ലൈംഗികാതിക്രമ പരാതിയുമായി നടി; ബിജു സോപാനത്തിനും എസ്.പി ശ്രീകുമാറിനുമെതിരെ കേസ്

യുവതിയുടെ പരാതിയിൽ സീരിയൽ-സിനിമ താരങ്ങളായ ബിജു സോപാനത്തിനും എസ്.പി ശ്രീകുമാറിനുമെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തു. പ്രമുഖ നടിയുടെ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. കൊച്ചിയിലെ സീരിയൽ ചിത്രീകരണത്തിന് ഇടയിൽ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. എറണാകുളം ഇൻഫോപാർക്ക് പോലീസാണ് കേസെടുത്തത്.

ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന സിറ്റ്കോമായ ഉപ്പും മുളകും എന്ന പരിപാടിയിലൂടെയാണ് ബിജു സോപാനവും എസ്.പി ശ്രീകുമാറും കൂടുതൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. സീരിയൽ ചിത്രീകരണത്തിനിടെ ലൈം​ഗികാതിക്രമം നടന്നു എന്നാണ് പരാതിയിൽ പറയുന്നത്. ഇതിൽ ഒരാൾ ലൈം​ഗികാതിക്രമം നടത്തിയെന്നും ഒരാൾ ഭീഷണിപ്പെടുത്തിയെന്നുമാണ് പറയുന്നത്. സമീപകാലത്ത് നടന്ന സംഭവമാണെന്നാണ് ലഭ്യമാകുന്ന വിവരം. ഇൻഫോപാർക്ക് പോലീസ് രജിസ്റ്റർ ചെയ്ത കേസ് നിലവിൽ തൃക്കാക്കര പോലീസിന് കൈമാറിയിട്ടുണ്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സമിതി തന്നെ ഈ കേസും അന്വേഷിക്കുമെന്നാണ് വിവരം. ബിജു സോപാനത്തിനേയും എസ്.പി ശ്രീകുമാറിനേയും പ്രതി ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇരുവരേയും ചോദ്യം ചെയ്യാനുള്ള നടപടികളിലേക്കും നടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്ന നടപടിയിലേക്കും പ്രത്യേക അന്വേഷണ സംഘം കടക്കും.

കാവാലം നാരായണപ്പണിക്കർ ആരംഭിച്ച സോപാനം എന്ന നാടക സ്ഥാപനത്തിലൂടെയാണ് ബിജു അരങ്ങിലേക്ക് എത്തുന്നത്. പിന്നീട് മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും ശ്രദ്ധിക്കപ്പെട്ടിട്ടും സോപാനത്തെ ബിജു കൈവിട്ടില്ല.സ്വാഭാവികമായ അഭിനയ ശൈലിയാണ് ബിജുവിനെ വ്യത്യസ്തനാക്കുന്നത്. സുരാജ് വെഞ്ഞാറമൂടിന് ശേഷം സ്വാഭാവികമായ തിരുവനന്തപുരം ഭാഷയെ മിനിസ്ക്രീനിലൂടെ പ്രശസ്തമാക്കിയതിനും ബിജുവിന് പങ്കുണ്ട്.

ഉപ്പും മുളകും പരിപാടിയിലൂടെയാണ് ബിജു സോപാനം ശ്രദ്ധേയനായത്. ബിജുവിന്റെ ജീവിതത്തെ ഉപ്പും മുളകിന് മുമ്പും പിമ്പും എന്നുതന്നെ രണ്ടായി വേർതിരിക്കാം. അത്രമാത്രം ബിജു സോപാനം എന്ന നടന്റെ കരിയറിൽ സ്വാധീനം ചെലുത്തിയ കഥാപാത്രമാണ് ഉപ്പും മുളകിലെ ബാലു. ഇപ്പോൾ നിരവധി സിനിമകളിലും ബിജു സോപാനം അഭിനയിക്കുന്നുണ്ട്.

ചാനൽ ഷോകളിലൂടെയും മിനി സ്ക്രീൻ പരമ്പരകളിലൂടെയുമായിരുന്നു എസ്.പി ശ്രീകുമാറിൻറെ വരവെങ്കിലും മെമ്മറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രീകുമാറിനെ പ്രേക്ഷകർ തിരിച്ചറിഞ്ഞു. പിന്നീടങ്ങോട്ട് സൂപ്പർ സ്റ്റാറുകൾക്കൊപ്പം മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിച്ച് ബിഗ് സ്ക്രീനിലെ താരമായി. കലാഭവൻ മണിക്കുശേഷം ചിരിയിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ നടനാണ് എസ്.പി. ശ്രീകുമാർ. ഉപ്പും മുളകും സീരിയലും മറിമായം സീരിയലുമാണ് ശ്രീകുമാറിന് ആരാധകരെ നേടി കൊടുത്തത്. സിനിമ-സീരിയൽ താരം സ്നേഹ ശ്രീകുമാറാണ് ഭാര്യ.

സ്നേഹയും ശ്രീകുമാറിനെപ്പോലെ തന്നെ അഭിനയത്തിൽ സജീവമാണ്. യുട്യൂബ് ചാനലുമായും നടി സജീവമാണ്. അടുത്തിടെയായിരുന്നു ഇരുവരുടെയും അഞ്ചാം വിവാഹ വാർഷികം. 2019ലാണ് ഇരുവരും വിവാഹിതരാകുന്നത്. തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. മറിമായത്തിലുള്ളവരെല്ലാം എത്തിയിരുന്നു.

ഇപ്പോൾ താരദമ്പതികൾക്ക് ആൺകുഞ്ഞ് കൂടിയുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സ്‌നേഹ മകൻ കേദാറിനെ കുറിച്ചുള്ള വിശേഷങ്ങളും പ്രേക്ഷകർക്കായി മുടങ്ങാതെ പങ്കുവെയ്ക്കാറുണ്ട്. നടൻ എന്ന രീതിയിൽ ശ്രീകുമാർ ശ്രദ്ധിക്കപ്പെട്ട് തുടങ്ങുന്നത് ജീത്തു ജോസഫ്ൃപൃഥ്വിരാജ് കൂട്ടുക്കെട്ടിൽ പുറത്തെത്തിയ മെമ്മറീസിൽ അഭിനയിച്ചതിന് ശേഷമാണ്. ഇതിലെ വില്ലൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Vijayasree Vijayasree :