56 ദിവസവും വെറ്റില ചവച്ച് വായൊക്കെ പൊട്ടി; ആ കഥാപാത്രത്തിന് സ്‌റ്റേറ്റ് അവാര്‍ഡ് കിട്ടിയെന്നത് തെറ്റിദ്ധാരണ മാത്രമാണെന്ന് ബിന്ദു പണിക്കര്‍

കോമഡി കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് ബിന്ദു പണിക്കര്‍. സോഷ്യല്‍ മീഡിയില്‍ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ‘റോഷാക്ക്’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ വമ്പന്‍ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് താരം.

ഇതിനിടെ താരത്തിന്റെ മറ്റൊരു വ്യത്യസ്ത കഥാപാത്രമായ ‘സൂത്രധാരന്‍’ സിനിമയിലെ ദേവുമ്മ എന്ന കഥാപാത്രത്തെ കുറിച്ചും ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഈ കഥാപാത്രത്തിന് ശേഷം ബിന്ദു പണിക്കര്‍ ചെയ്ത മറ്റൊരു ശക്തയായ സ്ത്രീ കഥാപാത്രമാണ് റോഷാക്കിലെ സീത. ഇപ്പോഴിതാ സൂത്രധാരന്‍ സിനിമയ്ക്കായി താന്‍ എടുത്ത ചലഞ്ചുകളെ കുറിച്ച് പറയുകയാണ് ബിന്ദു പണിക്കര്‍.

ഇങ്ങനൊരു കഥാപാത്രം വരുന്നുണ്ടെന്ന് ഹനീഫക്ക പറഞ്ഞിരുന്നു. പിന്നീട് ബ്ലെസി ചേട്ടനാണ് വിളിക്കുന്നത്. അന്ന് മകള്‍ ജനിച്ച സമയമായിരുന്നു. തടിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ കഥാപാത്രം പോകാതിരിക്കാനായി ഇല്ലെന്ന് പറഞ്ഞു. തെങ്കാശിയില്‍ ചെന്നപ്പോള്‍ പത്ത് ദിവസത്തെ താമസമുണ്ടായിരുന്നു. ഈ പത്ത് ദിവസത്തിനുള്ളില്‍ ബിന്ദു മാക്‌സിമം തടി വച്ചോളൂവെന്ന് പറഞ്ഞു.

തനിക്കതൊരു വെല്ലുവിളിയായിരുന്നു. നാടന്‍ കഥാപാത്രങ്ങളും കുശുമ്പിയായുമൊക്കെ ചെയ്തിട്ട് ഇതുപോലൊരു കഥാപാത്രം തരുമ്പോള്‍ നമ്മളെക്കൊണ്ട് പറ്റും എന്ന് തെളിയിച്ച് കൊടുക്കണമല്ലോ. ഭയങ്കര ടഫായിരുന്നു. വെറ്റിലയൊക്കെ ചവച്ച് നാവൊക്കെ പൊട്ടും. ആ സമയത്ത് കളര്‍ ഉപയോഗിച്ചാല്‍ പോരേ എന്ന് ചോദിച്ചിട്ടുണ്ട്.

പക്ഷെ സമ്മതിച്ചില്ല. 56 ദിവസമുണ്ടായിരുന്നു ഷൂട്ട്. വായയൊക്കെ പൊട്ടി. രാത്രി വന്ന് എണ്ണയൊക്കെ വായില്‍ കൊള്ളുകയായിരുന്നു. ലൊക്കേഷനില്‍ പോലും പലര്‍ക്കും മനസിലായില്ല. ആ സിനിമയില്‍ തനിക്ക് അവാര്‍ഡ് കിട്ടി എന്നത് ഒരു തെറ്റിദ്ധാരണയാണ്. സ്‌റ്റേറ്റ് അവാര്‍ഡ് കിട്ടിയിട്ടില്ല. വിക്കിപീഡിയലടക്കം അങ്ങനെയാണുള്ളത്. കിട്ടിയത് ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡായിരുന്നു. അവസാന നിമിഷം വരെ ഉണ്ടായിരുന്നുവെന്നും പക്ഷെ മേക്കപ്പിന്റെ കാരണത്താല്‍ നഷ്ടമായതാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട് എന്നുമാണ് ബിന്ദു പണിക്കര്‍ പറയുന്നത്.

Vijayasree Vijayasree :