24 വയസ്സുള്ള ഒരു യുവതി വിധവയാകുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവികമായ പ്രതിസന്ധി ഞാൻ അനുഭവിച്ചു ,രണ്ടാം വിവാഹവും വിജയിച്ചില്ല – ദേവി അജിത്

മകൾക്കായി ജീവിക്കുകയാണ് നടി ദേവി അജിത്ത് . അതിനൊപ്പം തന്നെ സിനിമയിലും സീരിയലും നല്ല നല്ല വേഷങ്ങളും അവതരിപ്പിക്കുന്നുണ്ട് . ഇടക്കാലത്ത് ദേവി അജിത് മദ്യപാനം നിർത്തി എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. അങ്ങനെ പറയാഞ്ഞിട്ടും അത്തരത്തിൽ വാർത്തകൾ വരികയായിരുന്നു. അതിനെക്കുറിച്ചും ജീവിതത്തെ കുറിച്ചും മനസ് തുറക്കുകയാണ് ദേവി അജിത്ത് .

‘‘ഞാൻ അങ്ങനെ പറഞ്ഞിട്ടേയില്ല. പിന്നെ, എന്തുകൊണ്ട് അങ്ങനെ പ്രചരിക്കപ്പെടുന്നു എന്നു ചോദിച്ചാൽ ആരുടെയൊക്കയോ സങ്കൽപ്പങ്ങൾ എന്നേ പറയാൻ പറ്റൂ’’.മകളാണ് ദേവിക്ക് എല്ലാം .

നന്ദന എന്നാണ് മോളുടെ പേര്. നന്നു എന്നാണ് ഞാൻ വിളിക്കുന്നത്. മോൾ ജനിക്കുമ്പോള്‍ എനിക്ക് 20 വയസ് കഴിഞ്ഞിട്ടേയുള്ളു. മോൾക്ക് 4 വയസ്സുള്ളപ്പോഴാണ് അജിയുടെ മരണം. എനിക്കപ്പോൾ 24 വയസ്സ്. വേർപാടിന്റെ നൊമ്പരം ബാധിക്കാത്ത, കാര്യങ്ങള്‍ മനസ്സിലാകാത്ത ഒരു പ്രായമായിരുന്നല്ലോ മോൾക്ക്. എങ്കിലും അവൾ അച്ഛന്റെ സാന്നിധ്യം മിസ് ചെയ്തിരിക്കാം. പക്ഷേ, അത് അറിയിക്കാതെയാണ് ഞാനും എന്റെ അച്ഛനും അമ്മയുമൊക്കെച്ചേർന്ന് അവളെ വളർത്തിയത്.

അജി മരിച്ചപ്പോൾ എനിക്ക് കുറച്ചു കഷ്ടപ്പാടുകൾ ഉണ്ടായിരുന്നു. അത് മോളെ വളർത്താനുള്ളതായിരുന്നില്ല. 24 വയസ്സുള്ള ഒരു യുവതി വിധവയാകുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവികമായ പ്രതിസന്ധികളായിരുന്നു അവ. അജിയുടെ മരണശേഷം വെറുതെ വീട്ടിൽ ഇരിക്കുന്നതിനോട് എനിക്ക് താൽപര്യമുണ്ടായിരുന്നില്ല. മാനസികമായി അത് എന്നെ ബാധിക്കുമായിരുന്നു. മോളെ നന്നായി വളർത്താനും എനിക്ക് വരുമാനം വേണമായിരുന്നു. അങ്ങനെ അജി മരിച്ച് 6 മാസം കഴിഞ്ഞപ്പോഴേക്കും ഞാൻ വീണ്ടും അവതാരകയായി. അഭിനയത്തിലേക്കു വരുന്നതു പിന്നെയും രണ്ടു വർഷം കഴിഞ്ഞാണ്. അഭിനയം എന്റെ പാഷനാണ്. കുട്ടിക്കാലം മുതൽ ഭരതനാട്യം അഭ്യസിക്കുന്നു. വിവാഹത്തിനു മുമ്പേ അവതാരകയായും പ്രവർത്തിച്ചു തുടങ്ങിയിരുന്നു. സിനിമയിൽ എന്റെ തുടക്കം നിർമാതാവായാണ്. ‘ദ കാർ’ എന്ന ചിത്രം ഞാനും അജിയും ചേർന്നാണ് നിർമിച്ചത്. ഞാൻ ആദ്യമായി അഭിനയിച്ചത് ശ്യാമപ്രസാദ് സാർ സംവിധാനം ചെയ്ത ‘മണൽ നഗരം’ എന്ന സീരിയലിൽ ആണ്. അഭിനയിച്ച ആദ്യ സിനിമ കമൽ സാറിന്റെ ‘മഴ’. അഭിനയജീവിതം തുടങ്ങിയിട്ട് ഇപ്പോൾ 19 വർഷം. 45 സിനിമകളിൽ അഭിനയിച്ചു. അതിൽ ‘മഴ’, ‘ട്രിവാൻഡ്രം ലോഡ്ജ്’, ‘ഇവർ’, ‘ആക്ഷൻ ഹീറോ ബിജു’, ‘കാഞ്ചി’, ‘കനൽ’, ‘ടേക്ക് ഓഫ്’ ഒക്കെ പ്രിയപ്പെട്ട സിനിമകളാണ്.

