സെന്‍സര്‍ ബോര്‍ഡ് ചട്ടങ്ങളില്‍ നിര്‍ണായകമായ മാറ്റങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍; പൊതുജനങ്ങള്‍ക്കും അഭിപ്രായം പറയാം

രാജ്യത്ത് സിനിമകളുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടുള്ള സെന്‍സര്‍ ബോര്‍ഡ് ചട്ടങ്ങളില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സിനിമ കാണുന്ന പ്രേക്ഷകരുടെ പ്രായത്തിന് അനുസരിച്ച് സിനിമക്ക് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം.

സിനിമകളെ പ്രായപരിധി അനുസരിച്ച് കൂടുതല്‍ ഉപവിഭാഗങ്ങളാക്കി തിരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം. ഇതനുസരിച്ച് ഡഅ7+, ഡഅ13+, ഡഅ16+ എന്നിങ്ങനെയായിരിക്കും സിനിമകളുടെ സെന്‍സറിങ്. സിനിമകള്‍ വിലയിരുത്തി ഓരോ സിനിമക്കും പ്രക്ഷേകരുടെ പ്രായത്തിന് അനുസരിച്ചുള്ള സര്‍ട്ടിഫിക്കറ്റുകളായിരിക്കും നല്‍കുക.

ഏഴു വയസിന് മുകളിലുള്ളവര്‍ക്ക് കാണാനാകുന്ന സിനിമക്കാണ് യുഎ7പ്ലസ് സര്‍ട്ടിഫിക്കറ്റ് നല്‍കുക. ഇതിനുപുറമെ സിബിഎഫ്‌സി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍) ബോര്‍ഡില്‍ വനിതാ പ്രാതിനിധ്യം കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്.

സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള നടപടികളെല്ലാം ഓണ്‍ലൈനാക്കാനും പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. സിനിമാറ്റോഗ്രാഫ് സര്‍ട്ടിഫിക്കേഷന്‍ നിയമം 2024ന്റെ കരട് വാര്‍ത്താ വിതരണ മന്ത്രാലയം പ്രസിദ്ധീകരിച്ചു.

കരട് നിയമത്തില്‍ മാര്‍ച്ച് ഒന്ന് വരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള സമയവും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. നിലവില്‍ യു, എ, യുഎ, എസ് എന്നിങ്ങനെ നാലു സര്‍ട്ടിഫിക്കറ്റുകളാണ് സിനിമകള്‍ക്ക് നല്‍കുന്നത്.

Vijayasree Vijayasree :