മലയാളികൾക്ക് എന്നും പ്രിയങ്കരനാണ് സുരേഷ് ഗോപി, അദ്ദേഹം ഇപ്പോൾ ഒരു രാഷ്ട്രീയക്കാരൻ കൂടിയാണ്. അതിന്റെ പേരിൽ തന്നെ ഏറെ വിമർശനങ്ങളും നേരിടാറുണ്ട്. ഇപ്പോഴിതാ സുരേഷ് ഗോപിയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ സി കെ പത്മനാഭൻ. സുരേഷ് ഗോപി ബി ജെ പി നേതാവോ പ്രവർത്തകനോ ആണെന്ന് പറയാൻ സാധിക്കില്ലെന്നും സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് വന്ന വ്യക്തിയാണ് അദ്ദേഹമെന്നുമാണ് പദ്മനാഭൻ പറയുന്നത്.
സുരേഷ് ഗോപി ഇന്ദിരാ ഗാന്ധിയെ ഭാരത് മാതാവ് എന്ന് വിളിച്ചതിൽ കുറ്റപ്പെടുത്തുന്നില്ല. കാരണം അദ്ദേഹത്തിന് അത്രയും ചരിത്ര ബോധമേ ഉള്ളൂ. അദ്ദേഹം സിനിമ രംഗത്ത് നിന്ന് വന്നയാളാണല്ലോ. അദ്ദേഹം ഇത്തരത്തിൽ പ്രതികരിച്ചപ്പോൾ നിരവധി പേർ എന്നെ വിളിച്ചിരുന്നു. ഇതൊക്കെ അംഗീകരിക്കാനാകുമോയെന്ന് ചോദിച്ചു.
എപി അബ്ദുള്ളക്കുട്ടിയെ പോലുള്ള ആളുകൾക്ക് ബിജെപിയിലേക്ക് വന്നതിന്റെ ഗുണം അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ട്, അല്ലാതെ പാർട്ടിക്കല്ല. അധികാര രാഷ്ട്രീയത്തോടുള്ള അഭിനിവേശം കൊണ്ടാണ് പലരും പാർട്ടിയിലേക്ക് വരുന്നത്. ബിജെപിയിലേക്ക് ഇത്തരത്തിൽ വരുന്ന ആളുകൾക്ക് ബിജെപിയുടെ അടിസ്ഥാനപരമായ കാര്യങ്ങൾ സന്നിവേശിപ്പിച്ച് കൊണ്ട് പദവി നൽകി കൊണ്ടുവരണം. അതല്ലാതെ ഇത്തരക്കാരെ സ്വീകരിക്കുന്നത് തെറ്റായ സന്ദേശമാണ് പാർട്ടി നൽകുന്നത്.
പാർട്ടിയെ വളർത്തിയെടുക്കാൻ കഷ്ടപ്പെട്ട ആയിരക്കണക്കിന് സാധാരണ പ്രവർത്തകർ ഉണ്ട്. എപ്പോഴും വെള്ളം കോരാനും വിറക് വെട്ടാനും വിധിക്കപ്പെട്ടവരാണെന്ന തോന്നൽ അവർക്ക് വരും. അങ്ങനെ വന്ന് കഴിയുമ്പോൾ പാർട്ടിയുടെ വേരിനെ ബാധിക്കും. ഇപ്പോൾ തന്നെ പലർക്കും ചാഞ്ചല്യം ഉണ്ട്.
മോദി വീണ്ടും അധികാരത്തിൽ വന്നതിനാലാണ് നിൽക്കുന്നത്. അധികാരം നഷ്ടപ്പെടുമ്പോൾ പാർട്ടി ക്ഷയിക്കുമ്പോൾ പദവി മോഹിച്ച് വന്നവരൊക്കെ പാർട്ടി വിട്ടേക്കും എന്നും പദ്മനാഭൻ പറഞ്ഞു.
അതെസമയം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസിൽ ഹൈക്കോടതിയിൽ സുരേഷ് ഗോപി അപ്പീൽ നൽകിയിരുന്നു. വ്യാജ മേൽവിലാസത്തിൽ പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചെന്നാണ് കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപിയ്ക്ക് എതിരെയുള്ള കേസ്. കേസിലെ വിടുതൽ ഹർജി തള്ളിയ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെയാണ് സുരേഷ്‌ഗോപി ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ്‌ഗോപി സമർപ്പിച്ച ഹർജി സിജെഎം കോടതി തള്ളുകയായിരുന്നു. വ്യാജ വിലാസത്തിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ച കേസ് റദ്ദാക്കാനാകില്ലെന്നായിരുന്നു കോടതി അറിയിച്ചത്. ഇതേ തുടർന്നാണ് സുരേഷ്‌ഗോപി ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.