മോൾക്ക് ഞാനാണ് പേരിട്ടത്. മകൾ എന്നാണ് നന്ദനയുടെ അർത്ഥം. അവൾക്ക് ഇപ്പോൾ 25 വയസ്സായി. എൻജിനീയറിങ്ങിൽ ബിരുദം നേടിയതിനു ശേഷം ഇറ്റലിയിലെ മിലാനിൽ ഉപരി പഠനവും കഴിഞ്ഞ് ഇപ്പോൾ ചെന്നൈയിൽ ജോലി ചെയ്യുന്നു. ഇനി കല്യാണം നോക്കിത്തുടങ്ങണം. മോളുടെ കല്യാണം ആണ് എന്റെ ഏറ്റവും വലിയ സ്വപ്നം.

ഞാനാണ് മോളുടെ ബെസ്റ്റ് ഫ്രണ്ട്. എന്റെ ബെസ്റ്റ് ഫ്രണ്ട് അവളും. ഞങ്ങൾ ഒന്നിച്ച് ഒരുപാട് യാത്ര ചെയ്യും. ഞാൻ എല്ലാം മോളോട് ചോദിച്ചിട്ടാണ് ചെയ്യുക. അങ്ങനെ ഒരു കൂട്ടാണ് ഞങ്ങൾ തമ്മിൽ. അപ്പോൾ ഞങ്ങളുടെ ആ ബന്ധത്തെ പരുക്കേൽപ്പിക്കാത്ത ഒരാൾ അവളുടെ ജീവിതത്തിലേക്കു വന്നാൽ വളരെ സന്തോഷം.

എന്റെയും അജിയുടെയും പ്രണയവിവാഹമായിരുന്നു. വീട്ടുകാർ സമ്മതിച്ച് നടത്തിത്തരികയായിരുന്നു. ‘ദ കാർ’ എന്ന സിനിമയിലെ ആ കാർ ആക്സിഡന്റായാണ് അദ്ദേഹം മരിച്ചത്. 6 വർഷമേ ഞങ്ങൾക്ക് ഒന്നിച്ച് ജീവിക്കാനായുള്ളൂ. അജി മരിച്ചതോടെ ഒറ്റപ്പെട്ടു എന്ന തോന്നലായിരുന്നു. അത് ഇപ്പോഴും ഉണ്ട്. ആ സമയത്ത് ചെറിയ ഡിപ്രഷനൊക്കെയുണ്ടായിരുന്നു. അതിനെയൊക്കെ കുറേ വർഷങ്ങളെടുത്ത്, പതിയെപ്പതിയെ അതിജീവിക്കുകയായിരുന്നു. മകളുടെയും വീട്ടുകാരുടെയും നിർബന്ധത്തിനു വഴങ്ങിയാണ് ഏഴു വർഷം മുമ്പ് രണ്ടാം വിവാഹത്തിന് സമ്മതിച്ചത്. അദ്ദേഹം ആർമിയിൽ കേണൽ ആയിരുന്നു. പക്ഷേ പൊരുത്തപ്പെട്ടു പോകാൻ പറ്റിയില്ല. അങ്ങനെ, 4 വർഷം മുമ്പ് ഡിവോഴ്സ് ആയി. അപ്പോഴും കല്യാണം എന്നൊരു തീരുമാനമേ എനിക്കുണ്ടായിരുന്നില്ല എന്നതാണ് സത്യം. ഇപ്പോൾ അച്ഛന്റെയും അമ്മയുടെയും കൂടെയാണ് ഞാൻ താമസിക്കുന്നത്. ഞാൻ ഒറ്റ മോളാണ്.

