അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് ശക്തമായ മടങ്ങിവരവിനൊരുങ്ങുകയാണ് നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത. മടങ്ങി വരവില്‍ നിരവധി പേര്‍ താരത്തിന് ആശംസ അറിയിക്കുന്നുണ്ട്. അതിനിടെ നടിയുടെ തിരിച്ച് വരവിനെ കുറിച്ച് പറയുകയാണ് സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായ ധന്യ രാജേന്ദ്രന്‍. അതിജീവിതയുടെ ഒരുപാട് പല സുഹൃത്തുക്കളും അവരെ മടക്കി കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അവരെ സംബന്ധിച്ച് ഒരു സുരക്ഷിതമായ സാഹചര്യം ആണ് എന്ന് നമ്മുക്ക് ബോധ്യപ്പെടുത്താന്‍ സാധിച്ചിരുന്നില്ലെന്ന് ധന്യ പറയുന്നു.
അഞ്ച് വര്‍ഷം അതിജീവിത എന്തുകൊണ്ട് വന്നില്ലെന്നത് ഒരു ആത്മപരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. അതിജീവിത തന്നെ പറഞ്ഞിട്ടുണ്ട് അവര്‍ ബാംഗ്ലൂരില്‍ ഉണ്ടാക്കിയ ആ സേഫ് സാഹചര്യം കളയേണ്ടതുണ്ടോയെന്ന് ചിന്തിച്ചിട്ടുണ്ടെന്ന്. അതിജീവിതയുടെ ഒരുപാട് സുഹൃത്തുക്കളും അവരെ മടക്കി കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അവരെ സംബന്ധിച്ച് ഒരു സുരക്ഷിതമായ സാഹചര്യം ആണ് എന്ന് നമ്മുക്ക് ബോധ്യപ്പെടുത്താന്‍ സാധിച്ചിരുന്നില്ല. അത് സിനിമാ മേഖലയുടെ ഒരു പരാജയമായിരുന്നു.
കേസ് അവസാനിച്ചെന്ന് പൊതുസമൂഹം കരുതിയിടത്ത് ബാലചന്ദ്രകുമാര്‍ വരികയും ആ സമയത്ത് സമൂഹത്തില്‍ നിന്നും അവര്‍ക്ക് ലഭിച്ച വലിയ പിന്തുണയുമാണ് അവര്‍ക്ക് തിരിച്ച് വരവിന് പ്രചോദനമായത്. ആഷിഖ് അബു ,പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങി നിരവധി പേര്‍ അവരെ മടക്കി കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ തിരിച്ച് വന്നാല്‍ പ്രശ്‌നമാകുമോ? സെറ്റിലൊക്കെ ആളുകള്‍ എങ്ങനെ പെരുമാറും എന്നൊക്കെയുള്ള ഭയം അവര്‍ക്കുണ്ടായിരുന്നു. ജനങ്ങളുടെ പിന്തുണ തന്നെയാണ് അവര്‍ക്ക് ഇപ്പോള്‍ പ്രചോദനമായിരിക്കുന്നത്.
അതിജീവിത തിരിച്ച് വരവിന് തയ്യാറെടുത്തപ്പോള്‍ ദുബായില്‍ വെച്ചൊരു പരിപാടിയില്‍ അവര്‍ ധരിച്ചൊരു വസ്ത്രത്തെ കുറിച്ച് ഒരു വിവാദം ഉണ്ടായിരുന്നു. ആ സമയത്ത് രണ്ടാമത്തെ മലയാള ചിത്രം കരാര്‍ ഒപ്പ് വൈക്കാന്‍ പോകുന്നതിനിടെയായിരുന്നു സംഭവം. അന്നും അവര്‍ക്ക് ആശങ്ക ഉണ്ടായി. നമ്മുടെ സമൂഹം അതിജീവിതയോട് എങ്ങനെ പെരുമാറുന്നു എന്നതാണ്. സമൂഹം അതിജീവിതയ്ക്ക് കൊടുക്കേണ്ട ഒരു പിന്തുണയുണ്ട്.
തുടക്കത്തില്‍ സിനിമാ മേഖലയില്‍ നിന്ന് പിന്തുണച്ചെങ്കിലും പിന്നീട് അതൊക്കെ കുറഞ്ഞ് വരുന്ന സാഹചര്യം ഉണ്ടായിരുന്നു. അവള്‍ക്കൊപ്പം എന്ന് പറഞ്ഞ് അവനോടൊപ്പം എന്ന് പലരും പറഞ്ഞപ്പോള്‍ സിനിമാ മേഖലയില്‍ നിന്നുളളവര്‍ ഒപ്പമുണ്ടെന്ന നൂറ് ശതമാനം വിശ്വാസം അവര്‍ക്കുണ്ടായിരുന്നില്ല. അതിജീവിത ആദ്യമായി ഇതിനെ കുറിച്ച് പോസ്റ്റ് ഇട്ടപ്പോള്‍ അന്ന് സിനിമാ മേഖലയില്‍ നിന്നടക്കം നിരവധി പേര്‍ പിന്തുണച്ച് എത്തി. അതാണ് അവര്‍ക്ക് തിരിച്ച് വരവിന് ധൈര്യം പകര്‍ന്നത്.
