സത്യസന്ധമായ പരാതി ലഭിച്ചത് കൊണ്ടാകും അസോസിയേഷന്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തത്, വെറുതേ ആരെയും വിലക്കില്ലല്ലോ; ധ്യാന്‍ ശ്രീനിവാസന്‍

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു യുവ നടന്മാരായ ഷെയിന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവരെ സിനിമാ സംഘടനകള്‍ വിലക്കിയത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. സത്യസന്ധമായ പരാതി ലഭിച്ചത് കൊണ്ടാകും അസോസിയേഷന്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നും അല്ലെങ്കില്‍ ആരെയും വിലക്കാനോ അവരുടെ ജോലിയില്‍ ഇടപെടാനോ അവര്‍ പോകില്ലെന്നും ധ്യാന്‍ പറഞ്ഞു.

‘ഷെയിന്‍ നിഗവുമായി ഞാന്‍ വര്‍ക്ക് ചെയ്തിട്ടില്ല. അതുകൊണ്ട് അറിയത്തില്ല. ശ്രീനാഥ് ഭാസിയുമായി വര്‍ക്ക് ചെയ്യുന്ന സമയത്ത് ഇപ്പോള്‍ പറയുന്ന പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്തായാലും പ്രോപ്പര്‍ പരാതി ലഭിച്ചത് കൊണ്ടായിരിക്കണമല്ലോ അസോസിയേഷന്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തിട്ടുണ്ടായിരിക്ക.

കൃത്യമായി പ്രൊഡക്ഷന്റെ ഭാഗത്ത് നിന്നും പരാതികള്‍ വരുമ്പോഴാണ് ഇങ്ങനെ ഉണ്ടാകുന്നത്. അല്ലാണ്ട് പെട്ടൊന്നൊരു ദിവസം ഇങ്ങനെ ചെയ്യില്ലല്ലോ. തുടരെ പരാതികള്‍ ലഭിച്ചിട്ടുണ്ടാകാം. അല്ലാതെ ഒരിക്കലും ആരെയും വിലക്കാനോ അവരുടെ ജോലിയില്‍ ഇടപെടാനോ ഒരു സംഘടനയും പോകില്ല. സത്യസന്ധമായിട്ടുള്ള പരാതികള്‍ ആയിരിക്കാം’, എന്നാണ് ധ്യാന്‍ പറഞ്ഞത്.

അതേസമയം, സംഘടനകളുടെ വിലക്കിന് പിന്നാലെ താര സംഘടനയായ അമ്മയില്‍ അംഗത്വം നേടാന്‍ ശ്രീനാഥ് ഭാസി അപേക്ഷ നല്‍കിയിട്ടുണ്ട്. കലൂരില്‍ അമ്മയുടെ ആസ്ഥാനത്ത് എത്തിയാണ് ശ്രീനാഥ് ഭാസി അപേക്ഷ നല്‍കിയത്. ഇത്തവണത്തെ വിവാദത്തില്‍ ശ്രീനാഥിനെ താരസംഘടന പൂര്‍ണ്ണമായും കൈയ്യൊഴിഞ്ഞിരുന്നു.

ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പ് ഡേറ്റ് സംബന്ധിച്ചും സെറ്റിലെ വ്യവസ്ഥകള്‍ സംബന്ധിച്ചും അഭിനേതാക്കള്‍ കരാര്‍ ഒപ്പിടാന്‍ നിര്‍മ്മാതാക്കളുടെ സംഘടനയും അമ്മയും തമ്മിലുള്ള ധാരണയായിരുന്നു. എന്നാല്‍ താന്‍ അമ്മയില്‍ അംഗമല്ല എന്ന കാരണം പറഞ്ഞ് ശ്രീനാഥ് ഒഴിഞ്ഞ് മാറിയതായും പരാതികള്‍ ഉയര്‍ന്നിരുന്നു. വിലക്ക് നേരിടുന്ന ഷെയ്ന്‍ നിഗം നിലവില്‍ അമ്മ അംഗമാണ്.

Vijayasree Vijayasree :