ബ്രസീലിയൻ റോക്ക് ഗായകനായ അയേഴ്സ് സാസകി അന്തരിച്ചു. സ്റ്റേജിൽ പാട്ടുപാടാൻ കയറവെയാണ് അന്ത്യം സംഭവിച്ചത്. 35 വയസായിരുന്നു. ബ്രസീലിലെ സാലിനോപോളീസ് പാരയിലുള്ള സോളാർ ഹോട്ടലിൽ വച്ച് ജൂലൈ 13ന് നടന്ന പരിപാടിയ്ക്കിടെയായിരുന്നു സംഭവം.
വേദിയിലേയ്ക്ക് ഒരു ആരാധകൻ കയറിവരികയും സാസകി അദ്ദേഹത്തെ കെട്ടിപിടിക്കുകയും ചെയ്തതാേടെയാണ് വൈദ്യുതാഘാതമേറ്റത്. ആരാധകൻ നനഞ്ഞിരുന്നതാണ് വൈദ്യുതാഘാതമേൽക്കാൻ കാരണമായതെന്നാണ് വിവരം.
വേദിയിൽ നിലത്ത് കിടന്നിരുന്ന കേബിളിൽ ചവിട്ടി നിന്നുകൊണ്ട് നനഞ്ഞ ആരാധകനെ കെട്ടിപിടിച്ചതുകൊണ്ടാണ് ഷോക്കേറ്റത്. ഇവരുവരും ഷോക്കേറ്റ് നിലത്തേയ്ക്ക് തെറിച്ചവീണു. ഉടൻ തന്നെ തെറിച്ചുവീണ ഗായകനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നാണ് പോലീസ് അന്വഷിക്കുന്നത്. എന്തുകൊണ്ടാണ് ആരാധകൻ നനഞ്ഞിരുന്നതെന്നും അന്വേഷിക്കും. സാക്ഷികളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണെന്നാണ് വിവരം.
അതേസമയം, 11 മാസം മുൻപായിരുന്നു സാസകിയുടെ വിവാഹം. നീണ്ട കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു മരിയാനയുമായുള്ള അദ്ദേഹത്തിന്റെ വിവാഹം.
നിരവധി പേരാണ് സാസകിയുടെ മരണത്തിൽ അനുശോചനം അറിയിച്ച് രംഗത്തെത്തിയിരുന്നത്.
അദ്ദേഹത്തിന്റെ വേർപാടിന്റെ വേദനയിലാണ് കുടുംബമെന്നും ഈ വേളയിൽ തങ്ങൾക്കൊപ്പം നിന്ന എല്ലാവർക്കും, അനുശോചനം അറിയിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും മരിയാന സോഷ്യൽമീഡിയയിൽ കുറിച്ചിരുന്നു.