അപ്രതീക്ഷിത കൂടികാഴ്ച; ജയതി ശ്രീകുമാറിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി

മലയാളികളുടെ ഹാസ്യസാമ്രാട്ട് നടൻ ജഗതി ശ്രീകുമാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ അപ്രതീക്ഷിതമായി ആയിരുന്നു കൂടിക്കാഴ്ച. ഇൻഡിഗോ വിമാനത്തിൽവെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. മുഖ്യമന്ത്രി പങ്കുവെച്ച പോസ്റ്റ് വൈറലാണ്.

2012ൽ ആയിരുന്നു ജ​ഗതിയ്ക്ക് വാഹനാപകടത്തിൽ പരിക്കേൽക്കുന്നത്. ആരോഗ്യ സ്ഥിതിയിൽ മെച്ചമുണ്ടെങ്കിലും സിനിമകളിൽ കാണുന്ന പഴയ ജഗതിയെ ഇതുവരെ തിരിച്ചു കിട്ടിയിട്ടില്ല. പകരം വെക്കാനില്ലാത്ത അഭിനേതാവായാണ് ജഗതി ശ്രീകുമാർ ഇന്നും അറിയപ്പെടുന്നത്. ഒരുപക്ഷെ ഇന്ന് സിനിമകളിൽ സജീവമായിരുന്നെങ്കിൽ അവിസ്മരണീയമായ ഒട്ടനവധി കഥാപാത്രങ്ങൾ ജഗതിക്ക് ലഭിച്ചേനെ.

2022-ൽ ‘സിബിഐ 5: ദി ബ്രെയിൻ’ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. ‘ഗഗനചാരി’ സിനിമയുടെ സംവിധായകൻ അരുൺ ചന്ദു ഒരുക്കുന്ന ‘വല’ എന്ന സിനിമയാണ് ജഗതിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. ചിത്രത്തിൽ അങ്കിൾ ലൂണ എന്നറിയപ്പെടുന്ന പ്രൊഫസർ അമ്പിളി എന്ന കഥാപാത്രത്തേയാണ് ജഗതി ശ്രീകുമാർ അവതരിപ്പിക്കുന്നത്.

വീൽചെയറിലിരിക്കുന്ന ജഗതി ഇന്നും പല സഹപ്രവർത്തകർക്കും വിഷമകരമായ കാഴ്ചയാണ്. അടുത്തിടെയാണ് ജഗതിയെക്കുറിച്ച് സംസാരിക്കവെ നടി ഉർവശി കണ്ണീരണിഞ്ഞത്. കോമഡി, സീരയസ് വേഷങ്ങളെല്ലാം ജഗതിയുടെ കൈയിൽ ഭദ്രമായിരുന്നു. അപകടം നടന്ന അന്ന് മുതൽ ഇന്ന് വരെ നിരവധി പേർ ജഗതിയുടെ തിരിച്ചു വരവിനായി പ്രാർത്ഥിക്കുന്നുണ്ട്.

നാടകാചാര്യനായ എൻകെ ആചാര്യയുടെയും പൊന്നമ്മാളിന്റെയും മകനായി 1951 ജനുവരി 5നാണ് ജഗതി ശ്രീകുമാറിന്റെ ജനനം. നാടകരംഗത്ത് നിന്നുമാണ് സിനിമയിലെത്തുന്നത്. ചട്ടമ്പിക്കല്യാണി എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. അനശ്വര നടൻ പ്രേംനസീറിന് ശേഷം ഏറ്റവും കൂടുതൽ മലയാള ചിത്രങ്ങളിൽ അഭിനയിച്ച ചുരുക്കം ചില നടന്മാരിൽ ഒരാളാണ് ജഗതി.

Vijayasree Vijayasree :