‘രണ്ടുപേര്‍ക്കും തിരക്കൊഴിഞ്ഞ ഒരു സമയത്തിനായി കാത്തിരിക്കുകയാണ്’, ദശമൂലം ദാമു ഉണ്ടാകുമെന്ന് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍

മമ്മൂട്ടിയുടെ ചട്ടമ്പിനാട് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ കഥാപാത്രമാണ് സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച കഥാപാത്രം ‘ദശമൂലം ദാമു’. സിനിമയിറങ്ങി വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാളിയുടെ സമൂഹ മാധ്യമങ്ങളില്‍ നിറസാന്നിധ്യമാണ് ഈ കഥാപാത്രം. ദശമൂലം ദാമുവിന് സ്പിന്‍ഓഫ് ഉണ്ടാകുമെന്നത് വര്‍ഷങ്ങളായുള്ള ചര്‍ച്ചയാണ്.

ചട്ടമ്പിനാടിന്റെ സംവിധായകന്‍ ഷാഫി തന്നെ സിനിമയൊരുക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായെങ്കിലും രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആകും തിരക്കഥയും സംവിധാനവുമെന്ന് സുരാജ് ഉറപ്പിക്കുകയായിരുന്നു.

ഇപ്പോഴിതാ സുരാജും രതീഷും ഒന്നിക്കുന്ന ‘മദനോത്സവം’ തിയേറ്ററുകളില്‍ എത്താനിരിക്കെ ദാമുവിനെക്കുറിച്ച് പറയുകയാണ് സംവിധായകന്‍. ‘സുരാജിനോട് കഥപറഞ്ഞ് കേള്‍പ്പിക്കുക എളുപ്പമുള്ള കാര്യമാണ്. എപ്പോള്‍ വേണമെങ്കിലും തമ്മില്‍ സംസാരിച്ച് ‘ദശമൂലം ദാമു’ ഉണ്ടാക്കാം. രണ്ടുപേര്‍ക്കും തിരക്കൊഴിഞ്ഞ ഒരു സമയത്തിനായി കാത്തിരിക്കുകയാണ്,’ മാധ്യമങ്ങളോട് സംസാരിക്കവെ രതീഷ് പറഞ്ഞു.

വിഷു റിലീസായി തിയേറ്ററുകളില്‍ എത്തുന്ന ‘മദനോത്സവം’ നവാഗതനായ സുധീഷ് ഗോപിനാഥ് ആണ് സംവിധാനം ചെയ്യുന്നത്. രതീഷ് പൊതുവാളാന്റെതാണ് തിരക്കഥ. ചിത്രത്തില്‍ ബാബു ആന്റണിയും സുരാജിനൊപ്പം മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Vijayasree Vijayasree :