വിമർശനങ്ങളുടെ പെരുമഴ; ഇന്ത്യൻ 2 വിലെ ആ 20 മിനിറ്റ് കട്ട് ചെയ്തു!!

ഉലകനായകൻ കമൽഹാസൻ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ഇന്ത്യൻ 2. ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഏറെ പ്രതീക്ഷയോടെ തിയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ സാധിക്കുന്നില്ലെന്നാണ് പുറത്ത് വരുന്ന വിവരം. പല തരത്തിലുള്ള വിമർശനങ്ങളും പല കോണുകളിൽ നിന്നും ഉയർന്ന് വരുന്നുണ്ട്.

എന്നാൽ ചിത്രത്തിന്റെ ദൈർഘ്യം മൂന്ന് മണിക്കൂർ ആണെന്നതായിരുന്നു ചിത്രത്തിനെതിരെ ഉയർന്നുവന്ന പ്രധാന വിമർശനം. നിരന്തരമായ വിമർശനങ്ങൾക്ക് പിന്നാലെ പ്രേക്ഷകരുടെ അഭിപ്രായങ്ങളെ മാനിച്ച് ചിത്രത്തിന്റെ 20 മിനിറ്റ് ദൃശ്യങ്ങൾ നീക്കം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

ജൂലൈ 14 മുതൽ 20 മിനിറ്റ് കട്ട് ചെയ്ത പുതിയ വേർഷൻ ആണ് തിയറ്ററുകളിൽ എത്തിയിരിക്കുന്നത്. മൂന്ന് മണിക്കൂറും നാല് മിനിറ്റുമായിരുന്നു ആദ്യം സിനിമയുടെ ദൈർഘ്യം. ഇപ്പോൾ ട്രിം ചെയ്തതോടെ സിനിമ 2 മണിക്കൂറും 40 മിനിറ്റുമായി. അതേസമയം, ഇക്കാര്യം അണിയറപ്രവർത്തകർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ആദ്യ ദിനം 26 കോടി രൂപ ചിത്രം ബോക്‌സ് ഓഫീസ് കളക്ഷൻ നേടിയിരുന്നു. രണ്ടാം ദിനം 16 കോടി രൂപയാണ് കളക്ഷൻ നേടിയത്. ഇന്ത്യൻ 3 യുടെ ട്രെയ്‌ലറും ഇന്ത്യൻ 2 വിന്റെ അവസാനം പ്രദർശിപ്പിച്ചിരുന്നു.

ഇരുനൂറ് കോടിയോളം രൂപ മുതൽ മുടക്കിൽ ലൈക്ക പ്രൊഡക്ഷൻസ്, റെഡ് ജയന്റ് മൂവീസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ കമൽഹാസനൊപ്പം വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.

കാജൽ അഗർവാൾ, സിദ്ധാർഥ്, എസ് ജെ സൂര്യ, വിവേക്, സാക്കിർ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെൽഹി ഗണേഷ്, സമുദ്രക്കനി, നിഴൽഗൾ രവി, ജോർജ് മര്യൻ, വിനോദ് സാഗർ, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കർ, രാകുൽ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദൻ, ബോബി സിൻഹ എന്നിവരാണ് ഇതിന്റെ താരനിരയിലെ പ്രമുഖർ.

കമൽഹാസൻ നായകനായി 1996ൽ പ്രദർശനത്തിനെത്തിയ ‘ഇന്ത്യൻ’ എന്ന ശങ്കർ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2. ഇത് കൂടാതെ ഈ ചിത്രത്തിന്റെ മൂന്നാം ഭാഗമായ ഇന്ത്യൻ 3-യും അണിയറയിൽ ഒരുങ്ങുകയാണ്. ഈ വർഷം അവസാനം ചിത്രം പുറത്തെത്തുമെന്നും സംവിധായകൻ ശങ്കർ പറഞ്ഞിരുന്നു.

Vijayasree Vijayasree :