല. 12 വർഷമായി ഞാൻ സിനിമയിൽ അസിസ്റ്റന്റ് ആയിരുന്നു. എനിക്ക് സിനിമ മാത്രമേ അറിയൂ.
ദിലീപേട്ടനെ പോലൊരാൾ അല്ലായെങ്കിൽ ഇതൊന്നും അഭിമുഖീകരിക്കാൻ അവർക്ക് സാധിക്കില്ലായിരുന്നു. അവർ എപ്പോഴും കരിയറിൽ നല്ല സിനിമകൾ ചെയ്യാൻ കഷ്ടപ്പെടുന്നവരാണ്. അതിനിടയിലാണ് ഇത്തരം സംഭവങ്ങൾ വരുന്നത്. അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അദ്ദേഹം കലയെ ഒരുപാട് സ്നേഹിക്കുന്ന ആളായത് കൊണ്ട് ഈ കഷ്ടപ്പാടുകളെല്ലാം സഹിച്ച് പിടിച്ച് നിൽക്കുന്നു.
സിനിമ ആദ്യം പറയാൻ പോയപ്പോൾ തന്നെ അദ്ദേഹത്തിന് സിനിമ ഇഷ്ടമായി. ബാക്കി വരുന്നിടത്ത് കാണാം എന്ന മനസിലാണ് പോയത്. നല്ല സിനിമയായിട്ടും ഹേറ്റേഴ്സ് ഉള്ളത് കൊണ്ട് സിനിമയെ ബാധിക്കുമെന്നൊരു ചിന്തയില്ല. സിനിമ ആണല്ലോ സംസാരിക്കുന്നത്, നല്ല സിനിമ ആണെങ്കിൽ ആളുകൾ കാണും.
രാമലീല ഇറങ്ങിയപ്പോൾ ഹിറ്റായത് അത് നല്ല സിനിമ ആയത് കൊണ്ടാണ്. ആർക്കും ഒന്നും ചെയ്യാൻ കഴിയില്ലായിരുന്നു. തുടരും എന്ന സിനിമ കാണുന്നില്ലേ, വലിയ പ്രമോഷനൊന്നും നടത്തിയില്ല, പക്ഷെ സിനിമ നല്ലതായിരുന്നു ആളുകൾക്ക് ഇഷ്ടപ്പെട്ടു അവർ കണ്ടു. അതുകൊണ്ട് സിനിമ പറയട്ടെ. മൈ ബോസ് പോലെയോ ടു കൺട്രീസ് പോലെയോ ഒരു വലിയ കോമഡി ചിത്രമല്ല പ്രിൻസ് ആന്റ് ദി ഫാമിലി. സിനിമയിൽ ദിലീപേട്ടന്റെ കോമഡി അവതരിപ്പിക്കുക എന്നല്ല ആലോചിച്ചത്.
പ്രിൻസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ സാധിക്കുന്ന മലയാള സിനിമയിലെ ഏറ്റവും നല്ല നടൻമാരിൽ ഒരാളായ ദിലീപേട്ടനെ സിനിമയിൽ പ്ലേസ് ചെയ്തു. ഒരിക്കലും ഒരു കോമഡി പ്രോമിസ് ചെയ്യുന്ന ചിത്രമല്ല , കുടുംബപ്രേക്ഷകരെ ലക്ഷ്യം വെച്ചുള്ള ചിത്രമാണ്. അമിത പ്രതീക്ഷ വേണ്ടതില്ല, സിനിമ തുടങ്ങി കുറച്ച് കഴിയുമ്പോൾ തന്നെ ആളുകൾക്ക് സിനിമയെ മനസിലാകും. ഒരു ഇടത്തരം ക്രിസ്ത്യൻ കുടുംബത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ തന്നെയാണ് സിനിമയിൽ പറയുന്നത്. ആദ്യ സിനിമയിൽ സൂപ്പർ സ്റ്റാർ തന്നെ വേണമെന്നൊന്നും ചിന്തിച്ചിട്ടില്ല, സിനിമയ്ക്ക് ആരാണോ യോജിച്ചത് അയാളെ തിരഞ്ഞെടുത്തു.
സിദ്ധിഖ് അടക്കമുള്ള താരങ്ങൾ സിനിമയിൽ എത്തിയത് യാദൃശ്ചികമായാണ്. ബിന്ദു ചേച്ചിക്ക് ചേരുന്ന കഥാപാത്രം ആയതുകൊണ്ടാണ് ദിലീപേട്ടന്റെ അമ്മ റോളിലേക്ക് അവരെ തിരഞ്ഞെടുത്തത്. എന്റെ ജീവിതം പുറത്ത് നിന്ന് കാണുമ്പോൾ കോമഡി തോന്നുമെന്ന് ദിലീപേട്ടന്റെ കഥാപാത്രം പറയുന്നത് സിനിമയുമായി ബന്ധപ്പെടുത്തി തന്നെയാണ്. അല്ലാതെ മറ്റൊന്നും ആലോചിച്ചിട്ടില്ല. ദിലീപേട്ടൻ വേട്ടയാടപ്പെടുകയാണെന്നെന്ന് അദ്ദേഹത്തിന്റെ കൂടെ ഇത്രയും ദിവസമുള്ള യാത്രയിലൂടെ മനസിലായിട്ടുണ്ട്. ദിലീപേട്ടൻ നല്ല സിനിമ ചെയ്യുമ്പോൾ ആളുകൾ സ്വീകരിക്കുമെന്ന് തന്നെയാണ് മനസിലാക്കുന്നത് എന്നും ബിന്റോ സ്റ്റീഫൻ പറഞ്ഞു.
