പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ് ആരാധകർക്ക്. ഏറ്റെടുക്കുന്ന വേഷങ്ങളോടുള്ള നടന്റെ ആത്മാർത്ഥത, ഏത് മേഖലയിലുള്ളവർക്കും കണ്ട് പഠിക്കാവുന്നതാണ്. നടനെ പത്മ പുരസ്ക്കാരത്തിൽ ഇത്തവണയും കേന്ദ്ര സർക്കാർ തഴഞ്ഞതിനെതിരെ വിമർശനം ശക്തമാവുകയാണ്.
മമ്മൂട്ടി ഇടതുപക്ഷത്തിനൊപ്പമായതിനാലും മുസ്ലീം പേരുകാരൻ ആയതിനാലുമാണ് അദ്ദേഹത്തിന് ഏറെ മുൻപേ തന്നെ ലഭിക്കേണ്ടിയിരുന്ന പുരസ്ക്കാരങ്ങൾ നിഷേധിക്കപ്പെടുന്നത് എന്നാണ് പലരും സോഷ്യൽ മീഡിയയിലൂടെ ആരോപിക്കുന്നത്. ഇപ്പോഴിതാ വർഷങ്ങളായി ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന മമ്മൂട്ടിക്ക് രാജ്യസഭാംഗത്വം അടക്കം ഇതുവരെ ഒരു നേട്ടവും ഉണ്ടായിട്ടില്ലെന്ന് പറയുകയാണ് ഇടതുപക്ഷ സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പ്.
മമ്മൂട്ടി ഇപ്പോഴും സിപിഎമ്മിൽ അംഗമല്ല, സഹയാത്രികനാണ്. മമ്മൂട്ടി കൈരളി ചാനലിന്റെ ചെയർമാനായിട്ട് 25 വർഷം കഴിഞ്ഞു. ചാനലിന്റെ ചെയർമാൻ എന്ന നിലയിൽ അദ്ദേഹത്തെ ഒരു ഇടതുപക്ഷ സഹയാത്രികനായിട്ടാണ് കരുതപ്പെട്ടിരുന്നത്. അതിന് ശേഷം വന്ന സുരേഷ് ഗോപി രാജ്യസഭാംഗമായി, പാർലമെന്റ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച് കേന്ദ്ര മന്ത്രിയായി. ഇടതുപക്ഷ സഹയാത്രികനായി മമ്മൂട്ടി വന്നപ്പോൾ സ്വാഭാവികമായും അദ്ദേഹത്തിന് ഒരു രാജ്യസഭാ പദവി കിട്ടുമെന്ന് കരുതി.
ഈ 25 വർഷത്തിനിടയിലും അദ്ദേഹത്തിന് രാജ്യസഭാ പദവി കിട്ടിയില്ല. അദ്ദേഹത്തിന് പത്മശ്രീ പുരസ്‌ക്കാരം കിട്ടിയത് കോൺഗ്രസ് ഭരിക്കുന്ന കാലഘട്ടത്തിൽ കോൺഗ്രസ് സർക്കാരുകളുടെ സംഭാവനയാണ്. സിപിഎമ്മിന്റെ ഭരണം വന്ന സമയങ്ങളിൽ സ്റ്റേറ്റ് അവാർഡുകൾ നോക്കിയാൽ പോലും മമ്മൂട്ടിക്ക് കിട്ടിയിട്ടില്ല. സിപിഎം സഹയാത്രികനായി നിന്നത് കൊണ്ട് മമ്മൂട്ടിക്ക് വ്യക്തിപരമായി ഒരു ലാഭവും കിട്ടിയിട്ടില്ല. അതിൽ മമ്മൂട്ടിക്ക് വ്യസനമുണ്ട്.
