മഹേശ്വറന്റെയും അലീനയുടെയും പ്രണയം വീണ്ടും ബിഗ്‌സ്‌ക്രീനിലേയ്ക്ക്!; റീ റിലീസിന് ഒരുങ്ങി ‘ദേവദൂതന്‍’

സിബി മലയിലിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രമായിരുന്നു ‘ദേവദൂതന്‍’. വളരെ പ്രതീക്ഷിയോടെ എത്തിയ ചിത്രം തിയേറ്ററുകളില്‍ വലിയ പരീജയമായിരുന്നു. കുറച്ച് നാളുകള്‍ക്ക് മുമ്പ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നു എന്ന വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നിര്‍മാതാക്കളായ കോക്കേഴ്‌സ് മീഡിയാ എന്റര്‍ടെയിന്‍മെന്റ്‌സ്.

സിനിമയിലെ ക്ലൈമാക്‌സ് സീനില്‍ പറന്നുയരുന്ന പ്രാവിനെ നോക്കുന്ന നായകന്റെ പോസ്റ്റര്‍ പങ്കുവെച്ച് ചിത്രം ഉടന്‍ എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ എന്നാണ് റിലീസെന്ന് വ്യക്തമാക്കിയിട്ടില്ല.

ചിത്രത്തിന്റെ ഡിജിറ്റല്‍ കളര്‍ കറക്ഷന്‍ ജോലി പൂര്‍ത്തിയായതായി നിര്‍മാതാക്കള്‍ നേരത്തേ അറിയിച്ചിരുന്നു. നേരത്തെ സിനിമയുടെ പുതിയ പതിപ്പിന്റെ പണിപ്പുരയിലിരിക്കുന്ന ചിത്രം സിബി മലയില്‍ പങ്കുവെച്ചിരുന്നു.

തനിയാവര്‍ത്തനം, കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ഭാരതം, സദയം, കമലദളം, ആകാശദൂത്, ചെങ്കോല്‍, സമ്മര്‍ ഇന്‍ ബത്‌ലഹേം തുടങ്ങീ നിരവധി മികച്ച സിനിമകളാണ് സിബി മലയില്‍ മലയാളത്തിന് സമ്മാനിച്ചത്.

രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ ഒരുങ്ങിയ സിനിമയില്‍ വിശാല്‍ കൃഷ്ണമൂര്‍ത്തി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ജയപ്രദ, വിനീത് കുമാര്‍, മുരളി, ജഗതി ശ്രീകുമാര്‍, ജഗദീഷ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിദ്യാസാഗര്‍ സംഗീതമൊരുക്കിയ സിനിമയിലെ ഗാനങ്ങള്‍ക്കെല്ലാം ഇന്നും വലിയ പ്രേക്ഷക സ്വീകാര്യതയുണ്ട്.

Vijayasree Vijayasree :