‘തങ്കമണി’യുമായി ദിലീപ്; കേരളത്തെ പിടിച്ചുകുലുക്കിയ സംഭവം; ചിത്രീകരണം പൂര്‍ത്തിയായി

കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേസും വിവാദവുമെല്ലാമായി എപ്പോഴും തലക്കെട്ടുകളിൽ നിറയുന്ന നടനാണ് ദിലീപ്. ഇത്രയേറെ പ്രശ്നങ്ങൾ ഉണ്ടായിട്ടും ജനപ്രിയ നായകൻ എന്ന ടാഗ് ലൈൻ മലയാളികൾ ദിലീപിൽ നിന്നും തിരികെ എടുത്തിട്ടില്ല. ഇപ്പോൾ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമകളിൽ സജീവമായിരിക്കുകയാണ് ദിലീപ്.

കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ തങ്കമണി സംഭവം സിനിമയാകുന്നു. ദിലീപാണ് ചിത്രത്തിൽ നായകനാകുന്നത്. ചിത്രത്തിന് പേരും ‘തങ്കമണി’ എന്ന് തന്നെയാണ്. എൺപതുകളുടെ മധ്യത്തിൽ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ, പൊലീസിന്‍റെ നരനായാട്ടിലൂടെ കുപ്രസിദ്ധി നേടിയ ഇടുക്കിയിലെ തങ്കമണി സംഭവമാണ് സിനിമയുടെ പ്രമേയം. സൂപ്പർ ഗുഡ് ഫിലിംസിന്‍റെ ബാനറിൽ ആർ.ബി. ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് രതീഷ് രഘുനന്ദനാണ്. ‘ഉടൽ’ എന്ന ചിത്രത്തിനു ശേഷം രതീഷ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലൂടെ തങ്കമണി ഇപ്പോൾ വീണ്ടും ചർച്ചകളിലിടം നേടിയിരിക്കുകയാണ്. കേരള സമൂഹം വിസ്മരിച്ചു കളഞ്ഞൊരു ചരിത്രത്തെ ഓർമ്മപ്പെടുത്തുകയാണ് ‘തങ്കമണി’ എന്ന സിനിമയിലൂടെ അണിയറപ്രവർത്തകർ.

ഇടുക്കി ജില്ലയിലെ കാമാക്ഷി പഞ്ചായത്തിലെ ഒരു മലയോര ഗ്രാമമാണ് തങ്കമണി. എൺപതുകളുടെ മധ്യത്തിൽ കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ നാടായി ചരിത്രത്തിൽ പിന്നീട് തങ്കമണിയെ അടയാളപ്പെടുത്തി. ഒരു ബസ്സ് സർവീസിനെ ചൊല്ലിയുണ്ടായ ഒരു തർക്കം കേരള മനസാക്ഷിയെ ഞെട്ടിച്ച വെടിവെപ്പിലാണ് കലാശിച്ചത്. ദൈനംദിന ആവശ്യങ്ങൾക്ക് കട്ടപ്പന ടൗണിനെയാണ് പ്രധാനമായും തങ്കമണിയിലെ ജനങ്ങൾ ആശ്രയിച്ചിരുന്നത്. എന്നാൽ പരിമിതമായ ബസ്സ് സർവീസുകൾ മാത്രമേ ഈ റൂട്ടിൽ അന്നത്തെ കാലത്ത് നിലവിലുണ്ടായിരുന്നൊള്ളൂ. ഒരുപാട് വിദ്യാർത്ഥികളും കൂലിപ്പണിക്ക് പോവുന്ന മനുഷ്യരുമടക്കം നിരവധി പേരാണ് ഈ ബസ്സ് സർവീസിനെ ആശ്രയിച്ച് മുന്നോട്ട് പോയിരുന്നത്. എന്നാൽ ഇവിടേക്ക് സർവീസ് നടത്തിയിരുന്ന ‘എലൈറ്റ്’ ബസ് തങ്കമണിയിലേക്ക് സർവീസ് നടത്തിയിരുന്നില്ല, തങ്കമണി വരെയുള്ള ബസ്സ് ചാർജ് വാങ്ങുകയും എന്നാൽ തൊട്ടടുത്തുള്ള പാറമട എത്തുമ്പോൾ സർവീസ് നിർത്തി വെക്കുകയുമാണ് പതിവ്.

ഇതിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധിച്ചതിനെ തുടർന്ന് ബസ്സ് ജീവനക്കാർ വിദ്യാർത്ഥികളെ മർദ്ദിക്കുകയും തിരിച്ച് പോവുകയും ചെയ്തു. പിറ്റേ ദിവസം നാട്ടുകാരും വിദ്യാർത്ഥികളും ചേർന്ന് ബലം പ്രയോഗിച്ച് ബസ്സ് തങ്കമണി വരെ എത്തിക്കുകയും ചെയ്തു, എന്നാൽ ബസ്സുടമ ദേവസ്യയും ജീവനക്കാരും ചേർന്ന് ബസ്സ് തിരികെകൊണ്ട് പോവാൻ ശ്രമിച്ചെങ്കിലും സംഘർഷമുണ്ടായതിനെ തുടർന്ന് പൊലീസെത്തി നാട്ടുകാർക്കെതിരെ വെടിയുതിർക്കുകയും,സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമം നടത്തുകയും ചെയ്തു.വെടിവെപ്പിൽ വികലാംഗനായ കോഴിമല അവറാച്ചൻ കൊല്ലപ്പെട്ടു, കൂടാതെ ഉടുമ്പയ്ക്കൽ മാത്യു എന്നയാൾക്ക് രണ്ട് കാലുകളും നഷ്ടമാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

