കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സിനിമാ ചിത്രീകരണത്തിനിടെ 30 അടി ഉയരത്തിൽ നിന്ന് ലൈറ്റ്ബോയ് മരിച്ചത് വാർത്തയായത്. ഇപ്പോഴിതാ ഈ സംഭവത്തിൽ സംവിധായകൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസെടുത്തിരിക്കുകയാണ് പോലീസ്. സംവിധായകൻ യോഗരാജ് ഭട്ട്, പ്രൊഡക്ഷൻ മാനേജർ സുരേഷ് കുമാർ, അസിസ്റ്റന്റ് മാനേജർ മനോഹർ എന്നിവർക്കെതിരെയാണ് കേസ്.
തുമക്കൂരു സ്വദേശി മോഹൻ കുമാറാണ് മരിച്ചത്. ബെംഗളൂരുവിലെ മദനായകനഹള്ളിയിൽ വച്ചായിരുന്നു സംഭവം. യോഗരാജ് ഭട്ട് സംവിധാനം ചെയ്യുന്ന മാനാഡാ കടലു എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് അപകടമുണ്ടായത്. വീഴ്ചയിൽ മോഹൻകുമാറിന്റെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
തുടർന്ന് ഉടൻ തന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് ബെംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നാലെ യുവാവിന്റെ സഹോദരൻ ഹേമന്ത് കുമാർ നൽകുകയായിരുന്നു. സംഭവം നടക്കുമ്പോൾ ഹേമന്ദ് ദൃക്സാക്ഷിയായിരുന്നു.
മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെയാണ് ചിത്രീകരണം നടന്നതെന്നാണ് ഹേമന്ദ് ആരോപിക്കുന്നത്. ഇയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സഹോദരൻ ഹേമന്ത് കുമാറും അതേ സിനിമയുടെ പ്രൊഡക്ഷൻ ടീമിൽ ജോലി ചെയ്യുന്ന വ്യക്തിയാണ്.