യു.കെയിലെ പാർലമെന്റ് അം​ഗങ്ങൾ നൽകുന്ന സമ​ഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ചിരഞ്ജീവിയ്ക്ക്

നിരവധി ആരാധകരുള്ള തെലുങ്ക് സൂപ്പർ താരമാണ് ചിരഞ്ജീവി. ഇപ്പോഴിതാ യു.കെയിലെ പാർലമെന്റ് അം​ഗങ്ങൾ നൽകുന്ന സമ​ഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് നടൻ.

ഈ മാസം 19-ന് പുരസ്കാരം സമ്മാനിക്കും. എം.പിമാരായ നവേന്ദ്രു മിശ്ര, സോജൻ ജോസഫ്, ബോബ് ബ്ലാക്ക്മാൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം.

സാംസ്കാരിക നേതൃത്വത്തിലൂടെയുള്ള പൊതു സേവനത്തിലെ മികവിനുള്ള പുരസ്കാരമാണിത്. ഇതിന് പുറമേ , സിനിമ, പൊതു, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിലെ സംഭാവനകൾ പരി​ഗണിച്ചുള്ള ബ്രിഡ്ജ് ഇന്ത്യയുടെ സമ​ഗ്ര സംഭാവനാ പുരസ്കാരവും ചിരഞ്ജീവിക്ക് നൽകും.

ജീവകാരുണ്യ പ്രവർത്തനത്തിലെ മികവ് പരി​ഗണിച്ച് ചിരഞ്ജീവിക്ക് യു.കെയുടെ ഓണററി പൗരത്വം നൽകുമെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. വിശ്വംഭര എന്ന ചിത്രമാണ് ചിരഞ്ജീവിയുടേതായി ഇനി പുറത്തെത്താനുള്ളത്. ശേഷം ശ്രീകാന്ത് ഒഡേലയുടെ ചിത്രത്തിലും ചിരഞ്ജീവി നായകനായി എത്തും.

Vijayasree Vijayasree :