കൂടത്തായി ജോളി കേസ് പേടിപ്പിക്കുന്ന ഒന്നായിരുന്നു; ക്രിസ്‌റ്റോ ടോമി

ഏറെ ജനശ്രദ്ധ നേടിയ ഡോക്യുമെന്ററിയായിരുന്നു കൂടത്തായി സംഭവങ്ങളെ ആസ്പദമാക്കി ക്രിസ്‌റ്റോ ടോമി സംവിധാനം ചെയ്ത ‘കറി ആന്റ് സയനൈഡ്’. മികച്ച പ്രേക്ഷക നിരൂപക പ്രശംസകള്‍ ഏറ്റുവാങ്ങിയ ഒന്നായിരുന്നു ഈ ഡോക്യുമെന്ററി. ഇപ്പോഴിതാ അതിനെ കുറിച്ച് സംസാരിക്കുകയാണ് ക്രിസ്‌റ്റോ ടോമി. െ്രെകം സ്‌റ്റോറികള്‍ ആകാംക്ഷയോടെ പിന്തുടരുന്ന ഒരാളായിരുന്നു താനെന്നും, എന്നാല്‍ ജോളി കേസ് തന്നെ പേടിപ്പിക്കുന്ന ഒന്നായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

െ്രെകം സ്‌റ്റോറികള്‍ ആകാംഷയോടെ പിന്തുടരുന്ന ഒരാളാണ് ഞാന്‍. പക്ഷേ, ജോളി കേസ് അങ്ങനെയായിരുന്നില്ല. പേടിപ്പിക്കുന്ന ഒന്നായിരുന്നു. സിനിമ ചെയ്യാന്‍ തയ്യാറെടുക്കുന്നതിനിടയില്‍ നോണ്‍ ഫിക്ഷന്‍ ചെയ്യാന്‍ ആദ്യം താത്പര്യമുണ്ടായിരുന്നില്ല. നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി എന്ന നിലയില്‍ തുടങ്ങി, എഴുതി തുടങ്ങിയപ്പോള്‍ പ്രത്യേകതയുണ്ടന്ന് തോന്നി. അങ്ങനെയാണ് അത് ചെയ്തത് എന്നാണ് അദ്ദേഹം പറയുന്നത്.

അതേസമയം അദ്ദേഹത്തിന്റെ ആദ്യ സംവിധാന ചിത്രം ഉള്ളൊഴുക്ക് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഉര്‍വശിയും പാര്‍വതി തിരുവോത്തുമാണ് പ്രധാന വേഷത്തിലെത്തുന്നത്. മികച്ച അഭിപ്രായം തേടി മുന്നേറുകയാണ് ചിത്രം. 2018ല്‍ സിനിസ്ഥാന്‍ വെബ് പോര്‍ട്ടല്‍ മികച്ച തിരക്കഥകള്‍ കണ്ടെത്തുന്നതിന് വേണ്ടി നടത്തിയ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തിരക്കഥയായിരുന്നു ക്രിസ്‌റ്റോ ടോമിയുടെ ഉള്ളൊഴുക്ക്. ലാപത ലേഡീസ് ആയിരുന്നു രണ്ടാം സ്ഥാനം കിട്ടിയ തിരക്കഥ.

‘രഹസ്യങ്ങള്‍ എത്ര കുഴിച്ചുമൂടിയാലും അത് പുറത്തുവരും’ എന്നായിരുന്നു ചിത്രത്തിന്റെ പ്രൊമോഷണല്‍ ടാഗ് ലൈന്‍. ഒരിടവേളയ്ക്ക് ശേഷം പാര്‍വതി മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ജൂണ്‍ 21നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് സംവിധാനത്തിലും തിരക്കഥാ രചനയിലും, പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് വീഡിയോഗ്രഫിയിലും പഠനം പൂര്‍ത്തിയാക്കിയ സംവിധായകനാണ് ക്രിസ്‌റ്റോ ടോമി.

Vijayasree Vijayasree :