ഞാൻ ഒരു നടനാണ് എന്ന് എന്നെ പറഞ്ഞ് മനസ്സിലാക്കുന്ന ഒരു സമയം ഉണ്ടായിരുന്നു. അതിന് വേണ്ടി എല്ലാവരുടേയും സിനിമ കാണും. അത് കഴിഞ്ഞ് ഞാൻ എന്റെ സിനിമകൾ തന്നെ കാണാൻ തുടങ്ങി; ദിലീപ്

മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. എങ്കിലും നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

‘പ്രിൻസ് ആൻഡ് ഫാമിലി’, ‘ഭ ഭ ബ’ തുടങ്ങിയ ചിത്രങ്ങളാണ് നടന്റേതായി പുറത്തെത്താനുള്ളത്. വളരെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകരും ദിലീപും കാത്തിരിക്കുന്നത്. ‘പ്രിൻസ് ആൻഡ് ഫാമിലി’ യിലെ അഫ്സൽ ആലപിച്ച ‘ഹാർട്ട് ബീറ്റ് കൂടണ്’ എന്ന ഗാനം ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കഴിഞ്ഞു. ഈ വേളയിൽ ദിലിപ് മുമ്പ് നൽകിയ ഒരു അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുകയാണ്.

കഴിഞ്ഞ കുറച്ചുകാലം ഞാൻ അനുഭവിച്ച പ്രശ്നങ്ങൾ എല്ലാം നിങ്ങൾ കണ്ടതാണ്. കോടതിയും കേസുമൊക്കെയായി എന്താണ് നടക്കുന്നതെന്ന് അറിയില്ലായിരുന്നു. അതോടെ ഒരു നടനാണ് എന്നത് ഞാൻ തന്നെ മറന്നുപോയ അവസ്ഥയായി’ എന്നാണ് അഭിമുഖത്തിൽ ദിലീപ് പറയുന്നത്. ഞാൻ ഒരു നടനാണ് എന്ന് എന്നെ പറഞ്ഞ് മനസ്സിലാക്കുന്ന ഒരു സമയം ഉണ്ടായിരുന്നു. അതിന് വേണ്ടി എല്ലാവരുടേയും സിനിമ കാണും. അത് കഴിഞ്ഞ് ഞാൻ എന്റെ സിനിമകൾ തന്നെ കാണാൻ തുടങ്ങി. അങ്ങനെയാണ് എനിക്ക് വീണ്ടും അഭിനയിക്കണമെന്ന തോന്നലുണ്ടാകുന്നത്. രണ്ട് വർഷം ഞാൻ അഭിനയിച്ചിട്ടേ ഉണ്ടായിരുന്നില്ല. എല്ലാം തീരട്ടെ എന്നിട്ട് നോക്കാം എന്ന നിലപാടിലായിരുന്നു ഞാൻ. എന്നാൽ ഒന്നും തീർക്കാൻ ആർക്കും താൽപര്യം ഇല്ല. മറുവശത്ത് എന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ പറയുന്നത് നിങ്ങൾ വീണ്ടും സിനിമ ചെയ്യണമെന്നാണ്.

എനിക്ക് ദൈവം തന്ന നിധിയാണ് സിനിമ. അതിനെ പൊന്നുപോലെ നോക്കിക്കൊണ്ടുപോയ ഒരാളുമായിരുന്നു ഞാൻ. പെട്ടെന്നാണ് ഒരു ഇത് കിട്ടുന്നത്. എന്തായാലും അതിൽ നിന്നെല്ലാം മാറി ദൈവം അനുഗ്രഹിച്ച് വീണ്ടും വ്യത്യസ്തമായ വേഷങ്ങളൊക്കെ ലഭിച്ച് തുടങ്ങുന്നു. അതിന് വേണ്ടി ഞാൻ പരിശ്രമിക്കുന്നു. എന്റെ ലോകം സിനിമയാണ്. അത്രമേൽ ഞാൻ സിനിമയെ സ്നേഹിക്കുന്നു. എനിക്ക് എല്ലാം തന്നത് സിനിമയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഞാൻ ഇവിടെ വേണ്ടെന്ന് തീരുമാനിക്കുന്ന കുറച്ചാളുകളുണ്ട്. അതുപോടെ ഞാൻ ഇവിടെ വേണമെന്ന് തീരുമാനിക്കുന്ന ആളുകളുമുണ്ട്. എന്നെ പിന്തുണയ്ക്കന്ന എന്റെ പ്രിയപ്പെട്ട പ്രേക്ഷകരാണ് എന്നെ ഉണ്ടാക്കിക്കൊണ്ടുവന്ന ആൾ. വലിയ കമ്പനികളുടെ സിഇഒമാർ വരന്നെ നമ്മളോട് സംസാരിക്കുമ്പോൾ ‘എന്താണ് ദിലീപ് സിനിമ ചെയ്യാത്തത്, സമ്മർദ്ദ സമയങ്ങളിൽ നിങ്ങളുടെ സിനിമകളാണ് ആശ്വാസമാകുന്നത്. നമ്മൾ നോർമലാകും, നമ്മൾ ചിരിക്കും. നിങ്ങളുടെ ചില സിനിമകളുടെ എവിടം മുതൽ വേണമെങ്കിലും കണ്ട് ആസ്വദിക്കാം’ എന്ന് പറയും. അത് നമുക്ക് കിട്ടുന്ന വലിയ എനർജിയാണ്.