ഞാൻ കൈരളിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ആളാണ്. കൈരളിയുടെ 25ാം വാർഷികവുമായി ബന്ധപ്പെട്ട ഒരു യോഗത്തിൽ മമ്മൂട്ടി അധ്യക്ഷത വഹിക്കും എന്നാണ് താൻ കരുതിയത്. എന്നാൽ ടിവി നോക്കിയപ്പോൾ മമ്മൂട്ടിയല്ല അധ്യക്ഷൻ. പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. മമ്മൂട്ടി സാധാരണ എല്ലാ ജനറൽ ബോഡി യോഗത്തിലും പങ്കെടുക്കുന്ന ആളാണ്. ഇപ്പോൾ അദ്ദേഹം ജനറൽ ബോഡിയിൽ പങ്കെടുക്കുന്നത് ഓൺലൈനിലാണ്.
മമ്മൂട്ടി കൈരളിയുടെ ഓഫീസിലോ, അദ്ദേഹം ഉദ്ഘാടനം ചെയ്യേണ്ട യോഗത്തിലോ പോലും വരാറില്ല എന്ന് മനസ്സിലാക്കിയപ്പോൾ അദ്ദേഹത്തിന് ചില സ്വകാര്യ ദുഖങ്ങൾ ഉണ്ടെന്ന് വളരെ അടുത്ത സുഹൃത്തുക്കൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് താൻ ആ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതെന്നും ചെറിയാൻ ഫിലിപ്പ് പറയുന്നു. 2024 സെപ്റ്റംബർ ൽ ചെറിയാൻ ഫിലിപ്പ് പങ്കുവെച്ച കുറിപ്പ് ഇങ്ങനെയായിരുന്നു;
കൈരളി ടി വി ചെയർമാൻ മമ്മൂട്ടി താമസിയാതെ സി.പി.എം ബന്ധം ഉപേക്ഷിക്കും. കാൽ നൂറ്റാണ്ടിലേറെയായി സി.പി.എം തങ്ങളുടെ ആവശ്യങ്ങൾക്കായി മമ്മൂട്ടിയെ ഉപയോഗിച്ചെങ്കിലും അദ്ദേഹത്തിന് ഒരിക്കലും മാന്യമായ പരിഗണന നൽകിയിട്ടില്ല. ദേശീയ തലത്തിൽ അദ്ദേഹത്തിന് ലഭിക്കേണ്ട അർഹമായ അംഗീകാരം പലപ്പോഴും ലഭിക്കാതെ പോയത് സി.പി.എം ബന്ധത്തിന്റെ പേരിലാണ്.
സാഹിത്യ, സിനിമ, കലാ രംഗങ്ങളിൽ സി.പി.എം സഹയാത്രികരായിരുന്ന പലരും പാർട്ടിയുമായി അകൽച്ചയിലാണ്. പാർട്ടി വേദികളിൽ പ്രത്യക്ഷപ്പെടാൻ മിക്കവർക്കും ഭയമാണ്. എം.എൽ.എ മാരായിരുന്ന മഞ്ഞളാംകുഴി അലി, അൽഫോൻസ് കണ്ണന്താനം എന്നിവർ സി.പി.എം ബന്ധം അവസാനിപ്പിച്ചത് പാർട്ടി നേതാക്കളുടെയും അണികളുടെയും പീഢനം സഹിക്കാൻ വയ്യാതെയാണ്. മുസ്ലീം ലീഗിൽ ചേർന്ന അലി പിന്നീട് സംസ്ഥാന മന്ത്രിയും ബി.ജെ.പിയിൽ ചേർന്ന അൽഫോൻസ് കേന്ദ്ര മന്ത്രിയുമായി.
കെ.ടി.ജലീൽ അൻവറിന്റെ പാത പിന്തുടരുമെന്ന് തീർച്ചയാണ്. അൻവർ ഉയർത്തിയ എല്ലാ പ്രശ്നങ്ങളോടും ജലീൽ ആഭിമുഖ്യം പുലർത്തിയിട്ടുണ്ട്. പലഘട്ടങ്ങളായി കോൺഗ്രസിൽ നിന്നും സി.പി.എം -ൽ ചേർന്നവരെല്ലാം മരണക്കെണിയിലാണ്. ചിലർക്ക് അപ്പ കഷണങ്ങൾ നൽകിയിട്ടുണ്ടെങ്കിലും അവരുടെയെല്ലാം രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെട്ടിരിക്കുകയാണ്.