ഹിഡൻ ലവ് എന്ന റൊമാന്റിക് സീരീസിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ ചൈനീസ് നടിയാണ് ഷാവോ ലൂസി. കഴിഞ്ഞ കുറച്ചുനാളുകളായി താരത്തിന്റെ ആരോഗ്യത്തേക്കുറിച്ചുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. ഇ്പപോഴിതാ ഇതേകുറിച്ചെല്ലാം തുറന്നു പറഞ്ഞിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് തുറന്നു പറച്ചിൽ.
എന്റെ ആരോഗ്യത്തെ ചുറ്റിപ്പറ്റിയുള്ള കഥകൾക്കും അഭ്യൂഹങ്ങൾക്കുമുള്ള ആദ്യത്തേയും അവസാനത്തേയും വിശദീകരണമാണ് ഇത്. ‘മുൻപ് എന്റെ രോഗം എന്റെ ജോലിയേയോ ചുറ്റുമുള്ളവരെയോ ബാധിക്കാൻ ഞാൻ സമ്മതിച്ചിരുന്നില്ല. എന്നിൽ നിന്നു തന്നെയാണ് ഈ പ്രശ്‌നങ്ങളുണ്ടായത് എന്നു ഞാൻ സമ്മതിക്കുന്നു. എനിക്ക് എല്ലാം ഒറ്റയ്ക്ക് നേരിടാനാവുമെന്ന് ഞാൻ കരുതിയിരുന്നു.
എന്നാൽ ഞാൻ വിചാരിച്ച അത്ര മനക്കരുത്തില്ലെന്ന് കഴിഞ്ഞ ഒന്നര മാസത്തിൽ എനിക്ക് മനസിലായി. അതിനാൽ ഇതിന്റെ ഉത്തരവാദിത്വം ഞാൻ ഏൽക്കുന്നു. 2019 മുതൽ ഞാൻ വിഷാദത്തിന്റെ പിടിയിലാണ്. ‘വിഷാദത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയപ്പോഴും പലരും എന്നോട് പറഞ്ഞത് അത് വലിയ കാര്യമാക്കേണ്ടെന്നും പോസിറ്റീവായി ചിന്തിക്കാനുമായിരുന്നു.
ഞാൻ ഓവർ സെൻസിറ്റീവ് ആവുകയാണ് എന്നാണ് ഞാൻ കരുതിയത്. അതിനാൽ മാനസികാരോഗ്യത്തെ വലിയ കാര്യമായി എടുത്തില്ല. 2021ൽ ലക്ഷണങ്ങൾ തീവ്രമായി. പ്രാണികൾ എന്റെ മേലെ ഇഴയുന്ന പോലെയും സൂചി കൊണ്ട് കുത്തുന്നപോലെയും അലർജിയുമെല്ലാം അനുഭവപ്പെടാൻ തുടങ്ങി. ഞാൻ മരുന്നും ഇൻജെക്ഷനുമെല്ലാം എടുത്തെങ്കിലും കുറഞ്ഞില്ല.
തുടർന്ന് ആൻസൈറ്റി നിയന്ത്രിക്കാനും വേണ്ടി സൈക്കോളജിസ്റ്റിന്റെ സഹായം തേടി. 2023ൽ ശീരീരികമായ പല പ്രശ്‌നങ്ങളും അനുഭവപ്പെടാൻ തുടങ്ങി. ന്യുമോണിയ, ശ്വാസ തടസം, ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേൽക്കുക തുടങ്ങിയ പലപ്രശ്‌നങ്ങളും നേരിട്ടു. ഇത് കൂടാതെ തന്റെ പ്രിയപ്പെട്ടവരുടെ വിയോഗവും കുടുംബാംഗങ്ങൾ കാൻസർ ബാധിതരായതുമെല്ലാം എന്നെ മോശമായി ബാധിച്ചു.
മാനസികമായി പല പ്രശ്‌നങ്ങളും ഉണ്ടായിട്ടും ഞാനിത് കാര്യമാക്കിയില്ല. എന്നാൽ 2024ൽ ലക്ഷണങ്ങൾ കൂടുതൽ തീവ്രമായി. വരണ്ട ചുമ, തലകറക്കം, സന്ധി വേദന, അലർജികൾ തീവ്രമാവുകയും ചെയ്തു. എന്നാൽ ഇതെല്ലാം മരുന്നിന്റെ സൈഡ് ഇഫക്റ്റായാണ് ഞാൻ കണ്ടത്. ‘ട്യൂഷൻ ക്ലാസിൽ വച്ച് എന്നെ അധ്യാപകൻ അടിച്ചപ്പോൾ ഞാൻ പഠിക്കാത്തതുകൊണ്ടാണ് എന്ന് ഞാൻ കരുതി. ഞാനാണ് പ്രശ്‌നം എന്ന് കരുതി തുറന്നു പറഞ്ഞില്ല.
വളർന്നപ്പോൾ ഒഡിഷനിൽ പരാജയപ്പെട്ടപ്പോൾ വീണ്ടും അടിയേറ്റു. വിജയിക്കാത്തത് എന്റെ കുറ്റമായി ഞാൻ കണക്കാക്കി. രക്ഷപ്പെടണം എന്നായിരുന്നു എനിക്ക്. അതുകൊണ്ട് ഞാൻ നിശബ്ദയായി. സഹായം തേടാതെ എല്ലാം സഹിച്ചു. നടിയായി പ്രശസ്തിയിൽ എത്തിയപ്പോഴാണ് ആ ഇരുണ്ടകാലം അവസാനിപ്പിക്കാൻ ശ്രമിച്ചത്. കരച്ചിലും സ്വയം ഉപദ്രവിക്കുമെന്നുമുള്ള ഭീഷണിയുമെല്ലാം അവർ അവസാനിപ്പിച്ചത് വലിയ തുക കൈപ്പറ്റിയതിനു ശേഷമാണ്.
പിന്നീട് സിനിമയ്ക്ക് അകത്തും പുറത്തും തന്നെ മോശക്കാരിയാക്കുന്ന നിലയിൽ പല അഭ്യൂഹങ്ങളും പ്രചരിപ്പിച്ചു. ആ കഥകൾ കേട്ട് പലരും എന്നേക്കുറിച്ച് പലതും പറഞ്ഞു. ഇതെല്ലാം തന്റെ വേദനയേറ്റി എന്നും ലൂസി കൂട്ടിച്ചേർത്തു. എന്നാൽ തന്നെ ഉപദ്രവിച്ച ആളുടെ പേര് താരം വെളിപ്പെടുത്തിയിട്ടില്ല.