ദയവായി അവ വിശ്വസിക്കരുത്, തന്നെ അറസ്റ്റു ചെയ്തുവെന്ന വാർത്തകൾ നിഷേധിച്ച് വിവാദ ഗായകൻ റാഹത്ത് ഫത്തേ അലിഖാൻ

പാകിസ്താനിലെ വിവാദ ഗായകൻ ആണ് റാഹത്ത് ഫത്തേ അലിഖാൻ. നേരത്തെ അദ്ദേഹം ദുബായിൽ അറസ്റ്റിലായെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. മുൻ മാനേജറുടെ പരാതിയെ തുടർന്നാണ് അറസ്റ്റിലായതെന്നായിരുന്നു പുറത്ത് വന്ന വിവരം. എന്നാൽ ഇപ്പോഴിതാ ഈ വാർത്തകളെ കുറിച്ച് പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് ​ഗായകൻ.

തെറ്റായ വാർത്തയാണ് പ്രചരിക്കുന്നതെന്നും ആരാധകർ അത്തരം വാർത്തകൾ ശ്രദ്ധിക്കരുതെന്നും വീഡിയോയിൽ ഫത്തേ അലി ഖാൻ ആവശ്യപ്പെട്ടു. ഞാൻ ഒരു പാട്ട് റെക്കോർഡ് ചെയ്യാനാണ് ദുബായിൽ വന്നത്. എനിക്കെതിരെ ദുരുദ്ദേശ്യപരമായ ചില റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.

ദയവായി അവ വിശ്വസിക്കരുത്.’ എന്നാണ് റാഹത്ത് ഫത്തേ അലി ഖാൻ പറയുന്നത്. ഇൻസ്റ്റയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം ഇതേ കുറിച്ച് വ്യക്തമാക്കിയത്. പ്രചരിക്കുന്നത് വ്യാജ വാർത്തകളാണെന്നും ഇത്തരം കിംവദന്തികളിൽ വിശ്വസിക്കരുതെന്നും ​ഗായകന്റെ സംഘം നേരത്തെ തന്നെ പറഞ്ഞിരുന്നു.

പ്രശസ്ത ഖവ്വാലി ഗായകനായ നുസ്രത്ത് ഫത്തേ അലി ഖാന്റെ അനന്തരവനാണ് റാഹത്. ബോളിവുഡിലടക്കം നിരവധി ​ഗാനങ്ങൾ ആലപിച്ചിട്ടുള്ള റാ​ഹത്ത് സ്ഥിരം വിവാദങ്ങളിൽ പെടാറുമുണ്ട്. അടുത്തിടെ ശിഷ്യനെ ചെരിപ്പൂരി അടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കുപ്പി എവിടെയെന്ന് ചോദിച്ചുകൊണ്ടായിരുന്നു ക്രൂര മർദനം. തനിക്കറിയില്ലെന്നു ശിഷ്യൻ പറഞ്ഞിട്ടും ഗായകൻ മർദനം തുടർന്നു.

സംഭവം വിവാദമായതോടെ ന്യായീകരണവുമായി ഗായകൻ തന്നെ രംഗത്തെത്തി.ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധം ഇങ്ങനെയാണ്. ശിഷ്യൻ എന്തെങ്കിലും നല്ലത് ചെയ്താൽ ഞാൻ അവനു മേൽ എൻറെ സ്നേഹം വർഷിക്കും, അവൻ എന്തെങ്കിലും തെറ്റ് ചെയ്താൽ ശിക്ഷിക്കും, അവൻ എനിക്കെന്റെ സ്വന്തം മകനെപ്പോലെയാണ് എന്നുമാണ് ​ഗായകൻ അന്ന് പറഞ്ഞിരുന്നത്.

Vijayasree Vijayasree :