മമ്മൂട്ടിയ്ക്ക് ഒരു കുഴപ്പവും ഉണ്ടാകരുതേയെന്ന പ്രാർത്ഥന മാത്രമാണ് എനിക്കുള്ളത്, ലാൽ സാർ കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള താരം ദിലീപാണ്; ചാലി പാല

വില്ലൻ വേഷങ്ങളിലൂടെ മലയാളി സിനിമ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായി മാറിയ താരമാണ് കോട്ടയം പാല സ്വദേശിയിയായ ചാലി പാല. ചില ചിത്രങ്ങളിൽ ശ്രദ്ധേയമായ കോമഡി കഥാപാത്രങ്ങളേയും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ മലയാള സിനിമ ലോകത്തെ പ്രമുഖരുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് തുറന്ന് പറയുകയാണ് അദ്ദേഹം. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുകത്തിൽ സംസാരിക്കുകയായിരുന്നു നടൻ. മമ്മൂട്ടിയുടെ അസുഖത്തെക്കുറിച്ചൊന്നും എനിക്ക് അറിയില്ല. ആ മനുഷ്യന് ഒരു കുഴപ്പവും ഉണ്ടാകരുതേയെന്ന പ്രാർത്ഥന മാത്രമാണ് എനിക്കുള്ളത്. പ്രാഞ്ചിയേട്ടനിൽ അഭിനയിച്ചുകൊണ്ടിരിക്കെ എന്റെ ക്ലോസ് എടുക്കുകയാണ്. മമ്മൂട്ടി തൊട്ട് അടുത്തുണ്ട്.

റിഹേഴ്സൽ എടുക്കുന്ന സമയത്ത് എന്റെ പിരികം അറിയാതെ പൊങ്ങിപ്പോയി. അതുകൊണ്ട് രഞ്ജിത്തേട്ടൻ പറഞ്ഞു ‘ചാലി പിരികം പൊക്കണ്ട, അല്ലാതെ പറഞ്ഞാൽ മതി’. അതുകഴിഞ്ഞ് ഞാൻ മമ്മൂട്ടിയോടായി പറഞ്ഞു ‘എന്റെ മമ്മൂക്ക എന്റെ ശരീരത്തിൽ ആകെ പൊങ്ങുന്നത് പുരികം മാത്രമേയുള്ളുവെന്ന്’. ഇത് കേട്ടതോടെ മമ്മൂക്ക ബിജു മേനോനെ വിളിച്ച് ഞാൻ പറഞ്ഞ കാര്യം പറഞ്ഞ് ചിരിച്ചു. സിനിമ മേഖല മുഴുവൻ അത് അങ്ങ് പ്രചരിച്ചു. ടിനി ടോമാണ് അത് പരത്തിയതെന്നും ചാലി പാല ചിരിച്ചുകൊണ്ട് പറയുന്നു.

നിർമ്മാതാവ് രഞ്ജിത്തിനെയൊക്കെ എത്രയോ കാലം മുന്നേ അറിയാം. പക്ഷെ പുള്ളി പടത്തിലേക്ക് വിളിച്ചില്ല. അതൊന്നും പ്രശ്നമില്ല. ചിപ്പി രണ്ടാമത് അഭിനയിക്കുന്ന സിനിമ സ്ഫടികമാണ്. തിലകൻ ചേട്ടനെ ഭയങ്കര ഇഷ്ടമാണ്. ജീവന്റെ ജീവനാണ്. അദ്ദേഹവുമായുള്ള അനുഭവങ്ങളൊക്കെ പറയുകയാണെങ്കിൽ ഒരു അഭിമുഖത്തിൽ തീരില്ല. തിലകൻ ചേട്ടന്റെ മക്കൾക്കൊക്കെ ഇപ്പോഴും വലിയ ഇഷ്ടമാണ്. ഇന്ത്യൻ സിനിമയിൽ മോഹൻലാലിനെ പോലെ വേറെ ഒരു നടനില്ല. മഹാനായ കലാകാരനാണ് അദ്ദേഹം. എല്ലാവരേയും എനിക്കിഷ്ടമാണ് ആരും മോശമല്ല. പിന്നെ എൻ്റെ അനുഭവത്തിൽ നിന്നുള്ള കാര്യങ്ങളാണ് പറയുന്നത്.