2020 എന്റെ വർഷം ആകും എന്നു ഞാൻ വിശ്വസിക്കുന്നു. സംവിധാനം എനിക്ക് ഇഷ്ടമാണ്. 2020 ൽ അതും സംഭവിക്കാം. ഒപ്പം‘കരുണ’ എന്ന ഡാൻസ് ഡ്രാമയുടെ ജോലികള്‍ നടക്കുന്നു. ഒരു ഡ്രീം പ്രൊജക്ടാണ് കരുണ. ഒന്നേകാൽ മണിക്കൂർ ദൈർഘ്യമുള്ള ഷോ. ഞാനും മോളും ചേർന്നാണ് അവതരിപ്പിക്കുന്നത്. മോളും ഡാൻസ് പഠിച്ചിട്ടുണ്ട്. അതും 2020 ൽ വരും

ഞാൻ മദ്യപിച്ചിട്ടേയില്ലാത്ത ആളൊന്നുമാണെന്നു പറയില്ല. പക്ഷേ, ഒരിക്കലും ഞാൻ, ‘മോൾക്കു വേണ്ടി മദ്യപാനം നിർത്തി’ എന്നു പറഞ്ഞിട്ടില്ല. അങ്ങനെ ഒരു പ്രസ്താവന നടത്തേണ്ട ആവശ്യം എനിക്കില്ല. അത് സമൂഹത്തെ അറിയിക്കേണ്ട കാര്യമല്ലല്ലോ. തീർത്തും വ്യക്തിപരമാണ്. ‘മകൾക്ക് വേണ്ടി മദ്യപാനം നിർത്തി’ എന്ന് ഒരു സ്ഥലത്തും ഞാൻ പറഞ്ഞിട്ടില്ല. എന്തിനാണ് ഇത്തരം കാര്യങ്ങളിലേക്ക് മോളെ വലിച്ചിഴയ്ക്കുന്നത്. എനിക്കതിൽ നല്ല വിഷമമുണ്ട്. മകളുടെ പേരിൽ മദ്യപാനം നിർത്തി എന്നൊക്കെ ആരെങ്കിലും പ്രസ്താവിക്കുമോ. മദ്യപാനത്തെക്കുറിച്ചേ പിന്നീട് ഞാൻ എങ്ങും സംസാരിച്ചിട്ടില്ല. മദ്യപാനം തെറ്റാണെങ്കിൽ തെറ്റ്. സമൂഹത്തെ ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാൻ. ഞാനാരോടും മദ്യപാനത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടും ഞാൻ പറഞ്ഞതായി പലരും പലതും പ്രചരിപ്പിച്ചു. പക്ഷേ, പ്രതികരിക്കണം എന്നു തോന്നിയില്ല. നമ്മൾ ഇതിനൊക്ക പ്രതികരിക്കാൻ നിന്നാൽ അതിനേ സമയം കാണൂ. മറ്റെന്തോക്കെ കാര്യങ്ങളുണ്ട്.

പിന്നെ, ഞാൻ മദ്യത്തിന് അടിമയാണെന്ന് പറയുന്നവരോട്, ഈ പറയുന്ന ആരുടെയും കൂടെ ഞാൻ മദ്യപിച്ചിട്ടില്ല. എങ്കിൽ അവർ എന്റെ മുന്നിൽ വന്നു പറയട്ടെ. അപ്പോൾ മറുപടി പറയാം. ഞാൻ ഇപ്പോൾ കുടിക്കാറില്ല. എപ്പോഴോ കുടിച്ചിരുന്നു. എന്നു കരുതി അതൊന്നും പബ്ലിക്കിനെ അറിയിക്കേണ്ട കാര്യമില്ല.

devi ajith about her life

Sruthi S :