എല്ലാ സിനിമകളും പ്രദര്‍ശിപ്പിച്ചു; വിവാദത്തിന് പിന്നാലെ വിശദീകരണവുമായി ചലച്ചിത്ര അക്കാദമി

ഐഎഫ്എഫ്‌കെ പ്രദര്‍ശനത്തിനുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് പുറത്ത് വന്ന പരാതിയില്‍ വിശദീകരണവുമായി ചലച്ചിത്ര അക്കാദമി. സമര്‍പ്പിക്കപ്പെട്ട എല്ലാ സിനിമകളും സെലക്ഷന്‍ കമ്മിറ്റിക്കു മുമ്പാകെ പ്രദര്‍ശിപ്പിച്ചെന്നാണ് വിശദീകരണം. പരാതിയില്‍ വസ്തുതയുണ്ടെങ്കില്‍ പരിശോധിക്കാമെന്നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ പ്രതികരണം.

ഐഎഫ്എഫ്‌കെയില്‍ മലയാളം സിനിമാ ടുഡേ വിഭാഗത്തില്‍ പ്രദര്‍ശനത്തിന് പരിഗണിക്കാന്‍ അയച്ച സിനിമ ജൂറി കാണാതെ തിരസ്‌ക്കരിച്ചു എന്നതായിരുന്നു പരാതി. ‘എറാന്‍’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഷിജു ബാലഗോപാലാണ് പരാതിയുമായി രംഗത്തെത്തിയത്.

എന്നാല്‍ ഇത് സംബന്ധിച്ച് പിഴവുകള്‍ ഉണ്ടായിട്ടില്ലെന്നാണ് അക്കാദമിയുടെ വിശദീകരണം. സമര്‍പ്പിക്കപ്പെട്ട എല്ലാ സിനിമകളും സെലക്ഷന്‍ കമ്മിറ്റിക്കു മുമ്പാകെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പക്ഷേ ഓണ്‍ലൈന്‍ സ്‌ക്രീനര്‍ അനലറ്റിക്‌സിന്റെ അടിസ്ഥാനത്തില്‍ സിനിമയുടെ പ്രദര്‍ശനം സംബന്ധിച്ച വിവരം അറിയാന്‍ കഴിയില്ലെന്നും അക്കാദമി വിശദീകരണം നല്‍കി.

വിമിയോയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്താണ് സിനിമ കണ്ടതെന്ന് അക്കാദമി വിശദീകരണം തള്ളി നിരവധി സംവിധായകര്‍ രംഗത്തെത്തിയിട്ടുണ്ട്. സിനിമകള്‍ വിമിയോയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തതായി പോലും കാണിക്കുന്നില്ലെന്നും സ്‌ക്രീന്‍ ക്യാപ്ച്ചര്‍ ചെയ്താണോ അക്കാദമി സിനിമ കണ്ടെതെന്നും വ്യക്തമാക്കണമെന്നുമാണ് സംവിധായകര്‍ പറഞ്ഞു.

Vijayasree Vijayasree :