ജഗതി ശ്രീകുമാർ ഈ പരിസരത്തേക്ക് ഒക്കെ വരുമ്പോൾ എന്തിനും അദ്ദേഹത്തിന്റെ കൂടെയുണ്ടാകുമായിരുന്നു. അദ്ദേഹത്തിന്റെ വീഴ്ചയിലാണ് ഞാൻ തകർന്നു പോയത്. യേശുക്രിസ്തു മൂന്നാം നാൾ ഉയർത്തെഴുന്നേറ്റ് വന്നത് പോലെ അദ്ദേഹവും ഉയർത്തി എഴുന്നേറ്റ് വരുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ അമ്മയുടെ യോഗത്തിൽ അദ്ദേഹം വന്നു. ഞങ്ങൾ അടുത്ത് അടുത്താണ് ഇരുന്നത്. കണ്ടപ്പോൾ ഒന്ന് നോക്കി, പേര് പറഞ്ഞപ്പോൾ മുഖത്ത് ഒരു ചിരി വന്നു. അമ്പിളി ചേട്ടനും ശ്രീനിയേട്ടനുമാണ് എന്നെ ഏറ്റവും അധികം ഫീൽ ചെയ്യിച്ചത്. ഇവിടെ മരിയസദനം എന്ന് പറയുന്ന ഒരു ജീവകാരുണ്യ സ്ഥാപനമുണ്ട്. അവിടെ അമ്പിളി ചേട്ടൻ വരികയും വലിയ രീതിയിൽ സഹായം ചെയ്യാറുമുണ്ടായിരുന്നു.

ദിലീപ് വലിയ ചങ്കാണ്. എത്രയോ പടങ്ങളിൽ ഒന്നിച്ച് അഭിനയിച്ചു. പക്ഷെ ഇടക്ക് പുള്ളിക്ക് എന്തൊക്കെയോ പ്രശ്നം ഉണ്ടായപ്പോൾ ഞാൻ പല പ്രാവശ്യം വിളിച്ചു. എന്നാൽ പുള്ളി എടുക്കുന്നില്ല. ഒടുവിൽ ബ്ലോക്ക് ചെയ്തു. അത് എന്റെ കുഴപ്പം അല്ല. ലാൽ സാർ കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു താരം ദിലീപാണ്. പുള്ളിക്ക് ഒരു ദുരന്തം വരികയില്ലെന്ന് ദൈവത്തെ സാക്ഷി നിർത്തി ഞാൻ പറയുകയാണ്. നല്ല മനുഷ്യസ്നേഹിയാണ് അദ്ദേഹം. ദിലീപിന്റെ അച്ഛൻ എന്റെ ഒരു സുഹൃത്താണ്. അദ്ദേഹത്തെ പോലെ തന്നെ ശുദ്ധനായ മനുഷ്യനാണ് ദിലീപും. ഒരുകാലത്ത് എല്ലാ പടത്തിലേക്കും ദിലീപ് വിളിക്കുമായിരുന്നു. പിന്നെ വിളിക്കുന്നില്ല.

എന്താണ് കാരണം എന്ന് അറിയില്ല. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. അദ്ദേഹത്തിന് വേണ്ടി ചങ്ക് തകർന്ന് പ്രാർത്ഥിക്കുന്ന വ്യക്തിയാണ് ഞാൻ മക്കളെ തമ്മിൽ വേർതിരിച്ച് കാണാൻ പാടില്ല എന്നത് പോലെ ചെയ്ത വേഷങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത്, ഇഷ്ടപ്പെടാത്തത് എന്നൊന്നും ഇല്ല. ഞാൻ ചെയ്ത എല്ലാ വേഷങ്ങളും എനിക്ക് ഇഷ്ടപ്പെട്ടതാണ്. അതിന് വലിപ്പ ചെറുപ്പങ്ങളില്ല. ഒരിക്കലം അങ്ങനെ വേർതിരിച്ച് കാണാൻ പാടില്ലെന്നും ചാലി പാല കൂട്ടിച്ചേർക്കുന്നു.

