നശിക്കുന്ന ക്ലാസിക്കുകൾ, ഒരു സിനിമാപ്രേമിയുടെ നൊമ്പരമായി മാറുമ്പോൾ

1945 സ്ഥാപിച്ച തമിഴ്‌നാട്ടിലെ എംജിആർ ഗവൺമെന്റ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്, മാസ് കമ്മ്യൂണിക്കേഷൻ & മീഡിയ എന്നീ മേഖലകളിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്ന ഒരു സ്ഥാപനമാണ്. ഇവിടുത്തെ യു.ജി ഡിപ്ലോമ കോഴ്‌സുകൾ പരക്കെ അംഗീകരിച്ചിട്ടുള്ളവയാണ്. തമിഴ്‌നാട്ടിൽ സ്ഥിതി ചെയ്യുന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വിദ്യാർത്ഥികൾക്ക് മുഴുവൻ സമയ കോഴ്‌സ് ചെയ്യാൻ കഴിയും. ഇൻസ്റ്റിറ്റ്യൂട്ടിൽ 12 യുജി ഡിഗ്രി, ഡിപ്ലോമ കോഴ്സുകൾ ഉണ്ട്.

അടുത്തെയിടെ എംജിആർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് കോമ്പൗണ്ടിൽ കൂട്ടിയിട്ടിരിക്കുന്ന ഫിലിം പ്രിൻ്റുകളുടെ ചിത്രം സിനിമാപ്രേമികൾക്കു വിഷമമുണ്ടാക്കുന്നതായിരുന്നു. പൂർവ്വ വിദ്യാർത്ഥികളുടെ ഡിപ്ലോമ സിനിമകൾ മുതൽ പല ഭാഷകളിലുമുള്ള ക്ലാസ്സിക് സിനിമകൾ വരെ എന്നന്നേക്കുമായി നഷ്ടപ്പെടുന്ന അവസ്ഥയിൽ ആണ് പലതും. ഈ ചിത്രത്തിന് താഴെ അവിടെ പഠിച്ചതും അല്ലാത്തതുമായവരുടെ നിരവധി കമെന്റുകളാണ് വന്നത്.

തോന്ന്യാസം എന്നാണ് ഭൂരിപക്ഷവും പറഞ്ഞത്. ഇങ്ങനെയുള്ള അധികൃതരുടെ കെടുകാര്യസ്ഥത മൂലമാണ്,കാണണം എന്നാഗ്രഹമുണ്ടായിട്ടും പല പഴയ സിനിമകളും ആസ്വാദകർക്ക് കാണാൻ സാധിക്കാതെ പോകുന്നത് എന്ന് മിക്കവാറും എല്ലാവരും ഒരുപോലെ രോഷം കൊണ്ടു. ഇതിൽ തമിഴിനോട് കാണിക്കുന്ന പരിഗണന മറ്റു ഭാഷകളോട് ഇല്ല എന്നും നശിക്കുന്നത് മിക്കതും അന്യ ഭാഷ ചിത്രങ്ങളുടെ പ്രിന്റുകൾ ആവാമെന്നും അഭിപ്രായം വന്നു. അതിൽ തന്നെ മലയാളം സിനിമകൾ ആവാം ഏറ്റവും കൂടുതൽ എന്നും അഭിപ്രായങ്ങൾ വന്നു. അവിടുത്തെ പൂർവ വിദ്യാർത്ഥി എന്ന് പറഞ്ഞ അബ്ദുൽ റഷീദ് എന്ന പ്രൊഫൈലിൽ നിന്ന് വന്ന കമന്റ് പ്രകാരം ഇദ്ദേഹത്തിന്റെ ‘ഫ്രാഗ്മെന്റ്സ് ഫ്രം എ ജേർണി’ എന്ന ഡിപ്ലോമ ചിത്രം 1980 ബംഗളൂരു ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യൻ പനോരമ യില്‍ പ്രദര്‍ശിപ്പിച്ചതായിരുന്നു . പക്ഷേ പിന്നീട് അന്വേഷിച്ചപ്പോൾ പ്രിന്റ് നഷ്ടപ്പെട്ടു എന്നാണ് അറിയാന്‍ കഴിഞ്ഞത് . എന്റെ തലവര എന്നോര്‍ത്ത് സമാധാനിക്കുന്നു എന്നാണ്.

തമിഴ്നാട് വരെ പോകെണ്ട കാര്യം ഇല്ലെന്നും തിരുവന്തപുരം ചിത്രജ്ഞലിയിൽ മാത്രം നശിച്ചു പോയ സിനിമകളുടെ പ്രിന്റുകളെ പറ്റി ചിന്തിച്ചാൽ മതി എന്നുമായിരുന്നു പിന്നെ വന്ന കമന്റ്. ഇതിന്റെ ഒക്കെ ഒറിജിനൽ പ്രിന്റ് എടുത്തിട്ട് ഡ്യൂപ്ലിക്കേറ്റ് കളഞ്ഞതാവാം എന്ന് പ്രത്യാശ പ്രകടിപ്പിക്കുന്നവരും ഉണ്ട്. എന്ത് തന്നെ ആയാലും കൂട്ടി ഇട്ട് നശിപ്പിക്കുന്ന ഫിലിം പ്രിൻ്റുകളുടെ ചിത്രം ഏതൊരു സിനിമാപ്രേമിയുടെയും നൊമ്പരമാണ്.

Rekha Krishnan :