ചുരുങ്ങിയ കാലം കൊണ്ട് ലോകം മുഴുവൻ കീഴടക്കിയ സൗത്ത് കൊറിയൻ ബാൻഡ് ആണ് ബിടിഎസ്. ബിടിഎസ് ആൽബങ്ങളുടെ ബീറ്റ്‌സ് സംഗീതാസ്വാദകരല്ലാത്തവരെപ്പോലും ചുവടുവയ്പ്പിക്കും എന്നാണ് ആരാധകർ പറയുന്നത്. ഇപ്പോൾ നിർബന്ധിത സൈനിക സേവനത്തെ തുടർന്ന് ഇടവേളയിലാണ് ബാൻഡ്.
ഇപ്പോഴിതാ നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി ജെ–ഹോപ് തിരിച്ചെത്തിയിരിക്കുകയാണ്. 18 മാസം നീണ്ട നിർബന്ധിത സൈനിക സേവനമാണ് ജെ–ഹോപ് നടത്തിയത്. ബിടിഎസ് സഹതാരം ജിൻ ആണ് ജെ-ഹോപ്പിനെ സ്വീകരിക്കാനായി എത്തിയത്. സെൻട്രൽ വോൻജു നഗരത്തിലെ സൈനിക താവളത്തിന്റെ ഗേറ്റിലൂടെ ജെ-ഹോപ് പുറത്തുവന്നപ്പോൾ ജിൻ സ്വീകരിക്കുന്ന വീഡിയോ വൈറലാണ്.
ബിടിഎസിലെ മുതിർന്ന അംഗമായ ജിൻ പുറത്തെത്തിയപ്പോൾ വളരെ വലിയ സ്വീകരണമാണ് ആരാധകർ ഒരുക്കിയത്. സിയോളിൽ താരത്തിന് സ്വാഗതമൊരുക്കി സംഘടപ്പിച്ച പരിപാടിയിൽ ആയിരം ആരാധകരെയാണ് ജിൻ ആലിംഗനം ചെയ്തത്. ജിന്നിന്റെ ഈ തിരിച്ചുവരവ് ആഘോഷം ഏറെ ശ്രദ്ധ നേടിയിരുന്നു.
ദക്ഷിണകൊറിയയിൽ ആരോഗ്യവാന്മാരായ എല്ലാ പുരുഷന്മാരും 18-35 പ്രായത്തിനിടയിൽ കുറച്ചുകാലം നിർബന്ധിത സൈനിക സേവനം നടത്തേണ്ടതുണ്ട്. കുറഞ്ഞത് 18 മാസം സൈന്യത്തിൽ തുടരണം എന്നാണ് നിയമം. ലോകപ്രശസ്ത ബാൻഡ് ആയതിനാൽ ബിടിഎസ് അംഗങ്ങൾക്ക് ഇളവുണ്ടാകുമെന്നാണ് കരുതിരുതെങ്കിലും അതുണ്ടായില്ല.
ബിടിഎസ് അംഗങ്ങൾക്കു നൽകിയ രണ്ടു വർഷത്തെ പ്രത്യേക ഇളവും കഴിഞ്ഞതോടെ ബാൻഡിലെ മുതിർന്ന അംഗമായ ജിൻ 2022 ഡിസംബറിൽ ദക്ഷിണ കൊറിയൻ ബൂട്ട് ക്യാംപിൽ പ്രവേശിച്ചു. മാസങ്ങളുടെ ഇടവേളയിൽ മറ്റുള്ളവരും ക്യാംപിലെത്തുകയായിരുന്നു. എല്ലാ അംഗങ്ങളും അവരുടെ സൈനിക ചുമതലകൾ പൂർത്തിയാക്കിക്കഴിഞ്ഞാൽ 2025 ഓടെ ബാൻഡ് വീണ്ടും സജീവമാകും.
അടുത്തിടെ ഗ്രൂപ്പിന്റെ തലവനായ ആർഎം ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. നിലവിൽ ഗ്രൂപ്പ് ആൽബങ്ങൾ ചെയ്യാൻ സാധിക്കാത്തതിനാൽ സോളോ പ്രൊജെക്ടുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആദ്യ സോളോ ആൽബമായ ‘ഡിഡേ’ പുറത്തിറങ്ങിയിരുന്നു. ഒരു കെപോപ്പ് താരത്തിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സോളോ ആൽബങ്ങളിൽ ഒന്നാണ് ‘ഡിഡേ’.
ജിമിൻ ആണ് അവസാനമായി സൈന്യത്തിലേയ്ക് പോയത്. സുഗ, തോളെല്ലിനു പരുക്ക് പറ്റി കുറച്ചു നാൾ പട്ടാള ക്യാംപിൽ ചികിത്സയിലായിരുന്നു. 2025ൽ തങ്ങൾ മടങ്ങിവരുമെന്ന് ബിടിഎസ് ആരാധകർക്ക് വാക്ക് നൽകിയിരുന്നു. ബാൻഡ് രൂപീകരിച്ച് ഒമ്പതു വർഷം പൂർത്തിയായതിനു ശേഷമായിരുന്നു വേർപിരിയൽ പ്രഖ്യാപിച്ചത്. 2022 ജൂണിൽ ബിടിഎസ് നടത്തിയ വേർപിരിയൽ പ്രഖ്യാപനം ഇങ്ങ് കേരളത്തിൽ വരെ ആരാധകർക്കിടയിൽ വലിയ ആഘാതമാണ് സൃഷ്ടിച്ചത്.