അതേസമയം, അടുത്തിടെ, തന്റെ ജീവിതത്തിലെ വലിയൊരു ദുരന്തത്തെ കുറിച്ച്‌ നടന‍് പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. ഓരോ ക്രിസ്തുമസ് വരുമ്ബോഴും തന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്തൊരു ദുരന്തമുണ്ടെന്നാണ് നടൻ പറഞ്ഞത്. 64 വർഷം മുൻപൊരു ക്രിസ്തുമസ് രാവിനെ കുറിച്ചാണ് നടൻ പറയുന്നത്.അന്ന് പത്ത് വയസ് മാത്രം പ്രായമുണ്ടായിരുന്ന മനസിൽ ആളിക്കത്തിയ തീ ഇന്നും എരിഞ്ഞടങ്ങാതെ നിൽക്കുകയാണെന്നും ചാലി പാല പറയുന്നു.

അന്നൊരു ക്രിസ്തുമസ് രാത്രി അമ്മയുടെയും സഹോദരിമാരുടെയും കൂടെ താനും പള്ളിയിൽ പോയി. പിതാവും ഒന്നര വയസുള്ള കുഞ്ഞനുജനും അന്ന് വീട്ടിലാണ്.കുർബ്ബാന നടക്കുന്നതിനിടയിൽ ഉണ്ണിയേശുവിനെ തീ കായ്ക്കുന്ന ചടങ്ങ് അന്നും ഉണ്ട്. അങ്ങനെ പള്ളിമുറ്റത്ത് നിൽക്കുമ്ബോഴാണ് ദൂരെ തീ ആളി കത്തുന്നൊരു കാഴ്ച കാണുന്നത്. അടുത്ത കുന്നിലുള്ള മറ്റൊരു പള്ളിയിൽ ഉണ്ണിയേശുവിനെ തീ കായ്ക്കുന്നതാണെന്ന് ആദ്യം കരുതി.പക്ഷേ അതായിരുന്നില്ല സംഭവിച്ചത്. ഞങ്ങളുടെ ഓല മേഞ്ഞ വീട് കത്തി എരിയുന്നതായിരുന്നു. കുറച്ച്‌ കഴിഞ്ഞപ്പോഴാണ് എല്ലാവരും അത് മനസിലാക്കുന്നത്.

ഞങ്ങളുടെ വീടാണ് കത്തുന്നതെന്ന് അറിഞ്ഞതും അമ്മ ബോധം കെട്ട് വീണു. വീട് കത്തി പോകുന്നതിന്റെ ആധി മാത്രമായിരുന്നില്ല അമ്മയ്ക്കുണ്ടായിരുന്നത്. എന്റെ അപ്പൻ വീട്ടിലുണ്ട്. മാത്രമല്ല എന്റെ ഇളയ അനുജൻ രാജു തൊട്ടിലിൽ കിടന്ന് ഉറങ്ങുകയായിരുന്നു. ആരൊക്കെയോ അമ്മയെ പൊക്കിയെടുത്ത് ആശുപത്രിയിൽ കൊണ്ട് പോയി. പിന്നീട് അപ്പൻ ഈ കഥ പറഞ്ഞത് ഓർമ്മയിലിന്നും ഉണ്ടെന്നും നടൻ പറയുന്നു.