1986 ഒക്ടോബർ 22 നായിരുന്നു പൊലീസിന്റെ ഈ നരനായാട്ട് അരങ്ങേറിയത്. കലാപത്തെ കുറിച്ച് അന്വേഷിക്കാൻ മന്ത്രിസഭ ജസ്റ്റിസ് ഡി. ശ്രീദേവികമ്മീഷനായി നിയമിച്ചിരുന്നു, പൊലീസ് ലൈംഗികാതിക്രമം നടത്തിയെന്ന് കമ്മീഷന് മൊഴി നല്കിയിട്ടും അന്നത്തെ കരുണാകരൻ സർക്കാർ സംഭവത്തിൽ പ്രത്യേകിച്ച് നടപടികളൊന്നും തന്നെ എടുത്തിരുന്നില്ല.

1987 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപായിരുന്നു ഈ ഭരണകൂട ഭീകരത തങ്കമണിയിൽ അരങ്ങേറിയത്. കെ. കരുണാകരൻ തന്നെയായിരുന്നു അന്നത്തെ ആഭ്യന്തരമന്ത്രിയും. അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി നേരിട്ടെത്തി യു. ഡി. എഫ് പ്രചാരണങ്ങൾക്ക് നേതൃത്വം കൊടുത്തെങ്കിലും തിരഞ്ഞെടുപ്പിൽ യു. ഡി. എഫ് പരാജയപ്പെടുകയും ഇ.കെ നായനാരുടെ നേതൃത്വത്തിൽ എൽ. ഡി. എഫ് സർക്കാർ അധികാരത്തിലേറുകയും ചെയ്തു.

ഇതേ ‘എലൈറ്റ്’ ബസ്സിന്റെ ഉടമയായ ദേവസ്യ പിന്നീട് കുമളി ഗസ്റ്റ് ഹൗസ് ഉദ്യോഗസ്തനാവുകയും സൂര്യനെല്ലി സ്ത്രീപീഡന കേസിലെ മുഖ്യ പ്രതികളിലൊന്നായി ഒളിവിൽ പോവുകയും ചെയ്തത് മറ്റൊരു ചരിത്രം. 1987 ൽ പി. ജി വിശ്വംഭരൻ സംവിധാനം ചെയ്ത ‘ഇതാ സമയമായി’ ആണ് തങ്കമണി വെടിവെപ്പ് ആസ്പദമാക്കി ആദ്യമായി പുറത്തിറങ്ങിയ സിനിമ. മുപ്പത്തിയാറ് വർഷങ്ങൾക്ക് ശേഷം തങ്കമണി വീണ്ടും വെള്ളിത്തിരയിലെത്തുന്നു. കാത്തിരുന്ന് കാണാം സിനിമ ചരിത്രത്തോട് നീതി പുലർത്തുമോ ഇല്ലയോ എന്ന്.

ബിഗ് ബജറ്റിൽ ഒരുങ്ങുന്ന സിനിമയിലെ ചില സുപ്രധാന രംഗങ്ങൾ ചിത്രീകരിക്കുന്നതിനായി കട്ടപ്പനയ്ക്കടുത്ത് രണ്ടര ഏക്കർ സ്ഥലത്ത് ആർട്ട് ഡയറക്ടർ മനു ജഗത് വൻ സെറ്റ് തന്നെയാണ് ഒരുക്കിയിരുന്നത്. തെന്നിന്ത്യയിലെ പ്രഗത്ഭരായ ഫൈറ്റ് മാസ്റ്റർമാരായ രാജശേഖരൻ, സ്റ്റൺ ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി എന്നിവർ ഒരുക്കുന്ന സംഘട്ടന രംഗങ്ങളാണ് സിനിമയിലേതെന്നതും പ്രത്യേകതയാണ്.

സിനിമയുടെ ചിത്രീകരണം കട്ടപ്പനയിൽ പൂർത്തിയായി കഴിഞ്ഞു. നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് ദിലീപിന്‍റെ നായികമാരായി എത്തുന്നത്. കൂടാതെ മലയാളത്തിലേയും, തമിഴിലേയും ഒരു വൻ താരനിര തന്നെ ചിത്രത്തിലെത്തുന്നുണ്ട്.

അജ്മൽ അമീർ, സുദേവ് നായർ, സിദ്ദീഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ,അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, സ്മിനു, തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത്ത് റാം എന്നിവർക്ക് പുറമേ അൻപതിലധികം ക്യാരക്ടർ ആർട്ടിസ്റ്റുകളും സിനിമയുടെ ഭാഗമാകുന്നുണ്ട്. അഞ്ഞൂറിലേറെ ജൂനിയർ ആർട്ടിസ്റ്റ്സുകളും സിനിമയിൽ അണിനിരക്കുന്നുണ്ട്. ഈരാറ്റുപേട്ട, പൂഞ്ഞാർ, കാഞ്ഞിരപ്പളളി, കൂട്ടിക്കൽ, കുട്ടിക്കാനം, പീരുമേട്, കട്ടപ്പന, കോട്ടയം സി.എം.എസ് കോളേജ് എന്നിവടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

Noora T Noora T :