പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി പാർവതി നായർ. ഇപ്പോഴിതാ നടിയ്ക്കെതിരെ ചെന്നൈ പൊലീസ് കേസെടുത്തിരിക്കുകയാണ്. താരത്തിന്റെ വീട്ടുജോലിക്കാരനായ സുഭാഷ് ചന്ദ്രബോസിന്റെ പരാതിയിലാണ് കേസ്. നടിയും സഹായികളും ചേർന്ന് മർദ്ദിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.
2022ൽ ആയിരുന്നു സുഭാഷ് ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്. കോടതി ഇടപടലിനെ തുടർന്നാണ് നടിക്കെതിരെ ഇപ്പോൾ കേസെടുത്തിരിക്കുന്നത്. എന്നാൽ ജീവനക്കാരനെ ഉപദ്രവിച്ചിട്ടില്ലെന്നാണ് നടി പറയുന്നത്. തന്റെ വീട്ടിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടുവെന്നും ഇതേ കുറിച്ച് ചോദിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് താരം പറയുന്നത്.
നുഗംബക്കാതെ തന്റെ വീട്ടിൽ നിന്ന് 9 ലക്ഷം രൂപയും 1.5 ലക്ഷം രൂപയുടെ ഐഫോണും 2 ലക്ഷം രൂപയുടെ ലാപ്ടോപ്പും കാണാതായെന്നും, വീട്ടിൽ ജോലിക്ക് നിന്നിരുന്ന സുഭാഷ് ചന്ദ്രബോസ് എന്ന യുവാവിനെ സംശയം ഉണ്ടെന്നും ചൂണ്ടിക്കാട്ടി നടി 2022 ഒക്ടോബറിൽ ചെന്നൈ നുംഗമ്പക്കാം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പിന്നാലെ നടിയും സഹായികളും മർദിച്ചെന്ന് കാണിച്ച് സുഭാഷ് പൊലീസിൽ പരാതി നൽകി.
നടിയുടെ ചില സൗഹൃദങ്ങളെ കുറിച്ച് മനസിലാക്കിയതിന് പിന്നാലെ തന്നെ ശാ രീരികമായി ഉപദ്രവിക്കുകയും മുഖത്ത് തുപ്പുകയും ചെയ്‌തെന്നും സുഭാഷ് മാധ്യമങ്ങളോടും പറഞ്ഞു. എന്നാൽ പരാതിയിൽ നടപടി ഇല്ലെന്ന് കാണിച്ച് കഴിഞ്ഞ മാസം സുഭാഷ് സൈദാപേട്ട് കോടതിയിൽ ഹർജി നൽകിയിരുന്നു.
കോടതി നിർദേശപ്രകാരം ഇപ്പോൾ പാർവതിയ്ക്കും ഏഴ് പേർക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. നഷ്ടമായ പണം വീണ്ടെടുക്കാൻ നിയമവഴി മാത്രമേ സ്വീകരിച്ചിട്ടുള്ളൂ എന്നും സുഭാഷിനോട് മോശമായി പെരുമാറിയിട്ടില്ലെന്നും പാർവതി പ്രതികരിച്ചു. വീട്ടിൽ മോഷണം നടന്നുവെന്ന് ബോധ്യമായ ശേഷം സുഭാഷിനോട് വിവരം തിരക്കിയെങ്കിലും തൃപ്തികരമായ മറുപടി കിട്ടിയില്ല.
തുടർന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു എന്നാണ് നടി പറയുന്നത്. ഇത് സംബന്ധിച്ച് ദേശീയ വനിത കമ്മീഷന് അടക്കം പരാതി നൽകിയിട്ടുണ്ടെന്നും പാർവതി പറഞ്ഞു. അതേസമയം, വിജയുടേതായി പുറത്തെത്തിയ ഗോട്ടിൽ ആണ് പാർവതി അവസാനമായി അഭിനയിച്ചത്. ജെയിംസ് ആൻഡ് ആലിസ്, തുടങ്ങിയ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.