ഞങ്ങൾക്ക് അന്ന് കള്ളുഷാപ്പും കറിക്കച്ചവടമൊക്കെയുണ്ട്. ഷാപ്പ് അടച്ച്‌ വന്ന ക്ഷീണത്തിൽ അപ്പൻ കിടന്ന് ഉറങ്ങി. ആ സമയത്താണ് തീപ്പിടുത്തം ഉണ്ടാവുന്നത്. അപ്പൻ മയക്കത്തിൽ നിന്നും എഴുന്നേൽക്കുമ്ബോൾ അനുജൻ തൊട്ടിലിൽ കിടന്ന് കരയുകയാണ്. അപ്പൻ കണ്ണ് തുറന്ന് നോക്കുമ്ബോൾ മുന്നിൽ തീ ഗോളമാണ്. പെട്ടെന്ന് തന്നെ അവനെ തൊട്ടിലും കൂടി ചേർത്ത് അപ്പൻ അവനെ വാരി എടുത്ത് പുറത്തേക്ക് കൊണ്ട് വന്നു.എങ്കിലും അവനെ രക്ഷിക്കാൻ സാധിച്ചില്ല. രാജുവിനെ പൊക്കിയെടുത്ത് കൊണ്ട് വരുമ്ബോഴെക്കും വീടിന്റെ തടി കൊണ്ട് നിർമ്മിച്ച ഉത്തരം കത്തി താഴേക്ക് വീണു. അത് വീണത് അപ്പന്റെ തോളിലാണ്. അപ്പന്റെ ശരീരം മൊത്തം പൊള്ളി പോയി. കുറേ നാളുകൾക്ക് ശേഷമാണ് അത് സുഖപ്പെട്ടത്.

അന്ന് പള്ളിയിൽ ഇട്ടോണ്ട പോയ വസ്ത്രമല്ലാതെ വേറൊന്നും ഇല്ലാതെയായി. ബാക്കിയെല്ലാം കത്തി ചാമ്ബലായി പോയി. മാത്രമല്ല ഒന്നര വയസുകാരനായ അനുജൻ തീക്കൂമ്ബാരത്തിനുള്ളിൽ വെന്തുമരിച്ച സംഭവം ഓർമ്മയിൽ വരുമ്ബോൾ ഇന്നും വിങ്ങുന്ന വേദനയാണ്. അറുപത്തിനാല് വർഷം കഴിഞ്ഞെങ്കിലും ഇന്നും വേദനയോട് കൂടിയേ അത് ഓർമ്മിക്കാൻ കഴിയുകയുള്ളുവെന്നാണ് ചാലി പാല പറയുന്നത്. ആ പ്രായത്തിലും സിനിമയോട് തനിക്ക് വലിയ ആഗ്രഹമായിരുന്നു എന്നും നടൻ പറയുന്നുണ്ട്. ക്രിസ്തുമസ് പ്രമാണിച്ച്‌ എംജിആറിന്റെ ‘നാടോടി മന്നൻ’, എന്ന സിനിമ പാലയിലെ യൂണിവേഴ്‌സൽ തിയറ്ററിൽ വരുന്നുണ്ടെന്ന് നേരത്തെ അറിഞ്ഞിരുന്നു. സിനിമ എങ്ങനെയും കാണണമെന്ന് ആഗ്രഹിച്ച്‌ ഇരിക്കുകയായിരുന്നു. ഇതിനിടയിലാണ് അനിയന്റെ മരണം വരുന്നത്. അന്ന് ആരോടോ പണം വാങ്ങി താൻ സിനിമ കാണാൻ പോയി. സിനിമയോട് അത്രത്തോളം ഇഷ്ടമായിരുന്നു എന്നും താരം പറയുന്നു.

