നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ദിവ്യയുടെ രണ്ടുമക്കളും വിവാഹത്തിനു സാക്ഷിയായിരുന്നു.
എന്നാൽ വിവാഹത്തിന് ശേഷം ഇരുവർക്കും കടുത്ത സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നത്. പിന്നാലെ നിരവധി വ്യാജ വാർത്തകളും വന്നു. എന്നാൽ അവയെല്ലാം തള്ളിക്കളഞ്ഞ് സന്തോഷത്തോടെ ജീവിക്കുകയാണ് ദിവ്യയും ക്രിസും.
വിവാഹം കഴിഞ്ഞുള്ള ആദ്യ വിഷു വലിയ ആഘോഷമാക്കാനാണ് ഇരുവരുടെയും തീരുമാനം. ഇതിനോട് അനുബന്ധിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ദിവ്യയും ക്രിസ്സും.
ഞങ്ങള്‍ രണ്ടാളും കഷ്ടപ്പെട്ടാണ് വിവാഹം നടത്തിയത്. കല്യാണം കഴിഞ്ഞ ഉടനെ ഡിവോഴ്‌സ് ആണെന്ന് എല്ലാവരും പറയാന്‍ തുടങ്ങി. ഞങ്ങളെ ചേര്‍ന്ന് കാണുമ്പോള്‍ പലര്‍ക്കും വിഷമമായിരുന്നു.
വിവാഹത്തെ കുറിച്ചുള്ള സങ്കല്‍പ്പമൊക്കെ മാറി. ആളുകള്‍ക്ക് പുതിയ ചില രീതികളോടാണ് താല്‍പര്യം. ഞങ്ങള്‍ക്ക് രഹസ്യമല്ലാതെ നാലാളുടെ മുന്നില്‍ വെച്ച് കല്യാണം കഴിക്കണമെന്നായിരുന്നു ആഗ്രഹം. ഗുരുവായൂര്‍ വെച്ച് വീട്ടുകാരുടെയും മക്കളുടെയുമൊക്കെ സാന്നിധ്യത്തില്‍ വെച്ച് പുതിയ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചു.
അതില്‍ ഒരു കുറ്റബോധവും ഞങ്ങൾക്കില്ല. രണ്ട് ദിവസം മുന്‍പ് വരെ മറ്റുള്ളവരുടെ ജീവിതത്തെ കുറിച്ച് അവിടുന്നും ഇവിടുന്നും കട്ട് ചെയ്ത് പറയുന്ന ഒരു യൂട്യൂബ് ചാനല്‍ ഞങ്ങള്‍ പിരിഞ്ഞെന്ന് പറഞ്ഞ് വീഡിയോ ചെയ്തു. ഞങ്ങളിപ്പോള്‍ പല്ല് തേച്ചോ കുളിച്ചോ എന്നൊക്കെ അറിയണമെങ്കില്‍ യൂട്യൂബിലൊന്ന് നോക്കിയാല്‍ മതിയെന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്.
ഇത് സമൂഹം ഏറ്റെടുക്കുകയാണെന്ന് ചോദിച്ചാല്‍ അല്ല. എവിടെ ആയാലും സന്തോഷമായിരിക്കണമെന്ന് പറഞ്ഞ് ഞങ്ങളെ സ്‌നേഹിക്കുന്നവരുണ്ട്. പൈസ ഉണ്ടാക്കാന്‍ വേണ്ടി ഞങ്ങളൊന്നും ചെയ്തിട്ടില്ല. എക്‌സ്‌ക്ല്യൂസിവ് എന്ന് പറഞ്ഞ് ഒരു വീഡിയോ പോലും ഇതുവരെ ഇട്ടിട്ടില്ല.
പിന്നെ ഇന്റര്‍വ്യൂവിന് പങ്കെടുക്കുന്നതിന് ഒരു രൂപ പോലും ആരോടും വാങ്ങാറില്ല. ഞങ്ങളെ പോലെ ജീവിതത്തില്‍ ഒറ്റപ്പെട്ട് പോയവരുണ്ട്. അവര്‍ക്കൊരു ആശ്രയം ആവാനും ഞങ്ങളുടെ അഭിമുഖങ്ങള്‍ അവരെ പോലെയുള്ളവര്‍ക്ക് പ്രചോദനം ആവട്ടെ എന്നേ കരുതുന്നുള്ളൂ.