അതിജീവിത രണ്ടാമത്തെ സിനിമ കൂടി ഉടന്‍ ചെയ്യുന്നുണ്ട്. എന്നിരുന്നാലും കേസിന്റെ വിധി വരാനിരിക്കുകയാണ്. അതിന് ശേഷമുള്ള പ്രതികരണം അനുസരിച്ചായിരിക്കും അവര്‍ ഇനിയും സിനിമകള്‍ ചെയ്യുമോയെന്നത് തീരുമാനിച്ചേക്കുക. അതിജീവിതയുടെ മാത്രം പോരാട്ടമല്ല, ഇത് കുറേ പേരുടെ പോരാട്ടം കൂടിയാണ്. ഡബ്ല്യുസിസി അടക്കം പലരും അവര്‍ക്ക് വേണ്ടി പോരാടുകയാണ്. ഇവരുടെ പോരാട്ടം കൊണ്ട് മലയാള സിനിമയില്‍ വലിയ മാറ്റം ഉണ്ടായി എന്നൊന്നും പറയാന്‍ പറ്റില്ല. എന്നിരുന്നാലും ഇതൊരു പോസിറ്റീവായ കാര്യമാണ്’, ചര്‍ച്ചയില്‍ ധന്യ പറഞ്ഞു.
അതിജീവിതയുടെ തിരിച്ച് വരവ് മാറ്റത്തിന്റെ പ്രതിഫലനം കൂടിയാണെന്നായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത സംവിധായകന്‍ പ്രകാശ് ബാരെയുടെ പ്രതികരണം.. ഇത്തരം കേസുകളില്‍ കുറ്റം ചെയ്തയാള്‍ മീശപിരിച്ച് സിനിമയില്‍ ഞെളിഞ്ഞ് നടക്കുകയും അനുഭവിച്ചവര്‍ സമൂഹത്തിന്റെ മുന്നില്‍വരാന്‍ ധൈര്യപ്പെടാതെ ഒളിച്ചോടുകയും ചെയ്യുന്ന സമൂഹമാണ് നമ്മുടേത്. എന്നാല്‍ അതിജീവിത ഈ കേസില്‍ ധൈര്യത്തോടെ നിലപാട് എടുക്കുകയും യാതൊരു ചഞ്ചലതയും ഇല്ലാതെ നിലനില്‍ക്കുകയും ചെയ്ത് അവസാനം മലയാളിയുടെ മുന്നിലേക്ക് സിനിമയിലൂടെ തിരിച്ച് വരികയാണ്’, എന്നും പ്രകാശ് ബാരെ പറഞ്ഞു.
അതേസമയം ഇടവേളയ്ക്ക് ശേഷം പലരും സിനിമയിലേക്ക് തിരിച്ച് വന്നത് പോലെ അതിജീവിതയുടെ തിരിച്ച് വരവിനെ ലഘുകരിക്കുന്നത് മോശമാണ്. കേസില്‍ പ്രതിയായ ദിലീപ് ജയിലില്‍ കിടന്നതിന് ശേഷം തിരിച്ച് വന്നത് പോലെ എന്നൊക്കെ അതിജീവിതയുടെ തിരിച്ച് വരവിനെ പറയുന്നത് ക്രൂരമാണ്. വലിയ സങ്കടമുള്ള കാര്യമാണ്. ഇരയോടൊപ്പം നില്‍ക്കുന്നുവെന്ന് പ്രഖ്യാപിച്ച് വേട്ടക്കാരനൊപ്പം ഓടുന്ന നിലപാടാണ് ഇതൊക്കെ.
എട്ടാം പ്രതിയായ വ്യക്തി ആദ്യം പറഞ്ഞത് ഈ കേസില്‍ കുറ്റക്കാരായ ആളുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ്.അത് തന്നെയാണ് നമ്മുക്കും പറയാനുള്ളത്. അതില് വെള്ളം ചേര്‍ക്കാന്‍ നില്‍ക്കരുതെന്ന് മാത്രമാണ്. ഭാവന തിരിച്ച് വരുമ്പോള്‍ മികച്ച ഒരു കരിയര്‍ ആശംസിക്കുകയാണ്. അവര്‍ക്ക് ശക്തമായ കഥാപാത്രങ്ങള്‍ കിട്ടട്ടെ എന്ന് മാത്രമാണ് പറയാനുള്ളത്.
വളര്‍ത്തി കൊണ്ട് വന്ന സ്വന്തം അച്ഛനാണെങ്കില്‍ പോലും ഒരു പെണ്‍കുട്ടിയോട് മോശമായി പെരുമാറുന്നുണ്ടെങ്കില്‍ ഒരിക്കലും ഒരു ന്യായീകരണം അര്‍ഹിക്കുന്നില്ല. അതിജീവിതയ്ക്ക് കുറ്റാരോപിതനായ ആള്‍ മുന്‍പ് കഥാപാത്രം നല്‍കിയിരുന്നുവെങ്കില്‍, ഇന്ന് ആരോപിക്കപ്പെടുന്നത് പോലുള്ള കുറ്റം ചെയ്തയാളാണെങ്കില്‍ ആ ഉപകാരത്തിനൊന്നും ഒരു അര്‍ത്ഥവുമില്ല എന്നും അദ്ദേഹം പറഞ്ഞു.