സമൂഹ മാധ്യമത്തില്‍ മനഃപൂര്‍വം അപമാനിക്കുന്നു, ഈ വ്യക്തികളുടെ പേരില്‍ നിയമ നടപടികള്‍ സ്വീകരിക്കണം; പരാതിയുമായി ദേവനന്ദയുടെ കുടുംബം

പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് ബാലതാരം ദേവനന്ദ. ഇപ്പോഴിതാ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ നിയമനടപടിയുമായി എത്തിയിരിക്കുകയാണ് താരം. എറണാകുളം സൈബര്‍ പൊലീസിന് ആണ് ദേവനന്ദയുടെ അച്ഛന്‍ പരാതി നല്‍കിയത്. ഒരു സിനിമയുടെ ഭാഗമായി ദേവനന്ദ നടത്തിയ അഭിമുഖത്തില്‍ നിന്നുള്ളൊരു ഭാഗം മാത്രം കട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ തെറ്റായി പ്രചരിപ്പിക്കുകയും അതുമായി ബന്ധപ്പെട്ട് ചിലര്‍ മോശം പരാമര്‍ശം നടത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്.

ദേവനന്ദയുടെ അച്ഛന്‍ പൊലീസില്‍ നല്‍കിയ പരാതി:

ബഹുമാനപ്പെട്ട SHO മുമ്പാകെ ദേവനന്ദയ്ക്ക് വേണ്ടി ദേവനന്ദയുടെ പിതാവായ ജിബിന്‍ ബോധിപ്പിക്കുന്ന പരാതി,

എന്റെ മോളുടെ ഏറ്റവും പുതിയ സിനിമയായ ‘ഗു’വിന്റെ പ്രമോഷന്റെ ഭാഗമായി എന്റെ വീട്ടില്‍ വച്ച് ഒരു ചാനലിന് മാത്രം ആയി കൊടുത്ത അഭിമുഖത്തില്‍ നിന്ന് ഞങ്ങളുടെ അനുവാദം ഇല്ലാതെ എന്റെ മകളെ സമൂഹ മാധ്യമത്തില്‍ മനഃപൂര്‍വം അപമാനിക്കുക എന്ന ലക്ഷ്യത്തോടെ കണ്ടന്റ് ക്രിയേറ്റേഴ്‌സ് എന്ന് അവകാശപ്പെടുന്ന കുറച്ച് വ്യക്തികള്‍ അവരുടെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ മുകളില്‍ പറഞ്ഞ ചാനലില്‍ വന്ന ഇന്റര്‍വ്യൂവില്‍ നിന്ന് ഒരു ഭാഗം മാത്രം ഡൗണ്‍ലോഡ് ചെയ്ത് അവരുടെ സ്വന്തം വിഡിയോ കൂടി ചേര്‍ത്ത് പ്രചരിപ്പിക്കുകയും ചെയ്തു.

ഇവരുടെ ഈ പ്രവര്‍ത്തി കൊണ്ട് എന്റെ 10 വയസ്സുള്ള മകള്‍ക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാകുകയും, സമൂഹ മധ്യേ മനഃപൂര്‍വം അപമാനിക്കപ്പെടുകയും ചെയ്യുക ഉണ്ടായിട്ടുണ്ട്. ഈ പ്രൊഫൈല്‍ ഡീറ്റെയില്‍സ് അടുത്ത പേജില്‍ കൊടുത്തിട്ടുള്ളവയാണ്. ഈ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്ത വീഡിയോകള്‍ എത്രയും പെട്ടന്ന് ഡിലീറ്റ് ചെയ്യിക്കാനും ഈ വ്യക്തികളുടെ പേരില്‍ നിയമ നടപടികള്‍ സ്വീകരിക്കണം എന്നും താഴ്മയായി അപേക്ഷിക്കുന്നു.

എന്ന് വിശ്വസ്തതയോടെ ജിബിന്‍.

Vijayasree Vijayasree :