വീണുകഴിഞ്ഞാൽ വീണ്ടും ചാടി എഴുന്നേൽക്കുന്നത് ആ ഒരു എനർജിയിലാണ്. പ്രേക്ഷകന്റെ കയ്യടിയും വാക്കുകളുമാണ് നമ്മുടെ ഊർജ്ജം. പ്രേക്ഷകരുടെ സ്നേഹത്തിൽ അന്ന് മുതൽ ഇന്നുവരെ ഒരു കുറവും എനിക്ക് അനുഭവപ്പെട്ടിട്ടില്ല. ഏറ്റവും വലിയ പ്രതിസന്ധിയിൽ നിൽക്കുന്ന സമയത്താണ് രാമലീല എന്ന ചിത്രം പുറത്തിറങ്ങുന്നത്. എൻ്റെ സിനിമ കാണരുതെന്ന രീതിയിൽ ഒരു വിഭാഗം വലിയ രീതിയിൽ വിഷം കുത്തിവെച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ രാമലീല എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റായെന്നും ദിലീപ് പറയുന്നു.

ഈ വേളയിൽ മൂവിസ്ട്രീറ്റ് എന്ന സിനിമ പ്രേമികളുടെ ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പും സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടുകയാണ്. ഒരു കാലത്ത് തിയറ്ററുകളിൽ ആളെ നിറയ്ക്കാൻ കെൽപ്പുളള ഒരു താരം മാത്രമായിരുന്നില്ല ദിലീപ്. അതിനപ്പുറം മികച്ച അഭിനയശേഷിയും തന്റെതായ ശൈലിയുമുളള നടൻ എന്ന നിലയിലും അദ്ദേഹം സ്വയം അടയാളപ്പെടുത്തിയിരുന്നു. സല്ലാപവും, ജോക്കറും, കഥാവശേഷനും, ഗ്രാമഫോണും, അരികെയും അങ്ങനെ വിരലിൽ എണ്ണാവുന്ന ചില സിനിമകളിൽ തനിക്കു കോമഡി മാത്രമല്ല ഇമോഷണൽ രംഗങ്ങളും അതി ഗംഭീരമായി അവതരിപ്പിക്കാൻ തനിക്കു കഴിയും എന്ന് തെളിയിച്ച ആളാണ് ദിലീപ്.

അതിഭാവുകത്വവും സ്ലാപ്‌സ്റ്റിക് കോമഡിയും നിറഞ്ഞ സിനിമകൾ ഒരുപാടുണ്ട് അദ്ദേഹത്തിന്. എന്നാൽ 2025 വർഷം ആയത് അദ്ദേഹം അറിഞ്ഞില്ലേ എന്നൊരു സംശയം ഉണ്ട് ഇന്നലെ പുറത്തിറങ്ങിയ പ്രിൻസ് &ഫാമിലി എന്ന സിനിമയിലെ പാട്ടു കണ്ടപ്പോൾ.പ്രായം മുഖത്തു നന്നായി അറിയാൻ കഴിയുന്നുണ്ട്. ഇപ്പോഴും ബോഡി ഗാർഡ് മൈ ബോസ് സിനിമയിലെ പോലെ ഉള്ള പാട്ടുകളുടെ ഒരു ശൈലി ആണ് അദ്ദേഹത്തിന് ഇഷ്ടം. നല്ല രീതിയിൽ ബോർ ആകുന്നുണ്ട്.. പഴയ പോലെ കോമഡികൾ ഒന്നും തന്നെ വർക്ക്‌ ആകുന്നുമില്ല.

ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നു എന്നതാണ് കരിയറിൽ ദിലീപിന് പലപ്പോഴും തിരിച്ചടിയാകുന്നത്. ഒരേ പാറ്റേണിലുളള ഫോർമുല സിനിമകളുടെ തടവുകാരാനാണ് അദ്ദേഹം ഇപ്പോഴും. 2025 ൽ എത്തി നിൽക്കുമ്പോഴും മലയാള സിനിമയുടെ മാറ്റങ്ങൾ അദ്ദേഹം അറിയാതെ പോകുന്നത് ആണോ അതോ അറിഞ്ഞു കൊണ്ട് ഇങ്ങനെയൊക്കെ കാണിക്കുന്നത് ആണോ എന്നൊരു സംശയം ഉണ്ട്.. അത് അല്ല പ്രേക്ഷകർക്കു ഇതു മതി എന്നൊരു തോന്നൽ ഉണ്ടാകാം. അരിപ്പൊടി വീഴുന്ന കേക്ക് തട്ടി തെറിപ്പിക്കുന്ന എലിയുടെ പിറകെ ഓടുന്ന ഡബിൾ മീനിങ് കോമഡികൾ പിന്നെ ഒരു പട്ടിയും സിനിമയിൽ ഉടനീളം ഉണ്ടാകുക അങ്ങനെ ഒരേ പറ്റെർണിൽ ആണ് സഞ്ചാരം.

ഇപ്പോഴും താൻ ഫീൽഡിൽ ഉണ്ടെന്ന് കാണിക്കാൻ ദിലീപ് എന്ന നടൻ ചെയ്യുന്ന കോപ്രായങ്ങൾ അസ്സഹനീയം ആണ്. അദ്ദേഹം ഇപ്പോഴും 15വർഷം പിറകിൽ ആണ്..ഇപ്പോൾ ഉള്ള മലയാള സിനിമയുടെ കൂടെ ഓടി എത്താൻ അദ്ദേഹത്തിന് കഴിയുന്നുമില്ല. കമ്മാര സംഭവത്തിൻറെ പ്രമോഷൻ സമയത്ത് മുരളി ഗോപി പറഞ്ഞിട്ടുണ്ട്.. ദിലീപ് എന്ന നടൻ തന്റെ കഴിവിന്റെ 50% പോലും ഇത് വരെ എക്സ്പ്ലോർ ചെയ്തിട്ടില്ല എന്ന്.

അതിനു ദിലീപ് എന്ന നടനും കൂടെ വിചാരിക്കണം.. തന്റെ പ്രേക്ഷകർക്കു ഇപ്പോഴും പഴം തൊലി തമാശകളും പോക്കറ്റിൽ കൈ ഇട്ടു കൊണ്ടുള്ള പ്രണയ ഗാനങ്ങളും അരിപ്പൊടി വീഴുന്ന കേക്ക് തട്ടി തെറിപ്പിക്കുന്ന എലിയുടെ പിറകെ ഓടുന്ന ഡബിൾ മീനിങ് കോമഡികൾ അല്ല വേണ്ടത് എന്നൊരു ചിന്ത ഉണ്ടാകണം. പണ്ടൊക്കെ വീട്ടിൽ അമ്മക്ക് ദിലീപ് സിനിമകൾ ഭയങ്കര ഇഷ്ടം ആയിരുന്നു.

എന്നാൽ ഇന്ന് ഒരൊറ്റ ദിലീപ് സിനിമകളും അമ്മ മുഴുവൻ കാണാൻ ഇരിക്കാറില്ല. ഇനി എങ്കിലും താങ്കളുടെ അടുത്ത് വരുന്ന നല്ല സ്ക്രിപ്റ്റുകൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുക.. സ്ക്രിപ്റ്റുകളിൽ ഫോഴ്സ് ഫുള്ളി താങ്കൾക്ക് ഇഷ്ടമുള്ള രംഗങ്ങൾ ആഡ് ചെയ്യാൻ പ്രഷർ നൽകാതെ അഭിനയ സാധ്യത ഉള്ള സിനിമകൾ തിരഞ്ഞെടുത്തില്ല എങ്കിൽ ഞങ്ങൾക്ക് കാണുവാൻ ഇപ്പോഴും ടീവിയിൽ മീശ മാധവനും സി ഐ ഡി മൂസയും ഗ്രാമഫോണും പാണ്ടിപ്പടയും എല്ലാം ഉണ്ട് എന്ന് ഒന്ന് ഓർക്കുക. അതൊക്കെ തന്നെ ഞങ്ങൾ വീണ്ടും കണ്ടു കൊള്ളാം എന്നാണ് പറയുന്നത്.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രം ഏപ്രിലിൽ റിലീസിനെത്തും. അജയന്റെ രണ്ടാം മോഷണം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം തികച്ചും വ്യത്യസ്തമായ ചിത്രവുമായാണ് മാജിക് ഫ്രെയിംസ് എത്തുന്നത്.