വലിയ ഏവറസ്റ്റ് കീഴടക്കി എന്നൊന്നും ഞാന്‍ പറയുന്നില്ല. പകരം കുഞ്ഞുമോളെ ഞാന്‍ മനസിലാക്കി, അവളെ സ്‌നേഹിച്ചു. നേരെ തിരിച്ച് എന്നെ അവളും സ്‌നേഹിക്കുന്നുണ്ട്. അത് വീട്ടില്‍ അറിയിച്ചിട്ട് കല്യാണം കഴിച്ചു. അതിന് പ്രായം ഒരു പ്രശ്‌നമാണോന്ന് ചോദിച്ചാല്‍ എന്റെ പ്രായം തെളിയിക്കാന്‍ ആധാര്‍ കാര്‍ഡ് വരെ കാണിച്ച് കൊടുത്തിട്ടുണ്ട്.
എനിക്ക് അറുപതോ തൊണ്ണൂറോ വയസുണ്ടെന്നാണ് ആളുകള്‍ വിചാരിക്കുന്നത്. എനിക്ക് 49 വയസായി. ഈ പ്രായത്തില്‍ ഒറ്റപ്പെടാന്‍ താല്‍പര്യമില്ല. വീട്ടിലേക്ക് വരാന്‍ ഒരു കാരണം വേണം. അതാണ് ഭാര്യ ദിവ്യയെന്നും ക്രിസ് കൂട്ടിച്ചേര്‍ത്തു… പത്തരമാറ്റ് സീരിയലിൽ അഭിനയിക്കുന്നതിനിടെയാണ് ദിവ്യയും ക്രിസും പരസ്പരം പരിചയത്തിലാവുന്നത്.
ഇരുവരും നേരത്തെ വിവാഹിതരായെങ്കിലും ആ ബന്ധം വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. വീട്ടുകാരോടും മക്കളോടുമൊക്കെ വിവാഹക്കാര്യം അറിയിച്ചതോടെ എല്ലാവരും താത്പര്യം പ്രകടിപ്പിച്ചു. അങ്ങനെയാണ് ഗുരുവായൂർ വെച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം നടത്തിയത്. പക്ഷേ ഇതിൻ്റെ പേരിൽ താരങ്ങൾക്ക് വ്യാപകമായ സൈബർ ബുള്ളിയിങ് നേരിടേണ്ടിയും വന്നു.
ക്രിസ് വേണുഗോപാലിന്റേയും ദിവ്യയുടേയും പ്രായവുമായി ബന്ധപ്പെട്ടായിരുന്നു കൂടുതല്‍ വിമർശനങ്ങളും. ക്രിസ് വേണുഗോപാലിന്റെ വെള്ള നിറത്തിലുള്ള താടി കണ്ട് അദ്ദേഹത്തിന് 60 വയസ് പ്രായമുണ്ടെന്ന് വരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ വന്നു.
ക്രിസ് വേണുഗോപാലിന്റെ ആദ്യ ഭാര്യ ഇപ്പോഴും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ തന്റെ പേരില്‍നിന്ന് ക്രിസിന്റെ പേര് ഒഴിവാക്കിയിട്ടില്ലെന്നും ക്രിസ് അവരെ വഞ്ചിച്ചുവെന്നും കഥകള്‍ പ്രചരിച്ചു. ഇതിനെല്ലാം മറുപടിയുമായി ഇരുവരും രംഗത്തെത്തുകയും ചെയ്തിരുന്നു.