അതേസമയം, ദിലീപ് കടന്നു പോകുന്നത് മോശം സമയത്തിലൂടെയെന്ന് ചിത്രത്തിന്റെ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും പറഞ്ഞിരുന്നു. പല ആർട്ടിസ്റ്റുകളുടെ കൂടേയും ഞാൻ സിനിമകൾ ചെയ്തിട്ടുണ്ട്. ദിലീപേട്ടൻ എന്ന വ്യക്തിയുടെ കൂടെ ആദ്യമായിട്ടാണ് സിനിമ ചെയ്യുന്നത്. ഓരോരുത്തരുടേയും ചെറുപ്പത്തിൽ ഓരോരുത്തരെയാണ് ഹീറോയായിട്ട് കാണുന്നത്. എന്റെ ചെറുപ്പത്തിൽ ദിലീപേട്ടൻ വളരെ വലിയ ഹീറോയാണ്. എന്നെ സംബന്ധിച്ച്, എന്നെ ഒരുപാട് ചിരിപ്പിച്ചിട്ടുള്ള ഹീറോയാണ് ദിലീപേട്ടൻ. അദ്ദേഹം അഭിനയിച്ച സിനിമകളുടെ ലൊക്കേഷനിൽ പോയിട്ടുണ്ട്. പിന്നീട് ഞാൻ സിനിമയിലേക്ക് വന്നു. പല നായകന്മാരുമായി സഹകരിക്കാൻ പറ്റിയിട്ടുണ്ട്.
ദിലീപേട്ടനുമായി ആദ്യമായി സഹകരിക്കുന്ന സിനിമയാണിത്. പക്ഷെ നമ്മളൊരു സിനിമ എടുക്കുമ്പോൾ നിർമ്മാതാവിനെ സംബന്ധിച്ച് റിസ്‌ക് ആണ്. എല്ലാവർക്കും നല്ല സമയമുണ്ട്, മോശം സമയമുണ്ട്. ദിലീപേട്ടന്റെ മോശം സമയത്തിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത്. അത് മറച്ചുവെക്കേണ്ട കാര്യമില്ല. എല്ലാവർക്കും അറിയുന്നതാണ്. ആ സമയത്താണ് ഞാൻ ഈ സിനിമ ചെയ്യുന്നത്.
ഞാൻ എന്തിന് ഈ സിനിമ ചെയ്യുന്നുവെന്ന് ഒത്തിരിപേർ ചോദിച്ചു. മലയാളത്തിൽ വേറെ ഹീറോ ഇല്ലാത്തതുകൊണ്ടാണോ എന്ന് വരെ ചോദിച്ചു. പക്ഷെ ഞാൻ എടുത്തത് എന്നെ ഒരുപാട് ചിരിപ്പിച്ച ഹീറോയെ വച്ചാണ്. കുറ്റം ചെയ്തതെന്ന് തെളിയുന്നത് വരെ ഒരാൾ കുറ്റാരോപിതൻ മാത്രമായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. അതായിരുന്നു എന്റെ ധൈര്യം. ഈ സബ്ജക്ടിലുള്ള ധൈര്യം ഇത് ദിലീപേട്ടൻ ചെയ്താൽ മാത്രമാണ് ഈ സിനിമ തീയേറ്ററിൽ വർക്കാകൂ എന്നതു കൊണ്ടാണ് ഞങ്ങൾ ദിലീപേട്ടന്റെ അടുത്തെത്തിയത്.