ദിലീപ് പ്രിൻസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത്. ദിലീപിന്റെ അനുജന്റെ വേഷത്തിൽ ധ്യാൻ ശ്രീനിവാസനും എത്തുന്നു. സിദ്ദിഖ്, ബിന്ദു പണിക്ക‍ർ, മഞ്ജു പിള്ള, ധ്യാൻ ശ്രീനിവാസൻ, ജോണി ആന്റണി, ജോസ് കുട്ടി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളെ കൂടാതെ നിരവധി പുതു മുഖങ്ങളും ചിത്രത്തിലെത്തുന്നു.

ഈ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ദിലീപ് പറഞ്ഞ കാര്യങ്ങളും ശ്രദ്ധ നേടിയിരുന്നു. ഞാൻ സ്വന്തമായി ചാനൽ തുടങ്ങിയിട്ട് ഇല്ലെങ്കിലും എന്റെ പേരിൽ യൂട്യൂബുമായി ജീവിക്കുന്ന ഒരുപാട് ആളുകൾ ഉണ്ടെന്നാണ് നടൻ പറയുന്നത്. ഞാൻ കാരണം യൂട്യൂബ് ചാനലുകൾ തുടങ്ങിയ ഒരുപാട് ആളുകളുണ്ട്. ഞാനൊന്ന് വെറുതെ ഇരുന്നു കൊടുത്താൽ മതി. അതിലൂടെ അവരൊക്കെ ലക്ഷങ്ങളാണ് ഉണ്ടാക്കുന്നത്. ഞാൻ സ്വന്തമായി ചാനൽ തുടങ്ങിയില്ലെങ്കിലും ഇവരൊക്കെ എന്നെ കൊണ്ട് ഉണ്ടാക്കുന്നതിന്റെയൊക്കെ ഒരു വിഹിതം എനിക്ക് തന്നാൽ മതിയായിരുന്നു.

കേശു ഈ വീടിന്റെ നാഥൻ എന്ന് പറയുന്ന പോലെ ഞാനാണ് അവരുടെ ഐശ്വര്യം. അവരുടെയൊക്കെ അംബാസിഡർ ആണ് ഞാൻ’ എന്നും ദിലീപ് പറയുന്നു. അതിനർത്ഥം ദിലീപേട്ടൻ യൂട്യൂബ് ചാനൽ തുടങ്ങില്ല എന്നാണോ എന്ന ലക്ഷ്മിയുടെ മറുചോദ്യത്തിന് താൻ അങ്ങനെയല്ല പറഞ്ഞതൊന്നും യൂട്യൂബ് ചാനൽ തുടങ്ങുമോ ഇല്ലയോ എന്നൊന്നും പറയാൻ പറ്റില്ലെന്നും ദിലീപ് കൂട്ടിചേർത്തു.

വളരെ തമാശയോടെ ദിലീപ് പറഞ്ഞ വാക്കുകൾ വൈറൽ ആവുകയാണ്. നടി കാവ്യ മാധവനെ വിവാഹം കഴിച്ചതിന് ശേഷവും നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ജയിലിൽ പോയതോടുകൂടിയുമാണ് വിവാദങ്ങളും വിമർശനങ്ങളും കൂടി. ഇതുമായി ബന്ധപ്പെട്ട് നിരവധി പേർ നിരവധി കാര്യങ്ങളാണ് യൂട്യൂബിൽ പലതും പ്രചരിച്ചിരുന്നത്. ഇതേ കുറിച്ചാണ് പരിഹാസരൂപേണ ദിലീപ് പറഞ്ഞത്.

Vijayasree Vijayasree :