ചിത്രാഞ്ജലി സ്റ്റുഡിയോയെ ചലച്ചിത്ര ആസ്ഥാനമാക്കും, വിപുലീകരണത്തിന് 150 കോടിയുടെ പദ്ധതി; മുഖ്യമന്ത്രി

ചിത്രാഞ്ജലി സ്റ്റുഡിയോയെ ചലച്ചിത്ര ആസ്ഥാനമാക്കാനുള്ള ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിത്രാഞ്ജലിയുടെ വിപുലീകരണത്തിന് 150 കോടിയുടെ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസ്സിന്റെ ഭാഗമായി ഇടപ്പഴഞ്ഞി ആര്‍.ഡി.ആര്‍. കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പ്രഭാതയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന്റെ വികസനം സംബന്ധിച്ച് നിരവധി നിര്‍ദേശങ്ങള്‍ നവകേരള സദസ്സുമായി ബന്ധപ്പെട്ട പ്രഭാതയോഗങ്ങളില്‍ ഉയര്‍ന്നതായി മുഖ്യമന്ത്രി പറഞ്ഞു. മയക്കുമരുന്ന് മാഫിയയുടെ സാന്നിധ്യം ഇല്ലാതാക്കാനായി വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് പ്രചാരണം നടത്തുന്നുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചുവരികയാണ്.

കായികമേഖലയില്‍നിന്ന് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് കായികപ്രവര്‍ത്തനങ്ങളില്‍ തുടര്‍ന്ന് ഏര്‍പ്പെടുന്നതിനു തടസ്സമുണ്ടെന്ന വിഷയം പരിശോധിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നടന്‍ ഇന്ദ്രന്‍സ്, പാളയം ഇമാം ഡോ. വി.പി.സുഹൈബ് മൗലവി, ഡോ. ജി.ശങ്കര്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ.നായര്‍, സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ ബോര്‍ഡ് അംഗം ശ്യാമ എസ്.പ്രഭ, സരസ്വതി വിദ്യാലയം ചെയര്‍മാന്‍ ഡോ. രാജ്‌മോഹന്‍, ബോക്‌സിങ് താരം ലേഖ, വെട്ടുകാട് പള്ളി വികാരി ഫാ. എഡിസണ്‍, സംവിധായകന്‍ ഷാജി എന്‍.കരുണ്‍, നടന്‍ സുധീര്‍ കരമന, നര്‍ത്തകി താരാ കല്യാണ്‍, മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ.ജയകുമാര്‍, കവി ഗിരീഷ് പുലിയൂര്‍, പ്രതിധ്വനി പ്രതിനിധി രാജീവ് കൃഷ്ണന്‍, സംവിധായകന്‍ രാജസേനന്‍, സംഗീതജ്ഞ ഓമനക്കുട്ടി, ദീപു രവി, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Vijayasree Vijayasree :