ടൈറ്റിൽ പോലും വരുന്നതിന് മുമ്പ്, ആരൊക്കെയാണ് അഭിനയിക്കുന്നത് എന്നൊക്കെ തീരുമാനിക്കും മുമ്പ്, ദിലീപിന്റെ ഒരു സിനിമ തുടങ്ങിയ അന്ന് മുതൽ നെഗറ്റീവുകൾ വന്നു കൊണ്ടിരിക്കുകയാണ്. ഇതെന്താണ് ഇങ്ങനെ നെഗറ്റീവ് വരുന്നതെന്ന് ഞാൻ ദിലീപേട്ടനോട് ചോദിച്ചിരുന്നു. ലിസ്റ്റിൻ ആദ്യമായിട്ടല്ലേ എന്നെ വച്ച് സിനിമ ചെയ്യുന്നത്. അതാണ്, കുറച്ച് കഴിയുമ്പോൾ മനസിലാകും. ഞാനിത് കുറേ നാളുകളായി ശീലിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ എന്ത് പറഞ്ഞാലും നെഗറ്റീവായിട്ടേ പോവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങളെ സംബന്ധിച്ച് ഇത് അതിമനോഹരമായൊരു സിനിമയാണ്. ഈ സിനിമയുടെ ഒരു ബിസിനസും നടന്നിട്ടില്ല. നേരെ പ്രേക്ഷകരുടെ മുന്നിലേക്കാണ് വരുന്നത്. പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത് നല്ലതാണോ എന്ന്. തുടക്കം മുതൽ പ്രേക്ഷകരെ വിശ്വസിച്ചാണ് ഈ സിനിമ ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്. എന്താണ് ദിലീപേട്ടന്റെ സമീപകാലത്തെ സിനിമകളെ പോരായ്മകളെന്നും, ദിലീപേട്ടന്റെ സിനിമകളിൽ എന്താണോ പ്രേക്ഷകൻ എന്ന നിലയിൽ ഞങ്ങൾ കാണാൻ ആഗ്രഹിക്കാത്തത് എന്നൊക്കെ ചർച്ച ചെയ്താണ് ഞങ്ങൾ ഈ സിനിമയിലേക്ക് ഇറങ്ങിയതെന്നും ലിസ്റ്റിൻ കൂട്ടിച്ചേർത്തു.
ഇപ്പോൾ ‘പ്രിൻസ് ആൻഡ് ഫാമിലി’ യിലെ അഫ്സൽ ആലപിച്ച ‘ഹാർട്ട് ബീറ്റ് കൂടണ്’ എന്ന ഗാനം ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കഴിഞ്ഞു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അജയന്റെ രണ്ടാം മോഷണം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം തികച്ചും വ്യത്യസ്തമായ ചിത്രവുമായാണ് മാജിക് ഫ്രെയിംസ് എത്തുന്നത്. ദിലീപ് പ്രിൻസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത്. ദിലീപിന്റെ അനുജന്റെ വേഷത്തിൽ ധ്യാൻ ശ്രീനിവാസനും എത്തുന്നു.
സിദ്ദിഖ്, ബിന്ദു പണിക്കർ, മഞ്ജു പിള്ള, ധ്യാൻ ശ്രീനിവാസൻ, ജോണി ആന്റണി, ജോസ് കുട്ടി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളെ കൂടാതെ നിരവധി പുതു മുഖങ്ങളും ചിത്രത്തിലെത്തുന്നു. ദിലീപേട്ടന് ഒരു ഹിറ്റ് നൽകണം എന്ന ആഗ്രഹത്തിലാണ് ഇങ്ങനെയൊരു ചിത്രം നിർമിക്കാൻ തയാറായത് എന്ന് ലിസ്റ്റിൻ സ്റ്റീഫൻ സിനിമയുടെ പൂജാവേളയിൽ തന്നെ അറിയിച്ചിരുന്നു. ‘പവി കെയർടേക്കർ’ എന്ന ചിത്രമാണ് ദിലീപിന്റെ ഏറ്റവും ഒടുവിൽ റിലീസായ സിനിമ.
അതേസമയം, കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. 2017 ജുലൈ 10 നായിരുന്നു നടൻ ദിലീപ് അറസ്റ്റിലാകുന്നത്. ഗൂഢാലോചന കുറ്റം ചുമത്തിയായിരുന്നു ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ദിലീപിനെതിരെ 19 തെളിവുകളുണ്ടെന്നായിരുന്നു അന്ന് പോലീസ് പറഞ്ഞത്. അറസ്റ്റിന് പിന്നാലെ ജാമ്യം ലഭികുമെന്ന് ദിലീപ് പ്രതീക്ഷിച്ചെങ്കിലും 85 ദിവസങ്ങളോളം ജയിലിൽ കിടക്കേണ്ടി വന്നു. ഒടുവിൽ ഒക്ടോബർ 3 നായിരുന്നു ദിലീപിന് ജാമ്യം ലഭിച്ചത്.
അന്ന് മുതൽ കേസുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി 50 ന് മുകളിൽ ഹർജികളാണ് നൽകിയത്. ലക്ഷങ്ങൾ ഫീസായി നൽകി ഇന്ത്യയിലെ തന്നെ പ്രബലരായ വക്കീലൻമാരെ നിയോഗിച്ചായിരുന്നു ദിലീപ് ഈ ഹർജികളെല്ലാം സമർപ്പിച്ചത്. ആദ്യം നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ടും, രേഖകൾ ആവശ്യപ്പെട്ടുമെല്ലാം ദിലീപ് ഹർജികൾ നൽകി. പിന്നീട് പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കണമെന്നും കുറ്റവിമുക്തമാക്കണമെന്നും ആവശ്യപ്പെട്ടാണ് കോടതിയിലെത്തിയത്.