തന്റെ ആദ്യ വിവാഹത്തെ കുറിച്ചും ക്രിസ് തുറന്നു പറഞ്ഞിരുന്നു. സ്വാതന്ത്ര്യമില്ലാത്ത ആ വിവാഹബന്ധത്തില്‍നിന്ന് വളരെ ബുദ്ധിമുട്ടിയാണ് പുറത്തുവന്നതെന്നും വിവാഹമോചനം കഴിഞ്ഞ് നാല് വര്‍ഷത്തിനുശേഷമാണ് ദിവ്യയെ വിവാഹം ചെയ്തതെന്നും ക്രിസ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
‘എന്റെ കുടുംബത്തോടൊപ്പം ഞാന്‍ നില്‍ക്കാന്‍ പാടില്ല എന്ന് പറയുന്ന ഒരു വിവാഹബന്ധമായിരുന്നു എനിക്ക് ആദ്യമുണ്ടായിരുന്നത്. എനിക്ക് അത് അംഗീകരിക്കാന്‍ പറ്റില്ല. കാരണം എന്റെ മാതാപിതാക്കളെ എനിക്ക് നോക്കിയേ പറ്റൂ.
വീട്ടില്‍ ആരും വരാന്‍ പാടില്ല, ഫോണ്‍ ചെയ്യാന്‍ പാടില്ല, പുറത്തു പോകാന്‍ പാടില്ല എന്നൊക്കെയായിരുന്നു നിബന്ധനകള്‍. ഇതോടെ ഞാന്‍ ഒരു വളര്‍ത്തു മൃഗത്തെ പോലെയായി. ഗ്ലാസിനകത്ത് അടച്ചിട്ട് വളര്‍ത്തുന്ന ഒരു ചിലന്തിയല്ല ഞാന്‍. മനുഷ്യനാണ്. ഒരുപാട് സങ്കടത്തോടെയാണ് ആറ് വര്‍ഷം മുമ്പ് അവിടെ നിന്ന് തിരിച്ചു വരുന്നത്.
2019-ല്‍ വിവാഹമോചനത്തിന് കേസ് കൊടുത്തു. 2022-ലാണ് വിധിയായത്. അത് കഴിഞ്ഞ് ഒമ്പത് മാസങ്ങള്‍ക്കുശേഷമാണ് ജീവിതം പങ്കിടാന്‍ ഒരാള്‍ വേണമെന്ന് തോന്നിത്. അങ്ങനെ ഒരാളുണ്ടായിരുന്നു. പക്ഷേ അവര്‍ മരിച്ചുപോയി. പിന്നീടാണ് ദിവ്യയെ വിവാഹം ചെയ്തത്.
ഇതാണ് ക്രിസിന്റെ ഭാര്യ എന്നെല്ലാം പറഞ്ഞ് ചിലര്‍ യുട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ എല്ലാം കിട്ടും. ഞാന്‍ വിവാഹമോചിതനാണെന്ന് നേരത്തെ പറഞ്ഞ കാര്യമാണ്. ഈ വീഡിയോ ഇടുന്ന ആളുകള്‍ക്ക് എന്നോട് ചോദിച്ച് കാര്യങ്ങള്‍ വളരെ വ്യക്തമായി ഇടാമായിരുന്നല്ലോ. അല്ലാതെ എന്തെങ്കിലുമൊക്കെ പറഞ്ഞ് വീഡിയോ പോസ്റ്റ് ചെയ്ത് ഒരാളുടെ ജീവിതം കരി വാരി തേക്കണോ എന്നായിരുന്നു ക്രിസ് വേണുഗോപാല്‍ അഭിമുഖത്തില്‍ പറഞ്ഞത്.
സീരിയല്‍ മേഖലയിലേക്ക് എത്തുന്നതിന് മുമ്പ് റേഡിയോ ജോക്കിയായിരുന്നു ക്രിസ് വേണുഗോപാല്‍. നിരവധി പരസ്യ ചിത്രങ്ങളില്‍ ശബ്ദം നല്‍കിയിട്ടുണ്ട്. മോട്ടിവേഷണല്‍ സ്പീക്കറും എഴുത്തുകാരനും വോയ്‌സ് കോച്ചും ഹിപ്‌നോ തെറാപിസ്റ്റുമായും ക്രിസ് വേണുഗോപാല്‍ പ്രവര്‍ത്തിക്കുന്നുണ്ട്.