അതേസമയം, മമ്മൂട്ടിയുടെ ആരോഗ്യനില സംബന്ധിച്ച അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. മമ്മൂ‌ട്ടിയ്ക്ക് കുടലിൽ അർബുദം സ്ഥിരീകിരിച്ചെന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചിരുന്നത്. 73 കാരനായ നടൻ കാൻസർ ചികിത്സയ്ക്ക് വേണ്ടി ഷൂട്ടിംഗിൽ നിന്നും മാറി നിൽക്കുകയാണെന്നും താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നുമായിരുന്നു വാർത്തകൾ. അതിന് പിന്നാലെ മോഹൻലാൽ ശബരിമലയിൽ പ്രിയപ്പെട്ട ഇച്ഛക്കയ്ക്കായി നടത്തിയ വഴിപാടും, ഒരുപാട് ഊഹാപോഹങ്ങൾക്ക് വഴിയൊരുക്കി. എന്നാൽ എന്താണ് അദ്ദേഹത്തിന് സംഭവിച്ചതെന്ന കാര്യത്തിൽ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള അപ്ഡേഷനുകളൊന്നും തന്നെ ബന്ധപ്പെട്ട മേഖലകളിൽ നിന്നും വന്നിട്ടില്ല. അതേ സമയം മമ്മൂട്ടിയുടെ ശക്തമായ ഒരു തിരിച്ചുവരവിന് വേണ്ടി ആരാധകർ എത്രത്തോളം പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്നുവോ, അത്രയും പ്രതീക്ഷയോടെയും പ്രാർത്ഥനയോടെയും ഇന്റസ്ട്രിയിലുള്ളവരും കാത്തിരിയ്ക്കുന്നുണ്ട്. സിനിമ മേഖലയിലെ പലരും മമ്മൂട്ടിക്ക് അസുഖമുണ്ടെന്ന് സ്ഥിരീകരിച്ചു. ബിഗ് ബോസ് താരം അഖിൽ മാരാർ, തമ്പി ആന്റണി, സംവിധായകൻ ജോസ് തോമസ് തുടങ്ങിയവരാണ് മമ്മൂട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കിയത്. അതേസമയം, മമ്മൂട്ടിയുടെ ആരോഗ്യത്തിന് വേണ്ടി ശബരിമലയിൽ മോഹൻലാൽ നേരിട്ട വഴിപാട് നടത്തിയതോടെ മമ്മൂട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് ഏറെക്കുറേ പ്രേക്ഷകർ സ്ഥിരീകരിക്കുകയും ചെയ്യുകയായിരുന്നു.

മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് നടൻ ഉഷപൂജ നടത്തിയത്. ഭാര്യ സുചിത്രയുടെ പേരിലും നടൻ വഴിപാട് അർപ്പിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന് ഇപ്പോൾ എന്താണ് അവസ്ഥ, ചികിത്സയിൽ തുടരുകയാണോ എന്ന കാര്യത്തിലൊന്നും വ്യക്തതയില്ല. എന്നാൽ എമ്പുരാൻ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ചെന്നൈയിൽ നടന്ന പ്രസ് മീറ്റിൽ സംസാരിക്കവെ അദ്ദേഹം സുഖമായിരിക്കുന്നു. അദ്ദേഹത്തിന് ചെറിയ പ്രശ്നമുണ്ടായിരുന്നു. എല്ലാവർക്കും ഉണ്ടാകും. അത്ര മാത്രമേയുള്ളൂ. പേടിക്കാൻ ഒന്നുമില്ല എന്ന് മോഹൻലാൽ പറഞ്ഞിരുന്നു.

അതേസമയം, ദിലീപ് ഇപ്പോൾ തന്റെ സിനിമാ തിരക്കുകളിലാണ്. ദിലീപിന്റെ 150ാമത് ചിത്രം ‘പ്രിൻസ് ആന്റ് ഫാമിലി’ ഇക്കഴിഞ്ഞ മെയ് 09 ന് തിയേറ്ററുകളിൽ എത്തിയിരുന്നു. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. സിനിമ പ്രേക്ഷകർ കണ്ട് മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് വിജയിച്ചതെന്നാണ് ദിലീപ് പറഞ്ഞത്. സിനിമ ഇറങ്ങി അഞ്ചാം ദിവസമാണ് പ്രമോഷൻ തുടങ്ങിയത്. ഒരുപാട് ചിരിക്കാനുണ്ട്, കണ്ണ് നനയിച്ചു, തുടങ്ങിയ കമന്റുകൾ വരുമ്പോൾ ഒരുപാട് സന്തോഷം. എന്താണ് ഞങ്ങൾ ആഗ്രഹിച്ചത് അത് നടന്നുവെന്ന സന്തോഷത്തിലാണെന്നും ദിലീപ് പറഞ്ഞു. ഈ ഡിജിറ്റൽ ലോകത്ത് സ്വകാര്യത ആഗ്രഹിക്കുന്ന ആൾക്ക് എങ്ങനെ സർവൈവ് ചെയ്യാൻ സാധിക്കുന്നു എന്നതാണ് സിനിമ സംസാരിക്കുന്നത്.

Vijayasree Vijayasree :