ബി ഉണ്ണികൃഷ്ണനെതിരെ നൽകിയ പരാതിയുടെ വിരോധം; ഫോട്ടോ ഉപയോഗിച്ച് യൂട്യൂബിലൂടെ അപമാനിച്ചു; സാന്ദ്രയുടെ പരാതിയിൽ ശാന്തിവിള ദിനേശിനെതിരെ കേസ്

നടിയും നിർമാതാവുമായ സാന്ദ്രാ തോമസിന്റെ പരാതിയിൽ സംവിധായകരായ ശാന്തിവിള ദിനേശിനും ജോസ് തോമസിനും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭരവാഹികൾക്കുമെതിരെ കേസെടുത്ത് പോലീസ്. എറണാകുളം സെൻട്രൽ പോലീസ് ആണ് കേസെടുത്തിരിക്കുന്നത്.

ഫോട്ടോ ഉപയോഗിച്ച് തന്നെ യൂട്യൂബിൽ അപമാനിച്ചു എന്നാണ് സാന്ദ്രയുടെ പരാതി. ഹേമാ കമ്മിറ്റിയ്ക്ക് മുമ്പാകെ മൊഴിനൽകിയതിനെ തുടർന്ന് ബി. ഉണ്ണിക്കൃഷ്ണൻ തന്നെ അപമാനിച്ചുവെന്ന് കാണിച്ച് നേരത്തെ സാന്ദ്രാ തോമസ് നൽകിയ പരാതിയിൽ അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു.

ഇതിന് പിന്നാലെ ബി ഉണ്ണികൃഷ്ണനെതിരെ നൽകിയ പരാതിയുടെ വിരോധം മൂലം യൂട്യൂബ് ചാനലിലൂടെ അപമാനിച്ചുവെന്നാണ് പരാതി. ലൈറ്റ്‌സ് ക്യാമറ ആക്ഷൻ എന്ന, ശാന്തിവിള ദിനേശിന്റെ യൂട്യൂബ് ചാനൽ വഴി ഫോട്ടോ ഉപയോഗിച്ച് അപമാനിച്ചെന്ന് കാട്ടിയാണ് സാന്ദ്ര രം​ഗത്തെത്തിയിരിക്കുന്നത്.

നേരത്തെ, ബി ഉണ്ണികൃഷ്ണൻ തൊഴിൽ മേഖലയിൽ നിന്നും തന്നെ മാറ്റി നിർത്തിയതായും പരാതിയിൽ പറയുന്നു. സാന്ദ്രാ തോമസിനോട് സഹകരിക്കരുതെന്ന് മറ്റുളളവരോട് ആവശ്യപ്പെട്ടു. തൊഴിൽ സ്വാതന്ത്രത്തിന് തടസം നിന്നു തുടങ്ങിയ കാര്യങ്ങളും സാന്ദ്ര തോമസിന്റെ പരാതിയിലുണ്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ, നിർമാതാക്കളുടെ സംഘടനയെ സാന്ദ്ര രൂക്ഷമായി വിമർശിച്ചിരുന്നു. സിനിമയുടെ തർക്ക പരിഹാരവുമായി ബന്ധപ്പെട്ട യോഗത്തിൽ ലൈംഗികാധിക്ഷേപം നേരിട്ടെന്ന സാന്ദ്രയുടെ പരാതിയിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.

പിന്നാലെ സംഘടനയുടെ സൽപ്പേരിന് കളങ്കം ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയിൽ നിന്ന് സാന്ദ്രയെ പുറത്താക്കി. എന്നാൽ ഇതിനെതിരെ സാന്ദ്ര തോമസ് കോടതിയെ സമീപിക്കുകയും പുറത്താക്കിയ നടപടി കോടതി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.

Vijayasree Vijayasree :