മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീതകലാനിധി പുരസ്‌കാരം ടി.എം. കൃഷ്ണയ്ക്ക് നല്‍കിയതിനെ എതിര്‍ത്ത കര്‍ണാടക സംഗീതജ്ഞര്‍ക്ക് ബി.ജെ.പി.യുടെ പിന്തുണ. കൃഷ്ണയ്ക്ക് പുരസ്‌കാരം നല്‍കിയത് മ്യൂസിക് അക്കാദമിയുടെ പവിത്രത തകര്‍ക്കാനുള്ള ശ്രമമാണെന്ന് ബി.ജെ.പി. തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പറഞ്ഞു.
കര്‍ണാടക സംഗീതത്തില്‍ വെറുപ്പിനും വിഭജനത്തിനും ഇടംനല്‍കാന്‍ അനുവദിക്കില്ല. ഡിസംബറില്‍ നടക്കുന്ന മ്യൂസിക് അക്കാദമിയുടെ വാര്‍ഷിക സംഗീതോത്സവം ബഹിഷ്‌കരിക്കുമെന്നറിയിച്ച രഞ്ജിനിഗായത്രി സഹോദരിമാര്‍ക്കും മറ്റു സംഗീതജ്ഞര്‍ക്കും ബി.ജെ.പി. ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും അണ്ണാമലൈ അറിയിച്ചു.
ഒമ്പത് പതിറ്റാണ്ടിലേറെയായി കര്‍ണാടകസംഗീതത്തിന്റെയും ആത്മീയബോധത്തിന്റെയും ക്ഷേത്രമായി വര്‍ത്തിക്കുകയാണ് മ്യൂസിക് അക്കാദമി. അക്കാദമിയുടെ നിലവിലെ അധികാരികളുടെ സമീപനത്തിനെതിരേ കൂട്ടായി ശബ്ദമുയര്‍ത്തുകയും പവിത്രത നിലനിര്‍ത്താന്‍ പരിശ്രമിക്കുകയും ചെയ്യുന്നവരെ ബി.ജെ.പി പിന്തുണയ്ക്കും അണ്ണാമലൈ പറഞ്ഞു.
രഞ്ജിനിഗായത്രിമാര്‍ക്കു പിന്നാലെ തൃശ്ശൂര്‍ സഹോദരരായ ശ്രീകൃഷ്ണ മോഹന്‍ രാംകുമാര്‍ മോഹന്‍ എന്നിവരും, ഗായകന്‍ വിശാഖ ഹരിയും ഉള്‍പ്പെടെയുള്ളവര്‍ കൃഷ്ണയ്‌ക്കെതിരെ രംഗത്തെത്തി. 2017ല്‍ മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്‌കാരം ലഭിച്ച ചിത്രവീണ രവികിരണ്‍ പ്രതിഷേധ സൂചകമായി പുരസ്‌കാരം തിരികെ നല്‍കുമെന്ന് എക്‌സില്‍ അറിയിച്ചു. പുരസ്‌കാരം നല്‍കിയതിനെ ന്യായീകരിച്ച് ഉറച്ച നിലപാടാണ് മ്യൂസിക് അക്കാദമി സ്വീകരിച്ചിരിക്കുന്നത്.