ബിഗിൽ അഡ്വാൻസ് ബുക്കിങ്ങിനായി വിജയ് ഫാൻസിന്റെ പരക്കം പാച്ചിൽ!

വിജയ്‌യുടെ ഏറ്റവും പുതിയതായി പുറത്തിറങ്ങാൻ പോകുന്ന ബിഗിൽ ചിത്രത്തിന് ആരാധകർ വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഇതിന് തെളിവാണ് അഡ്വാൻസ് ബുക്കിങ്ങിനായി വിജയ് ഫാൻസ് നടത്തുന്ന പരക്കം പാച്ചിൽ.ചെന്നൈ ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ പല പ്രധാന സെന്ററുകളിലും ആദ്യ മൂന്ന് ദിവസത്തെ ടിക്കറ്റുകള്‍ ബുക്കിംഗ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. തിരുവനന്തപുരം അടക്കമുള്ള കേരള സെന്ററുകളിലും വലിയ പ്രതികരണമാണ് അഡ്വാന്‍സ് ബുക്കിംഗിന് ലഭിക്കുന്നത്.

ബുക്ക് മൈ ഷോ വഴിയുള്ള നിലവിലെ വിവരമനുസരിച്ച് തിരുവനന്തപുരത്തും റിലീസ് ദിനത്തില്‍ ‘ബിഗിലി’ന് 73 പ്രദര്‍ശനങ്ങളാണ് ഉള്ളത്. പുലര്‍ച്ചെ നാലിന് മാള്‍ ഓഫ് ട്രാവന്‍കൂറിലെ കാര്‍ണിവല്‍ മള്‍ട്ടിപ്ലെക്‌സിലാണ് തിരുവനന്തപുരത്തെ ആദ്യ പ്രദര്‍ശനം. പുലര്‍ച്ചെ നാലിനാണ് ഇത്. റിലീസ് ദിനം തിരുവനന്തപുരത്ത് ഏറ്റവുമധികം പ്രദര്‍ശനങ്ങള്‍ ഒരുക്കിയിരിക്കുന്നത് ഏരീസ്‌പ്ലെക്‌സ് എസ്എല്‍ സിനിമാസ് ആണ്. ബിഗിലിന് 23 പ്രദര്‍ശനങ്ങളാണ് ഏരീസില്‍ വെള്ളിയാഴ്ച.

റിലീസിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ അവശേഷിക്കുന്ന ടിക്കറ്റുകള്‍ക്കായി പല തീയേറ്ററുകള്‍ക്ക് മുന്നിലും തിക്കും തിരക്കുമുണ്ട്. ചിലയിടങ്ങളിലൊക്കെ മഴയെ അവഗണിച്ചാണ് ആരാധകര്‍ തടിച്ചുകൂടിയത്.ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ സൂപ്പര്‍താര സിനിമകളുടെ അഡ്വാന്‍സ് ബുക്കിംഗ് ഓണ്‍ലൈനിനേക്കാള്‍ നടക്കുന്നത് തീയേറ്ററുകള്‍ വഴി നേരിട്ടാണ്.

bigil movie pre release

Sruthi S :