ഓസ്‌കര്‍ നാമനിര്‍ദേശപട്ടിക പുറത്തുവന്നതോടെ വാര്‍ത്തകളില്‍ നിറയുകയാണ് ഹോളിവുഡ് സൂപ്പര്‍താരം കിലിയന്‍ മര്‍ഫി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപ്പണ്‍ഹെയ്മറിലൂടെ മികച്ച നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം സ്വന്തമാക്കിയ ഓസ്‌കര്‍ പട്ടികയിലും ഇടം പിടിച്ചിട്ടുണ്ട്. ആറ്റം ബോംബിന്റെ പിതാവായ റോബര്‍ട്ട് ജെ ഓപ്പണ്‍ഹൈമര്‍ ആയി വെള്ളിത്തിരയില്‍ അവിസ്മരണീയ പ്രകടനമായിരുന്നു കിലിയന്‍ മര്‍ഫിയുടേത്.
അടുത്ത മാസം 11ന് നടക്കാനിരിക്കുന്ന ഓസ്‌കറില്‍ മികച്ച ചിത്രം, മികച്ച നടന്‍, മികച്ച സംവിധായകന്‍, മികച്ച സഹനടന്‍ ഉള്‍പ്പടെ 13 നോമിനേഷനുകളാണ് ഓപ്പണ്‍ഹെയ്മര്‍ നേടിയെടുത്തത്. ഹോളിവുഡിന്റെ ഗ്ലാമറും താരപരിവേഷവും തെല്ലും ഭ്രമിപ്പിച്ചിട്ടില്ലാത്ത താരമാണ് കിലിയന്‍. പക്ഷെ നിരന്തരം സിനിമാലോകത്തെ വെള്ളിവെളിച്ചത്തില്‍ നിന്നും ഓടി ഒളിക്കുന്ന കിലിയന്‍ വരാനിരിക്കുന്ന ഓസ്‌കാര്‍ ചടങ്ങുകള്‍ ആസ്വദിക്കാന്‍ ശ്രമിക്കുമെന്നാണ് കഴിഞ്ഞ ദിവസം ബിബിസി റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
തന്റെ പരിമിതമായ കംഫര്‍ട്ട് സോണ്‍ വിട്ട് ഓസ്‌കര്‍ വേദിയിലേക്കെത്തുമ്പോള്‍ എങ്ങനെ നേരിടുമെന്ന അവതാരകന്റെ ചോദ്യത്തിന് ‘ഓസ്‌കര്‍ ആസ്വദിക്കാതിരിക്കണമെങ്കില്‍ താനൊരു വിഡ്ഢിയായിരിക്കണം എന്നായിരുന്ന് കിലിയന്റെ മറുപടി. ഓരോ ചിത്രത്തിലും കഥാപാത്രത്തിനനുസൃതമായി അവിസ്മരണീയമായ പകര്‍ന്നാട്ടം നടത്തുന്ന കിലിയന്‍ മര്‍ഫി പക്ഷെ ജീവിതത്തില്‍ വളരെ അന്തര്‍മുഖനായി കുടുംബത്തിനുള്ളില്‍ തന്നെ ഒതുങ്ങി ജീവിക്കാനാഗ്രഹിക്കുന്ന വ്യക്തിയാണ്.
താരം തന്നെ ഇക്കാര്യം നിരവധി അഭിമുഖങ്ങളില്‍ പല തവണ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴും സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാത്ത ചുരുക്കം ചില സിനിമാതാരങ്ങളില്‍ ഒരാളാണ് കിലിയന്‍. ലോകമെമ്പാടുമുള്ള ഭൂരിഭാഗം ആളുകളും നിത്യജീവിതത്തിലെ സമൂഹമാധ്യമങ്ങളിലും ഉപയോഗിക്കുന്ന പല ന്യൂ ജന്‍ പദങ്ങളും ചുരുക്കെഴുത്തുകളും ഒരു അഭിമുഖത്തിനിടെ അറിയില്ലെന്ന് പറഞ്ഞ കിലിയന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
സമൂഹമാധ്യമങ്ങളിലെ ഇമോജികളുടെ ഉപയോഗത്തെ പറ്റി ചോദിച്ച അവതാരികയുടെ ചോദ്യത്തിന് ‘വാക്കുകള്‍ ശരിയായി ഉച്ചരിക്കാനാണ് താന്‍ ശ്രമിക്കാറുള്ളതെന്നായിരുന്നു’ താരത്തിന്റെ മറുപടി. റെഡ് ഐ, ഹിറ്റ് ബിബിസി െ്രെകം സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സ് എന്നിവയിലൂടെ ശ്രദ്ധേയനായ താരമാണ് കിലിയന്‍ മര്‍ഫി. കിലിയന്‍ അവതരിപ്പിച്ച ടോമി ഷെല്‍ബി എന്ന കഥാപാത്രം ലോകപ്രശസ്തമാണ്.