ബോംബെ ഇന്നായിരുന്നു റിലീസ് ചെയ്തതെങ്കിൽ ചിലർ തിയേറ്ററുകൾ കത്തിച്ചേനെ; ഇന്ന് അത് പോലൊരു സിനിമ ഒരുക്കാൻ പറ്റില്ല; ഛായാഗ്രാഹകൻ രാജീവ് മേനോൻ

മണിരത്നത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായിരുന്നു ബോംബെ. ചിത്രം റിലീസ് ചെയ്ത് 30 വർഷം തികഞ്ഞ വേളയിൽ സിനിമയുടെ ഛായാഗ്രാഹകനായ രാജീവ് മേനോൻ പറഞ്‍ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ‘ബോംബെ’ എന്ന സിനിമ ഇന്നായിരുന്നു റിലീസ് ചെയ്തതെങ്കിൽ ചിലർ തിയേറ്ററുകൾ കത്തിച്ചേനെ എന്നാണ് അദ്ദേഹം പറയുന്നത്.

മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ബോംബെ റിലീസ് ചെയ്ത സാഹചര്യത്തിൽ നിന്നും ഇന്ത്യയുടെ സഹിഷ്ണുത ഏറെ കുറഞ്ഞു. ഇന്ന് ആയിരുന്നുവെങ്കിൽ ബോംബെ പോലൊരു സിനിമ ഒരുക്കാനെ പറ്റില്ലായിരുന്നു. കാരണം ഇന്ത്യയിലെ ഇന്നത്തെ സ്ഥിതി വളരെ കലുഷിതമാണ്.

മതം വലിയൊരു വിഷയമാവുകയും ആളുകൾ അതിനെതിരെ കടുത്ത നിലപാടുകൾ എടുക്കുകയും ചെയ്യും. ബോംബെ ഇന്ന് റിലീസ് ചെയ്തിരുന്നെങ്കിൽ തിയേറ്ററുകൾ കത്തിച്ച് കളഞ്ഞേനേ എന്നാണ് രാജീവ് മേനോൻ പറയുന്നത്.

1992 ഡിസംബർ മുതൽ 1993 ജനുവരി വരെ നടന്ന ബോംബെ കലാപത്തിൽ പെട്ടുപോകുന്ന രണ്ട് മതത്തിൽ പെട്ട രണ്ടുപേരുടെ പ്രണയവും ദാമ്പത്യവുമാണ് ചിത്രം പറഞ്ഞത്. 1995 മാർച്ച് 10ന് പുറത്തിറങ്ങി, അരവിന്ദ് സ്വാമിയും മനീഷ കൊയ്‌രാളയും വേഷമിട്ട ബോംബെ നിരൂപക പ്രശംസയും വാണിജ്യ വിജയവും നേടിയിരുന്നു.

ഈ ചിത്രത്തിൽ നിന്ന് പിൻമാറാൻ പലരും നിർദ്ദേശിച്ചിരുന്നുവെന്ന് അടുത്തിടെ നടി മനീഷ കൊയ്‌രാള പറഞ്ഞിരുന്നു. ബോംബെയിൽ അഭിനയിക്കരുതെന്ന് അന്ന് പലരും എന്നോട് പറഞ്ഞു. കാരണം ചിത്രത്തിൽ രണ്ട് കുട്ടികളുടെ അമ്മയായിട്ടാണ് എന്റെ കഥാപാത്രം.അമ്മയായി അഭിനയിച്ചാൽ പിന്നെ ആ ഇമേജിൽ കുടുങ്ങിപ്പോകുമെന്നും നായിക വേഷങ്ങൾ ലഭിക്കില്ലെന്നും അവർ പറഞ്ഞു.

എന്നാൽ ഛായാഗ്രാഹകൻ അശോക് മേത്ത എന്നോട് ഈ ചിത്രം ചെയ്യാൻ പറഞ്ഞു. മണിരത്നത്തിനൊപ്പം ജോലി ചെയ്യാനുള്ള അവസരം ഉപയോഗിക്കാൻ പറഞ്ഞു. മണിസാറിനെ ആദ്യമായി കണ്ടപ്പോൾ തന്നെ അദ്ദേഹത്തിനൊപ്പം ജോലി ചെയ്യണമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. ചിത്രത്തിൻറെ സന്ദേശം എനിക്ക് ഇഷ്ടമായി എന്നുമാണ് നടി പറഞ്ഞിരുന്നത്.

Vijayasree Vijayasree :