ഈ ചാലക്കുടിക്കാരൻ കേരളക്കര കീഴടക്കി: റിവ്യൂ വായിക്കാം

ഈ ചാലക്കുടിക്കാരൻ കേരളക്കര കീഴടക്കി: റിവ്യൂ വായിക്കാം

കലാഭവൻ മണിയുടെ ജീവിതവും മരണവും ആസ്പദമാക്കി സംവിധായകൻ വിനയൻ ഒരുക്കുന്ന പുതിയ ചിത്രം ‘ചാലക്കുടിക്കാരൻ ചങ്ങാതി’ ഇന്ന് തിയ്യേറ്ററുകളിലെത്തി. കലാഭവൻ മണിയുടെ ജീവിതകഥയല്ലെന്നും, എന്നാൽ കലാഭവൻ മണിയുടെ ജീവിതം നേരിട്ട് കണ്ടെന്ന ആളെന്ന നിലക്ക് സിനിമയിൽ അത് നന്നായി സ്വാധീനിച്ചിട്ടുണ്ടെന്നും ഈ സിനിമയെ കുറിച്ച് വിനയൻ മുൻപ് പറഞ്ഞിട്ടുണ്ട്. കലാഭവൻ മണിയുടെ ജീവിതം പറഞ്ഞു പോകുന്ന സിനിമയാണെന്ന സൂചന ലഭിച്ചതോടെ മലയാളികളെല്ലാം ഈ സിനിമക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു.

രാജാമണിയും ഹണി റോസും പ്രധാനവേഷത്തിലെത്തുന്ന സിനിമക്ക് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. മലയാള സിനിമയിലെ ബഹുമുഖ പ്രതിഭ ആയിരുന്ന കലാഭവൻ മണിയുടെ ജീവിതവും മരണവും വിഷയമാക്കിയിട്ടുള്ള സിനിമ തന്നെയാണ് ചാലക്കുടിക്കാരൻ. ദാരിദ്ര്യത്തിന്റെ തീച്ചൂളയിൽ നിന്ന് വിജയങ്ങൾ വെട്ടിപ്പിടിച്ച മണിയെ പോലെ തന്നെയാണ് ചാലക്കുടിക്കാരനിലെ രാജാമണി അവതരിപ്പിച്ച കഥാപാത്രവും. കറുപ്പിനോടുള്ള സമൂഹത്തിന്റെ നീതികേടും സിനിമയിൽ വിഷയമായി വരുന്നുണ്ട്.

പ്രധാന വേഷത്തിലെത്തുന്ന രാജാമണിയുടെ മികച്ച പ്രകടനം തന്നെയാണ് ഈ സിനിമയുടെ ഹൈലൈറ്റ്. മണി ചേട്ടന്റെ മാനറിസങ്ങളും മറ്റും അത് പോലെ പകർത്തിയ രാജാമണി, ചില രംഗങ്ങളിൽ കലാഭവൻ മണി തന്നെയാണോ ഈ അഭിനയിക്കുന്നത് എന്ന് തോന്നിപ്പോകുന്ന തരത്തിലുള്ള പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. ഹണി റോസും തന്റെ വേഷം മികച്ചതാക്കി. രമേശ് പിഷാരടി, ധർമ്മജൻ ബോൾഗാട്ടി, സലിം കുമാർ, ജോജു ജോർജ്ജ്, ജോയ് മാത്യു, സുനിൽ സുഗത തുടങ്ങിയവരെല്ലാം തന്നെ തങ്ങളോട് വേഷങ്ങളോട് നീതി പുലർത്തി എന്ന് വേണം കരുതാൻ.

ടെക്‌നിക്കലി നോക്കുകയാണെങ്കിലും ഈ സിനിമ മികച്ച തന്നെയാണ്. കുറച്ചു കാലത്തിനു ശേഷമുള്ള മടങ്ങി വരവ് ആണെങ്കിൽ പോലും പുതിയ ടെക്നോളജികളോട് മുഖം തിരിക്കാതെ സിനിമ മികച്ച ഒരു അനുഭവമാക്കി മാറ്റാൻ വിനയന് കഴിഞ്ഞിട്ടുണ്ട്. പ്രകാശ് കുട്ടിയുടെ ഛായാഗ്രഹണവും, അഭിലാഷ് വിശ്വനാഥന്റെ എഡിറ്റിങ്ങും എല്ലാം ഈ സിനിമയുടെ മനോഹാരിതയിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്.

ബിജിപാലിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും ചിത്രത്തിനോട് ഏറ്റവും ചേർന്ന് നിൽക്കുന്നത് തന്നെയായിരുന്നു. പിന്നെ നമ്മുടെ മണി ചേട്ടന്റെ ജീവിതം തിരശീലയിലെത്തുമ്പോൾ അത് കാണാതിരിക്കാൻ മലയാളികൾക്ക് എങ്ങനെ കഴിയും ?!

Chalakkudikkaran Changathi movie review

Abhishek G S :