ഈനാട് മീഡിയ ഗ്രൂപ്പ് ചെയര്‍മാനും റാമോജി ഫിലിം സിറ്റി സ്ഥാപകനുമായ റാമോജി റാവുവിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി തെന്നിന്ത്യന്‍ താരങ്ങളായ ചിരഞ്ജീവിയും ജൂനിയര്‍ എന്‍ടിആറും.
സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ഇരുവരും അനുശോചനം രേഖപ്പെടുത്തിയത്. തെലുങ്കില്‍ വികാരഭരിതമായ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് ജൂനിയര്‍ എന്‍ടിആര്‍ അനുശോചിച്ചത്.
ശ്രീ റാമോജി റാവുവിനെ പോലെ ദീര്‍ഷവീക്ഷണമുള്ളവര്‍ പത്ത് ലക്ഷത്തില്‍ ഒരാള്‍ മാത്രമായിരിക്കും. മാദ്ധ്യമ പ്രവര്‍ത്തക രംഗത്തും ഇന്ത്യന്‍ സിനിമാ ലോകത്തും അദ്ദേഹത്തിന്റെ ഈ വിടവ് നികത്താനാവാത്തതാണ്.
അദ്ദേഹം നമ്മോടൊപ്പമില്ല എന്ന വാര്‍ത്ത വളരെ ദുഃഖകരമാണ്. ‘നിന്നു ചൂഡാലനി’ എന്ന ചിത്രത്തിലൂടെ എന്നെ സിനിമാ ലോകത്തിന് പരിചയപ്പെടുത്തി. അക്കാലത്തെ ഓര്‍മകളൊന്നും എനിക്ക് ഒരിക്കലും മറാക്കാനാകില്ലെന്ന് ജൂനിയര്‍ എന്‍ടിആര്‍ എക്‌സില്‍ കുറിച്ചു.
റാമോജി റാവുവിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖമുണ്ടെന്നും അനുശോചനം അറിയിക്കുന്നുവെന്നും ചിരഞ്ജീവിയും എക്‌സില്‍ കുറിച്ചു. സിനിമാ താരമായ സുധീര്‍ ബാബുവും നിര്‍മാതാവ് മധുര്‍ ശ്രീധറും അനുശോചനം രേഖപ്പെടുത്തി.
ഇന്ത്യന്‍ മാദ്ധ്യമ സിനിമാരംഗത്തെ ദീര്‍ഘവീക്ഷണമുള്ള റാമോജി റാവുവിന്റെ വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് സുധീര്‍ ബാബു എക്‌സില്‍ കുറിച്ചു.
ഒരു പരസ്യ ഏജന്‍സിയിലെ പ്രവര്‍ത്തകനായുള്ള തുടക്കം മുതല്‍ ഇന്ത്യയിലെയും ലോകത്തെയും പ്രമുഖ മാദ്ധ്യമ സ്ഥാപനം സ്ഥാപിക്കുന്നത് വരെയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എക്കാലവും പ്രചോദനകരമാണെന്നാണ് മധുര്‍ ശ്രീധര്‍ എക്‌സില്‍ കുറിച്ചത്.